ചന്ദ്രകാന്ത് പണ്ഡിറ്റ്: കെകെആറിന്‍റെ വാഴ്ത്തപ്പെടാത്ത ബുദ്ധികേന്ദ്രം
കെകെആർ ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കൊപ്പം ഹെഡ് കോച്ച് ചന്ദ്രകാന്ത് പണ്ഡിറ്റ്.

ചന്ദ്രകാന്ത് പണ്ഡിറ്റ്: കെകെആറിന്‍റെ വാഴ്ത്തപ്പെടാത്ത ബുദ്ധികേന്ദ്രം

ഇന്ത്യൻ കോച്ചായി ഗൗതം ഗംഭീർ വരണമെന്ന് ആഗ്രഹിക്കുന്ന പലരുടെയും തെറ്റിദ്ധാരണയാണ് അദ്ദേഹം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കോച്ച് ആണെന്നത്...

വി.കെ. സഞ്ജു

ഇന്ത്യയുടെ ട്വന്‍റി20 ലോകകപ്പ് നേട്ടത്തിലും ഏകദിന ലോകകപ്പ് നേട്ടത്തിലുമൊന്നും തന്‍റെ റോൾ വേണ്ടവിധത്തിൽ അംഗീകരിക്കപ്പെട്ടില്ലെന്ന പരാതി പലവട്ടം പരസ്യമായി പറഞ്ഞിട്ടുണ്ട് ഗൗതം ഗംഭീർ. രണ്ടു ടൂർണമെന്‍റ് ഫൈനലുകളിലും ഗംഭീറായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർ. പക്ഷേ, 2007ലെ ക്രെഡിറ്റ് അവസാന ഓവർ എറിഞ്ഞ ജോഗീന്ദർ ശർമ കൊണ്ടുപോയി; 2011ലാകട്ടെ, ഗംഭീറിന്‍റെ 97 റൺസിനെക്കാൾ മൂല്യം പലരും കൽപ്പിച്ചത് ധോണിയുടെ 91 റൺസിനായിരുന്നു. ഇത്തവണത്തെ ഐപിഎൽ സീസൺ ഗംഭീറിന്‍റെ പരിഭവങ്ങൾക്ക് ഒരു പരിധി വരെ പരിഹാരം ചെയ്തെന്നു പറയാം. സീസണിൽ ടീമിന്‍റെ മുഖം തന്നെ ഗംഭീറായിരുന്നു. ക്യാപ്റ്റൻ ശ്രേയസ് അയ്യരെയും ടീമിന്‍റെ സഹ ഉടമ ഷാറുഖ് ഖാനെയും വരെ ഓവർഷാഡോ ചെയ്ത സ്ക്രീൻ പ്രസൻസ്. കൊൽക്കത്ത ആദ്യ രണ്ടു വട്ടം ഐപിഎൽ നേടിയപ്പോഴത്തെ ക്യാപ്റ്റൻ, മൂന്നാം വട്ടം ചാംപ്യൻമാരായപ്പോൾ മെന്‍റർ റോളിലുണ്ടെന്നത് ഗംഭീറിന്‍റെ പ്രൗഢി വർധിപ്പിക്കുക തന്നെ ചെയ്തു.

കളിക്കാരുടെ കഴിവുകൾ പൂർണമായി പുറത്തുകൊണ്ടുവന്ന മാൻ മാനേജർ എന്നാണ് ഗൗതം ഗംഭീറിനെ കിരീടനേട്ടത്തിനു ശേഷം കെകെആർ താരങ്ങൾ വിശേഷിപ്പിച്ചത്. ആറു വർഷത്തോളമായി ടീമിലെ ഇന്ത്യൻ കളിക്കാരുടെ പ്രതിഭ തേച്ചുമിനുക്കിയെടുത്ത അഭിഷേക് നായർ എന്ന അസിസ്റ്റന്‍റ് കോച്ചിനു ക്രെഡിറ്റ് നൽകാൻ വരുൺ ചക്രവർത്തിയും വെങ്കടേശ് അയ്യരും മത്സരിച്ചു. എന്നാൽ, അവിടെയൊന്നും ഉയർന്നു കേൾക്കാത്ത മറ്റൊരു പേരുണ്ട്- ചന്ദ്രകാന്ത് പണ്ഡിറ്റ്, മൂന്നു വർഷമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ബുദ്ധികേന്ദ്രമായ, ഗ്ലാമർ ലോകത്തിന് അപരിചിതനായ, അവരുടെ ഹെഡ് കോച്ച്!

ഗംഭീറല്ല, പണ്ഡിറ്റാണ് കോച്ച്

ചന്ദ്രകാന്ത് പണ്ഡിറ്റ്
''അച്ഛനു സാധിക്കാത്തത് മക്കൾക്കു സാധിച്ചു'' എന്നാണ് മധ്യപ്രദേശിന്‍റെ കന്നിക്കിരീടത്തെ ചന്ദ്രകാന്ത് പണ്ഡിറ്റ് വിശേഷിപ്പിച്ചത്.

ഇന്ത്യൻ കോച്ചായി ഗൗതം ഗംഭീർ വരണമെന്ന് ആഗ്രഹിക്കുന്ന പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്, ഗംഭീർ കെകെആർ കോച്ച് ആണെന്നാണ്. എന്നാൽ, മൂന്നു സീസണുകളായി ചന്ദ്രകാന്ത് പണ്ഡിറ്റാണ് കൊൽക്കത്തയുടെ മുഖ്യ പരിശീലകൻ എന്നതാണ് വസ്തുത. കഴിഞ്ഞ രണ്ടു സീസണുകളിൽ ലഖ്നൗ സൂപ്പർ ജയന്‍റ്സിന്‍റെ മെന്‍ററായിരുന്ന ഗംഭീർ കെകെആറിന്‍റെ മാർഗദർശിയായാണ് ഈ സീസണിൽ ടീമിനൊപ്പം ചേർന്നത്.

വലിയ നേട്ടങ്ങളുണ്ടാക്കുമ്പോഴും വിസ്മരിക്കപ്പെടുന്നത് പണ്ഡിറ്റിന്‍റെ കരിയറിൽ പുതുമയല്ല. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റ് കണ്ട എക്കാലത്തെയും തന്ത്രശാലികളായ നായകൻമാരുടെയും പരിശീലകരുടെയും കൂട്ടത്തിൽ അദ്ദേഹത്തിന്‍റെ പേരുണ്ട്. മുംബൈ, വിദർഭ, മധ്യപ്രദേശ് എന്നിങ്ങനെ മൂന്നു വ്യത്യസ്ത ടീമുകളെ ആറു തവണ രഞ്ജി ട്രോഫി ചാംപ്യൻമാരാക്കിയ പരിശീലകനാണ്. ഇടക്കാലത്ത് കേരളത്തിന്‍റെയും ഹെഡ് കോച്ചായിരുന്നു.

വലിയ പെരുമയൊന്നും അവകാശപ്പെടാനില്ലാത്ത വിദർഭയും മധ്യപ്രദേശും പണ്ഡിറ്റിന്‍റെ പരിശീലത്തിനു കീഴിൽ രഞ്ജി ട്രോഫി നേടിയപ്പോൾ, ആഭ്യന്തര ക്രിക്കറ്റിലെ അതിശയമായിരുന്നു അത്. ''അച്ഛനു സാധിക്കാത്തത് മക്കൾക്കു സാധിച്ചു'' എന്നാണ് മധ്യപ്രദേശുകാരനായ പണ്ഡിറ്റ് തന്‍റെ ടീമിന്‍റെ കന്നിക്കിരീടത്തെ വിശേഷിപ്പിച്ചത്.

ഓൾഡ് സ്കൂൾ

ചന്ദ്രകാന്ത് പണ്ഡിറ്റ്
ചന്ദ്രകാന്ത് പണ്ഡിറ്റ്

വിപുലമായ കോച്ചിങ് പെഡിഗ്രി അവകാശപ്പെടാനുണ്ടായിട്ടും, 2022ൽ പണ്ഡിറ്റിനെ കൊൽക്കത്തയുടെ പരിശീലകനായി നിയമിക്കുമ്പോൾ നെറ്റിചുളിച്ചവരിൽ കെകെആർ ആരാധകരും ഏറെയായിരുന്നു. ഓൾഡ് സ്കൂൾ ക്രിക്കറ്റിന്‍റെ ആളാണെന്നും, കാർക്കശ്യം ആവശ്യത്തിൽ കൂടുതലാണെന്നുമെല്ലാമായിരുന്നു അദ്ദേഹത്തിനെതിരായ വിമർശനങ്ങൾ.

കണിശക്കാരനെന്ന പേര് തിരുത്താനൊന്നും പണ്ഡിറ്റ് മെനക്കെട്ടില്ല. കോടികൾ മൂല്യമുള്ള കെകെആർ വിദേശ താരങ്ങൾ വരെ ആ ഡിസിപ്ലിനേറിയന്‍റെ കാർക്കശ്യം അനുഭവിച്ചറിയുകയും തുറന്നു പറയുകയും ചെയ്തിട്ടുണ്ട്. ഹാർഡ് ടാസ്ക് മാസ്റ്റർ ശൈലിയിലുള്ള പണ്ഡിറ്റിന്‍റെ രീതികളെ കെകെആറിന്‍റെ മുൻ ഓൾറൗണ്ടർ ഡേവിഡ് വീസ് വിശേഷിപ്പിച്ചിട്ടുള്ളത് 'യുദ്ധസമാനം' എന്നാണ്. ഡ്രസിങ് റൂമിലും പരിശീലന സമയത്തും അദ്ദേഹത്തിനു മുന്നിൽ, മിച്ചൽ സ്റ്റാർക്കും ആന്ദ്രെ റസലും അടക്കം ലോക ക്രിക്കറ്റിലെ വമ്പൻമാർ ഹെഡ് മാസ്റ്ററുടെ മുന്നിലെ സ്കൂൾ കുട്ടികളെ പോലെ അനുസരണയുള്ളവരായി.

പക്ഷേ, ഓൾഡ് സ്കൂൾ ക്രിക്കറ്റ് മാത്രമല്ല, പോസ്റ്റ് മോഡേൺ വെടിക്കെട്ടിനു തിരികൊളുത്താനും തനിക്കറിയാമെന്ന് കൊൽക്കത്തയുടെ ഓപ്പണർമാരിലൂടെ പണ്ഡിറ്റ് നിശബ്ദനായി തെളിയിച്ചു കാണിക്കുകയും ചെയ്തു.

മോറെയ്ക്കു പിന്നിലായിപ്പോയ കീപ്പർ

ചന്ദ്രകാന്ത് പണ്ഡിറ്റ്
അരങ്ങേറ്റകാലത്തെ ചന്ദ്രകാന്ത് പണ്ഡിറ്റ്.

1980കളുടെ മധ്യത്തിൽ ഇന്ത്യ മഹാനായ വിക്കറ്റ് കീപ്പർ സയീദ് കിർമാനിയുടെ പിൻഗാമികളെ തേടുന്ന സമയത്ത് ഉയർന്നു വന്ന യുവതാരങ്ങളിൽ ഒരാളായിരുന്നു ചന്തു എന്നറിയപ്പെടുന്ന ചന്ദ്രകാന്ത് സീതാറാം പണ്ഡിറ്റ്. പക്ഷേ, സ്പെഷ്യലിസ്റ്റ് ബാറ്ററായാണ് അദ്ദേഹം ആദ്യമായി ഇന്ത്യൻ ടെസ്റ്റ് ടീമിലെത്തുന്നത്. എന്നിട്ടും കിരൺ മോറെയുടെ അഭാവത്തിൽ അപ്രതീക്ഷിതമായി വീണുകിട്ടിയ കീപ്പിങ് അവസരത്തിൽ 11 ഇരകളെ കണ്ടെത്തി. ഒറ്റ ഏകദിന പരമ്പരയിൽ ഏറ്റവും കൂടുതൽ സ്റ്റമ്പിങ് (ആറ്) നടത്തിയിട്ടുള്ള വിക്കറ്റ് കീപ്പർമാരുടെ കൂട്ടത്തിൽ രണ്ടാം സ്ഥാനത്ത് ഇപ്പോഴും പണ്ഡിറ്റിന്‍റെ പേരുണ്ട്. പക്ഷേ, 1986 മുതൽ 1992 വരെ മാത്രം നീണ്ട അന്താരാഷ്‌ട്ര കരിയറിൽ അഞ്ച് ടെസ്റ്റും 36 ഏകദിനങ്ങളും മാത്രം കളിച്ചു.

ആക്രമണോത്സുക ബാറ്റിങ് ശൈലി കാരണം ഏകദിനങ്ങൾക്ക് കൂടുതൽ ഇണങ്ങുമെന്നു കരുതപ്പെട്ടെങ്കിലും ഏറെക്കാലം തുടർന്നില്ല. 138 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ 22 സെഞ്ചുറി സഹിതം 49 റൺ ശരാശരിയിൽ 8209 റൺസെടുത്തിട്ടുണ്ട്. എന്നാൽ, കിരൺ മോറെയുടെ ആവിർഭാവത്തോടെ അപ്രസക്തരായ നിരവധി യുവ വിക്കറ്റ് കീപ്പർമാരുടെ കൂട്ടത്തിൽ പണ്ഡിറ്റ് ഒരു ഡൊമസ്റ്റിക് ജയന്‍റായി ഒതുങ്ങി.

ഗംഭീർ vs പണ്ഡിറ്റ്

ചന്ദ്രകാന്ത് പണ്ഡിറ്റ്
ചന്ദ്രകാന്ത് പണ്ഡിറ്റും ഗൗതം ഗംഭീറും.

വിക്കറ്റ് കീപ്പർ ബാറ്റർ എന്നതിലുപരി പരിശീലകൻ എന്ന നിലയിലായിരിക്കും ചന്ദ്രകാന്ത് പണ്ഡിറ്റിന്‍റെ പേര് ഇന്ത്യൻ ക്രിക്കറ്റ് ചരിത്രം അടയാളപ്പെടുത്തുക. എന്നാലും ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് ആ പേര് പരിഗണിക്കപ്പെടുമെന്നു പ്രതീക്ഷിക്കാനുമാകില്ല. ഇന്ത്യൻ ടീമിന് ആവശ്യം ഗ്രെഗ് ചാപ്പലിനെയോ അനിൽ കുംബ്ലെയെയോ പോലെയുള്ള ഹെഡ് മാസ്റ്റർമാരെയല്ല, ജോൺ റൈറ്റിനെയോ രവി ശാസ്ത്രിയെയോ പോലുള്ള മാൻ മാനെജർമാരെ മാത്രമാണ്. അതുകൊണ്ടു തന്നെ ഇന്ത്യൻ ടീമിന്‍റെ പരിശീലകസ്ഥാനത്തേക്ക‌ു പരിഗണിക്കപ്പെടുന്നവരിൽ ഗൗതം ഗംഭീറിനെക്കാൾ ഒരുപാടു പടികൾ താഴെയായിരിക്കും ചന്ദ്രകാന്ത് പണ്ഡിറ്റിന്‍റെ സ്ഥാനം.

Trending

No stories found.

Latest News

No stories found.