
ക്രിസ്റ്റ്യാനോ റൊണാൾഡോ ജോർജിനയക്ക് ഒപ്പം
റിയാദ്: പോർച്ചുഗൽ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വിവാഹിതനാകുന്നു. ദീർഘകാലമായുള്ള പെൺസുഹൃത്ത് ജോർജിന റോഡ്രിഗസിനെയാണ് റൊണാൾഡോ വിവാഹം കഴിക്കുക. 9 വർഷത്തിലേറെയായി ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹത്തിയതി പുറത്തു വിട്ടിട്ടില്ല. ഓഗസ്റ്റ് 11ന് റൊണാൾഡോ ജോർജിനയോട് വിവാഹാഭ്യാർഥന നടത്തിയെന്നാണ് റിപ്പോർട്ടുകൾ. റൊണാൾഡോയുടെ മൂന്നു മക്കളെ കൂടാതെ ഇരുവർക്കും രണ്ടു പെൺമക്കൾ കൂടിയുണ്ട്.. വിവാഹമോതിരത്തിന്‍റെചിത്രം ഉൾപ്പെടെയുള്ള ഫോട്ടോയിലൂടെ ജോർജിനയാണ് വിവാഹക്കാര്യം ഔദ്യോഗികമായി വെളിപ്പെടുത്തിയത്. ഈ ജന്മത്തിലേക്കും ഇനിയുള്ള എല്ലാ ജന്മത്തിലേക്കും എന്നാണ് ചിത്രത്തിനൊപ്പം ജോർജിന കുറിച്ചിരിക്കുന്നത്. ഓവൽ ആകൃതിയിലുള്ള വിവാഹമോതിരത്തിന് ചുരുങ്ങിയത് 42 കോടി രൂപ വില മതിക്കുമെന്ന് വിദഗ്ധർ പറയുന്നു.
2016ലാണ് ജോർജിനയും റൊണാൾഡോയും പരിചയപ്പെടുന്നത്. അന്ന് മാഡ്രിഡിലെ ഗുച്ചി സ്റ്റോറിലെ അസിസ്റ്റന്‍റായിരുന്നു ജോർജിന. ആദ്യ കാഴ്ചയിൽ തന്നെ പ്രണയത്തിലായെന്നാണ് ഇരുവരും ആ കൂടിക്കാഴ്ചയെ വിശേഷിപ്പിക്കുന്നത്. തുടക്കത്തിൽ ഈ പ്രണയബന്ധം അത്ര ശക്തമാകുമെന്ന് കരുതിയിരുന്നില്ലെന്ന് ഐ ആം ജോർജിന എന്ന നെറ്റ്ഫ്ലിക്സ് സീരിസിൽ റൊണാൾഡോ വെളിപ്പെടുത്തുന്നുണ്ട്. പക്ഷേ കുറച്ചു കാലം കഴിഞ്ഞപ്പോൾ അവളാണ് എന്‍റെ ജീവിതത്തിലെ സ്ത്രീ എന്ന് തിരിച്ചറിയുകയായിരുന്നുവെന്നും റൊണാൾഡോ. 2017ൽ സൂറിച്ചിലെ ഫിഫ ഫുട്ബോൾ അവാർഡിൽ പങ്കെടുക്കാനായാണ് ആദ്യമായി ഇരുവരും ഒരുമിച്ചെത്തിയത്.
അന്ന് റൊണാൾഡോയുടെ മകൻ ക്രിസ്റ്റ്യാനോ ജൂനിയറും ഒപ്പമുണ്ടായിരുന്നു. 2017 മേയിൽ പ്രണയത്തിലാണെന്ന് ഇരുവരും വെളിപ്പെടുത്തി. ജൂണിൽ റൊണാൾഡോ സറോഗസിയിലൂടെ ഇരട്ട പെൺകുട്ടികളുടെ അച്ഛനായി. തൊട്ടു പിന്നാലെ താൻ ഗർഭിണിയാണെന്ന് ജോർജിന വെളിപ്പെടുത്തി. നവംബറിൽ ഇരുവരുടെയും മൂത്ത മകൾ അലാന മാർട്ടിന പിറന്നു. പിന്നീട് മോഡൽ ഇൻഫ്ലുവൻസർ എന്നീ നിലകളിൽ ജോർജിന കരിയറിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 2021 ഒക്റ്റോബറിൽ ജോർജിന ഇരട്ടക്കുട്ടികളെ ഗർഭം ധരിച്ചു. പക്ഷേ ഗർഭത്തിലിരിക്കേ തന്നെ ഒരു കുഞ്ഞ് മരിച്ചു. ബെല്ല എസ്മെറാൾഡ എന്ന കുഞ്ഞിനാണ് അത്തവണ ജോർജിന ജന്മം നൽകിയത്.2023ൽ അൽ നസർ എഫ് സിയിലേക്ക് ചേക്കേറിയതോടെ റൊണാൾഡോയും കുടുംബവും സൗദി അറേബ്യയിലേക്ക് താമസം മാറി.