Chess Women worldcup, humpy- divya tie

വനിതാ ചെസ് ലോകകപ്പ് ഫൈനൽ: ദിവ്യ-ഹംപി ആദ്യ മത്സരം സമനിലയിൽ

വനിതാ ചെസ് ലോകകപ്പ് ഫൈനൽ: ദിവ്യ-ഹംപി ആദ്യ മത്സരം സമനിലയിൽ, ചാമ്പ്യനെ കാത്ത് ഇന്ത്യ

ഇതാദ്യമായാണ് ചെസ് ‌ലോകകപ്പിൽ ഓൾ ഇന്ത്യൻ ഫൈനൽ അരങ്ങേറുന്നത്.
Published on

ടിബിലിസി (ജോർജിയ): ഫിഡെ വനിതാ ചെസ് ലോകകപ്പ് ഫൈനലിൽ ഇന്ത്യക്കാരായ കൊനേരു ഹംപിയും ദിവ്യ ദേശ്മുഖും സമനിലയിൽ. ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ വിജയിക്കുന്നയാളായിരിക്കും ചാമ്പ്യൻ. അടുത്ത മത്സരവും സമനിലയിലായാൽ മത്സരം ടൈബ്രേക്കറിലേക്ക് പോകും. ആരു ജയിച്ചാലും ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ ചാംപ്യൻ പിറക്കും. ഇതാദ്യമായാണ് ചെസ് ‌ലോകകപ്പിൽ ഓൾ ഇന്ത്യൻ ഫൈനൽ അരങ്ങേറുന്നത്.

വാശിയേറിയ സെമിയിൽ ചൈനയുടെ തിങ്ജി ലെയ്‌യെ കീഴടക്കിയാണ് ഹംപി കലാശക്കളം ഉറപ്പിച്ചത്. അവസാന നാലിൽ ദിവ്യ ദേശ്മുഖ് ചൈനയുടെ മുൻ ലോക ചാംപ്യൻ ഷോങ്‌യി ടാനെ പരാജയപ്പെടുത്തി.

ഫൈനലിൽ കൊനേരു ഹംപിക്കാണ് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. വലിയ ടൂർണമെന്‍റുകൾ കളിച്ച് പരിചയമേറെയുള്ള താരമാണ് ഹംപി. റാപ്പിഡ് ചെസിലെ വനിതകളുടെ ലോക ചാംപ്യൻഷിപ്പിൽ ഹംപി കിരീടം ചൂടിയിട്ടുണ്ട്. മറുവശത്ത് ആക്രമണോത്സുക നീക്കങ്ങളാണ് ദിവ്യയുടെ മുഖമുദ്ര.

ടൂർണമെന്‍റിൽ ഡി. ഹരികയടക്കം വലിയ താരങ്ങളെ മറികടന്നതിന്‍റെ ആത്മവിശ്വാസം ദിവ്യയ്ക്കുണ്ട്. ക്ഷമയോടെ കളിച്ച് എതിരാളിയുടെ പിഴവുകൾ മുതലാക്കി വിജയത്തിലെത്തുന്നതാണ് ഹംപിയുടെ ശൈലി. സുദീർഘമായ മത്സരങ്ങൾക്ക് ഹംപി എപ്പോഴും സജ്ജയാണ്. ഒരു ദിവസത്തെ വിശ്രമശേഷം ഇരു താരങ്ങളും കരുക്കളത്തിന് മുന്നിലെത്തുന്നതും വാശിയേറിയ പോരാട്ടത്തിന് വഴിതുറക്കുന്നു.

logo
Metro Vaartha
www.metrovaartha.com