

മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിൽനിന്ന് ബിസിസിഐ അധ്യക്ഷൻ റോജർ ബിന്നിയും എൻസിഎ മേധാവി വി.വി.എസ്. ലക്ഷ്മണും ചേർന്ന് വിവരങ്ങൾ ശേഖരിക്കും. ബംഗ്ലാദേശിനെതിരേ അവരുടെ നാട്ടിൽ നടന്ന ഏകദിന പരമ്പരയ്ക്കിടെയുണ്ടായ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.
മൂന്നാം ഏകദിനത്തിൽ അംപയറുടെ തെറ്റായ തീരുമാനത്തിൽ പ്രതിഷേധിച്ച് ഹർമൻപ്രീത് സ്റ്റമ്പ് അടിച്ചുതകർക്കുകയും, പിന്നീട് പുരസ്കാര വിതരണ സമയത്ത് അംപയറിങ്ങിലുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
ഇതെത്തുടർന്ന് അച്ചടക്ക നടപടി സ്വീകരിച്ച ഐസിസി മാച്ച് ഫീസിന്‍റെ 75 ശതമാനം പിഴ ചുമത്തി. നാല് ഡീമെറിറ്റ് പോയിന്‍റുകൾ കിട്ടിയതോടെ സസ്പെൻഷനിലായ ഹർമൻപ്രീതിന് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ക്വാർട്ടർ ഫൈനൽ മത്സരവും, അതിൽ ജയിച്ചാൽ സെമി ഫൈനലും ജയിക്കാനാവില്ലെന്ന് ഉറപ്പായിട്ടുണ്ട്.
സെപ്റ്റംബർ 19 മുതൽ 26 വരെയാണ് ഏഷ്യൻ ഗെയിംസിലെ വനിതാ ക്രിക്കറ്റ് മത്സരങ്ങൾ. ഹർമൻപ്രീതിന്‍റെ സസ്പെൻഷനെതിരേ അപ്പീൽ നൽകില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കിയിട്ടുമുണ്ട്. ബിസിസിഐയുടെ പ്രത്യേക നിർദേശ പ്രകാരമാണ് ഐസിസി നടപടിക്കു ശേഷവും ഹർമൻപ്രീതിനെ ചോദ്യം ചെയ്യാൻ പോകുന്നത്.