രാജസ്ഥാനെ തോൽപ്പിച്ച് ഗുജറാത്ത് ഒന്നാമത്

ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് 20 ഓവറിൽ 6 വിക്കറ്റിന് 217 റൺസെടുത്തു. രാജസ്ഥാന്‍റെ മറുപടി 58 റൺസ് അകലെ, 19.2 ഓവറിൽ 159 റൺസിൽ അവസാനിച്ചു.
Prasidh Krishna

പ്രസിദ്ധ് കൃഷ്ണ

Updated on

അഹമ്മദാബാദ്: തുടർച്ചയായ നാലാം വിജയവുമായി ഗുജറാത്ത് ടൈറ്റൻസ് ഐപിഎൽ പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. ഒരു മത്സരം മാത്രമാണ് അവർ തോറ്റത്. അതേസമയം, രാജസ്ഥാൻ റോയൽസ് അഞ്ചാമത്തെ കളിയിൽ മൂന്നാം തോൽവിയുമായി ഏഴാം സ്ഥാനത്ത് തുടരുന്നു.

ഗുജറാത്തിന്‍റെ ഹോം മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ ക്യാപ്റ്റന്‍ സഞ്ജു സാംസൺ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 217 റൺസെടുക്കാനും അവർക്കു സാധിച്ചു. മറുപടി ബാറ്റിങ്ങിൽ രാജസ്ഥാൻ 19.2 ഓവറിൽ 159 റൺസിന് ഓൾഔട്ടായി; ഗുജറാത്തിന് 58 റൺസിന്‍റെ ആധികാരിക വിജയം.

ജോഫ്ര ആർച്ചറുടെ മാരകമായ ആദ്യ സ്പെല്ലിൽ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ (2) നഷ്ടമായ ശേഷമായിരുന്നു സഹ ഓപ്പണർ സായ് സുദർശന്‍റെ മികവിൽ ഗുജറാത്തിന്‍റെ തിരിച്ചുവരവ്. 53 പന്തിൽ എട്ട് ഫോറും മൂന്നു സിക്സും സഹിതം 82 റൺസെടുത്ത സുദർശൻ പത്തൊമ്പതാം ഓവറിലാണ് പുറത്താകുന്നത്.

സുദർശന്‍ നങ്കൂരമിട്ട ഇന്നിങ്സിനു ചുറ്റും ജോസ് ബട്ലർ (36), ഷാറുഖ് ഖാൻ (36), രാഹുൽ തേവാത്തിയ (12 പന്തിൽ 24 നോട്ടൗട്ട്) എന്നിവർ ചേർന്ന് ടീമിനെ വമ്പൻ സ്കോറിലേക്കു നയിക്കുകയായിരുന്നു.

രാജസ്ഥാൻ ബാറ്റ് ചെയ്യാനിറങ്ങിയപ്പോഴാകട്ടെ, മുഹമ്മദ് സിറാജ്, അർഷദ് ഖാൻ, പ്രസിദ്ധ് കൃഷ്ണ, കുൽവന്ത് ഖെജ്രോലിയ എന്നിവരടങ്ങിയ ഗുജറാത്തിന്‍റെ പേസ് ബൗളിങ് നിര റണ്ണൊഴുക്ക് നിയന്ത്രിക്കുകയും ചെയ്തു.

യശസ്വി ജയ്സ്വാളും (6) നിതീഷ് റാണയും (1) പെട്ടെന്ന് മടങ്ങിയ ശേഷം സഞ്ജു സാംസണും (28 പന്തിൽ 41) റിയാൻ പരാഗും (14 പന്തിൽ 26) പ്രത്യാക്രമണത്തിനു ശ്രമിച്ചെങ്കിലും ഏറെയൊന്നും മുന്നോട്ടുപോകാൻ സാധിച്ചില്ല. ആറാം നമ്പറിലിറങ്ങിയ ഷിമ്രോൺ ഹെറ്റ്മെയറാണ് (32 പന്തിൽ 52) രാജസ്ഥാന്‍റെ ടോപ് സ്കോറർ.

പ്രസിദ്ധ് കൃഷ്ണ നാലോവറിൽ 24 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് പിഴുതു. സിറാജിനും അർഷദിനും ഖെജ്രോലിയക്കും ഓരോ വിക്കറ്റ്. ഫോം വീണ്ടെടുക്കുന്നതിന്‍റെ സൂചനകൾ നൽകിയ അഫ്ഗാൻ സ്പിന്നർ റഷീദ് ഖാൻ 37 റൺസ് വഴങ്ങി രണ്ട് വിക്കറ്റും നേടി. ഇടങ്കയ്യൻ സ്പിന്നർ സായ് കിഷോറിനും കിട്ടി രണ്ട് വിക്കറ്റ്. സായ് സുദർശനാണ് പ്ലെയർ ഒഫ് ദ മാച്ച്.

logo
Metro Vaartha
www.metrovaartha.com