ക്യാനഡയെ നയിക്കാൻ ഡേവിസ് തന്നെ

ഫിഫ ഫുട്ബോൾ ലോകകപ്പിനുള്ള ക്യാനഡ ടീം പ്രഖ്യാപിച്ചു. പരുക്കിൽനിന്ന് മുക്തനായിട്ടില്ലെങ്കിലും സൂപ്പർ താരം അൽഫോൺസോ ഡേവിസ് തന്നെയാണ് ടീമിന്‍റെ ക്യാപ്റ്റൻ
Canada FIFA football World Cup team

ക്യാനഡ ക്യാപ്റ്റൻ അൽഫോൺസോ ഡേവിസ്.

File

Updated on

മോൺട്രിയൽ: സൂപ്പർ താരം അൽഫോൺസോ ഡേവിസിന്‍റെ പരുക്ക് കടുത്ത ആശങ്ക ഉയർത്തുന്നുണ്ടെങ്കിലും, വരാനിരിക്കുന്ന ഫിഫ ലോകകപ്പിനുള്ള 26 അംഗ ക്യാനഡ ടീമിനെ പ്രഖ്യാപിച്ചു. ടീമിന്‍റെ നായകനും പ്രതിരോധനിരയിലെ കരുത്തനുമായ ഡേവിസിനെ ഉൾപ്പെടുത്തിയാണ് കോച്ച് ജെസ്സി മാർഷ് ടീമിനെ പ്രഖ്യാപിച്ചത്. എന്നാൽ, ജൂൺ 12-ന് നടക്കുന്ന ആദ്യ മത്സരത്തിൽ താരം കളിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.

ജർമൻ ക്ലബ്ബായ ബയേൺ മ്യൂണിക്കിന് വേണ്ടി കളിക്കുന്ന ഡേവിസിന് ചാംപ്യൻസ് ലീഗ് സെമിഫൈനലിൽ പാരിസ് സെന്‍റ് ജർമനെതിരായ മത്സരത്തിനിടയിലാണ് ഹാംസ്ട്രിങ് പരുക്ക് ഏൽക്കുന്നത്. നിലവിൽ ജർമനിയിൽ തുടരുന്ന താരം ക്യാനഡ ടീമിന്‍റെ പരിശീലന ക്യാംപിൽ ഇതുവരെ ചേർന്നിട്ടില്ല. താരം ഇപ്പോൾ മൈതാനത്ത് ഓടിത്തുടങ്ങിയിട്ടുണ്ടെന്നും ലോകകപ്പിന് മുൻപ് പൂർണ ഫിറ്റ്നസ് വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷയെന്നും കോച്ച് ജെസ്സി മാർഷ് വ്യക്തമാക്കി.

പ്രമുഖ താരങ്ങളെല്ലാം ടീമിൽ

യുവന്‍റസ് ഫോർവേഡ് ജൊനാഥൻ ഡേവിഡ്, സതാംപ്ടൺ ഫോർവേഡ് സൈൽ ലാറിൻ, വിയ്യ റയൽ മിഡ്ഫീൽഡർ താജോൺ ബുക്കാനൻ എന്നിവരുൾപ്പെടെയുള്ള പ്രമുഖ താരങ്ങളെല്ലാം ക്യാനഡയുടെ ലോകകപ്പ് ടീമിലിടം നേടിയിട്ടുണ്ട്. 9 ഡിഫെൻഡർമാരും 10 മിഡ്ഫീൽഡർമാരും 4 ഫോർവേഡുമാരും 3 ഗോൾകീപ്പർമാരുമടങ്ങുന്നതാണ് ക്യാനഡയുടെ ലോകകപ്പ് സ്ക്വാഡ്.

പരുക്കിന്‍റെ പിടിയിലായിരുന്ന ഫോർവേഡ് പ്രോമിസ് ഡേവിഡ്, ഒക്റ്റോബറിന് ശേഷം കളിക്കളത്തിൽ ഇറങ്ങിയിട്ടില്ലാത്ത ഡിഫെൻഡർ മോയിസ് ബോംബിറ്റോ, മിഡ്ഫീൽഡർ ജേക്കബ് ഷാഫൽബർഗ് എന്നിവരും ഫിറ്റ്നസ് വീണ്ടെടുത്ത് ടീമിൽ തിരിച്ചെത്തി. ആദ്യ മത്സരത്തിൽ എല്ലാവരും നൂറ് ശതമാനം ഫിറ്റ്നസിലേക്ക് എത്തില്ലെങ്കിലും ടൂർണമെന്‍റ് മുന്നോട്ട് പോകുന്നതോടെ ടീം കൂടുതൽ ശക്തമാകുമെന്ന് കോച്ച് പറഞ്ഞു.

ഗോൾകീപ്പർമാരായ മാക്സിം ക്രെപ്പോ, ഡെയ്ൻ സെന്‍റ് ക്ലെയർ എന്നിവരിൽ ആരാകും ഒന്നാം നമ്പർ കീപ്പറാവുക എന്ന കാര്യത്തിൽ വരാനിരിക്കുന്ന സൌഹൃദ മത്സരങ്ങൾക്ക് ശേഷമേ കോച്ച് തീരുമാനമെടുക്കൂ.

സ്വന്തം മണ്ണിൽ ചരിത്രം കുറിക്കാൻ

അമെരിക്കയ്ക്കും മെക്സിക്കോയ്ക്കുമൊപ്പം ഇത്തവണ ലോകകപ്പിന് സഹആതിഥേയത്വം വഹിക്കുന്ന രാജ്യമാണ് ക്യാനഡ. ലോക റാങ്കിങ്ങിൽ മുപ്പതാം സ്ഥാനത്തുള്ള ക്യാനഡ ഗ്രൂപ്പ് ബിയിലാണ്. സ്വിറ്റ്സർലൻഡ്, ഖത്തർ, ബോസ്നിയ ആൻഡ് ഹെർസഗോവിന എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും സ്വന്തം മണ്ണിലാണ് ക്യാനഡ കളിക്കുന്നത്. ജൂൺ 12-ന് ടൊറന്‍റോയിൽ ബോസ്നിയ ആൻഡ് ഹെർസഗോവിനയ്ക്കെതിരെയാണ് ക്യാനഡയുടെ ആദ്യ മത്സരം.

ഇതിന് മുൻപ് 1986-ലും 2022-ലും ക്യാനഡ ലോകകപ്പ് കളിച്ചിട്ടുണ്ടെങ്കിലും ഗ്രൂപ്പ് ഘട്ടം കടക്കാൻ കഴിഞ്ഞിട്ടില്ല. നാല് വർഷം മുൻപ് ഖത്തർ ലോകകപ്പിൽ ഗ്രൂപ്പിൽ അവസാനക്കാരായാണ് ക്യാനഡ പുറത്തായത്. അന്ന് ക്രൊയേഷ്യക്കെതിരേ അൽഫോൺസോ ഡേവിസ് നേടിയതായിരുന്നു ലോകകപ്പ് ചരിത്രത്തിൽ ക്യാനഡയുടെ ആദ്യ ഗോൾ. സ്വന്തം കാണികൾക്ക് മുന്നിൽ ഇത്തവണ ആദ്യമായി ഗ്രൂപ്പ് ഘട്ടം കടക്കുക എന്ന ലക്ഷ്യത്തോടെയാണ് കനേഡിയൻ പട ഒരുങ്ങുന്നത്. തിങ്കളാഴ്ച എഡ്മന്‍റണിൽ ഉസ്ബെക്കിസ്ഥാനുമായും ജൂൺ 5-ന് മോൺട്രിയലിൽ അയർലൻഡുമായും ക്യാനഡ സൌഹൃദ മത്സരങ്ങൾ കളിക്കും.

logo
Metro Vaartha
www.metrovaartha.com