

ഐപിഎൽ 2026 സീസണിൽ ചാംപ്യൻമാരായ ആർസിബി താരങ്ങൾ ട്രോഫിയുമായി.
അഹമ്മദാബാദ്: വെറും മൂന്ന് സ്പെഷ്യലിസ്റ്റ് ബാറ്റർമാരുമായി ട്വന്‍റി20 ക്രിക്കറ്റ് കളിക്കാനിറങ്ങുന്ന ചൂതാട്ടം ഒടുവിൽ ഗുജറാത്ത് ടൈറ്റൻസിനു തിരിച്ചടിയായി. ഐപിഎൽ 2026 ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരേ ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ഗുജറാത്തിന് 20 ഓവറിൽ നേടാനായത് എട്ട് വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് മാത്രം. ആർസിബി അഞ്ച് വിക്കറ്റും രണ്ടോവറും ശേഷിക്കെ ലക്ഷ്യം നേടുകയും ചെയ്തു.
ഇതോടെ മുംബൈ ഇന്ത്യൻസിനും ചെന്നൈ സൂപ്പർ കിങ്സിനും ശേഷം തുടരെ രണ്ട് ഐപിഎൽ കിരീടങ്ങൾ നേടുന്ന ടീമായി ആർസിബി മാറി. പതിനെട്ടാം സീസണായ 2025ലായിരുന്നു ആർസിബിയുടെ കന്നിക്കിരീടം. 42 പന്തിൽ 75 റൺസെടുത്ത് പുറത്താകാതെ നിന്ന ഓപ്പണർ വിരാട് കോലി ഫൈനലിൽ പ്ലെയർ ഒഫ് ദ മാച്ച്. രാജസ്ഥാൻ റോയൽസിന്‍റെ കൗമാര വിസ്മയം വൈഭവ് സൂര്യവംശി പ്ലെയർ ഒഫ് ദ ടൂർണമെന്‍റായും തെരഞ്ഞെടുക്കപ്പെട്ടു.
നേരത്തെ, ടീമിലെ മൂന്ന് അംഗീകൃത ബാറ്റർമാരായ ശുഭ്മൻ ഗിൽ (12), സായ് സുദർശൻ (10), ജോസ് ബട്‌ലർ (19) എന്നിവർ പരാജയമായപ്പോൾ, ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദറിന്‍റെ പോരാട്ടവീര്യമാണ് ഗുജറാത്തിനെ പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്. 37 പന്ത് നേരിട്ട വാഷിങ്ടൺ അഞ്ച് ഫോർ ഉൾപ്പെടെ 50 റൺസെടുത്ത് പുറത്താകാതെ നിന്നു.
ഗില്ലും സുദർശനും ചെറിയ സ്കോറിൽ പുറത്തായതോടെ ഈ ഐപിഎല്ലിലെ ഏറ്റവും വലിയ റൺവേട്ടക്കാരൻ വൈഭവ് സൂര്യവംശിയാണെന്നും ഉറപ്പായി. 16 മത്സരങ്ങളിൽ 776 റൺസാണ് സൂര്യവംശി സ്വന്തമാക്കിയത്. ഗിൽ 732 റൺസും സുദർശൻ 722 റൺസും നേടി. 675 റൺസുമായി വിരാട് കോലി നാലാം സ്ഥാനത്തെത്തി. വിക്കറ്റ് വേട്ടക്കാരിൽ കാഗിസോ റബാഡയും (29) ഭുവനേശ്വർ കുമാറും (28), ജോഫ്ര ആർച്ചറും (25) ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.
ഗുജറാത്ത് ടൈറ്റൻസിനെതിരായ ഐപിഎൽ 2026 ഫൈനൽ മത്സരത്തിൽ ആർസിബി ബൗളർ രസിഖ് സലാമിന്‍റെ വിക്കറ്റ് ആഘോഷം.
മൂന്നാം ഓവറിൽ തന്നെ ഗില്ലിനെ നഷ്ടമായതോടെ നിഷാന്ത് സിന്ധുവിനെയാണ് ഗുജറാത്ത് കളത്തിലിറക്കിയത്. 20 റൺസാണ് യുവ ഓൾറൗണ്ടർക്ക് നേടാനായത്. ഇടങ്കയ്യൻ പേസർ അർഷദ് ഖാന് ആറാം നമ്പറിലേക്കും പ്രൊമോഷൻ കിട്ടി. രണ്ട് സിക്സർ പറത്തിയെങ്കിലും 15 റൺസിന്‍റെ ആയുസേ ആ പരീക്ഷണത്തിനും ഉണ്ടായിരുന്നുള്ളൂ.
മറ്റ് ഓൾറൗണ്ടർമാരായ രാഹുൽ തേവാട്ടിയ, ജേസൺ ഹോൾഡർ, റാഷിദ് ഖാൻ എന്നിവർക്ക് ഏഴ് റൺസ് വീതം കിട്ടി. 27 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ പേസ് ബൗളർ രസിഖ് സലാമാണ് ആർസിബി ബൗളർമാരിൽ മികച്ചു നിന്നത്. ഭുവനേശ്വർ കുമാറും ജോഷ് ഹേസൽവുഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ക്രുനാൽ പാണ്ഡ്യക്ക് ഒരു വിക്കറ്റ്.
ചേസ് മാസ്റ്റർ എന്ന വിശേഷണം ഒരിക്കൽക്കൂടി ഉറപ്പിച്ച വിരാട് കോലി ആർസിബിയുടെ വിന്നിങ് റൺസും പൂർത്തിയാക്കി.
മറുപടി ബാറ്റിങ്ങിൽ വെങ്കടേശ് അയ്യരും കോലിയും ചേർന്ന് ആർസിബിക്കു നൽകിയത് വെടിക്കെട്ട് തുടക്കം. കാഗിസോ റബാഡയുടെ പന്ത് കൊണ്ട് കാലിനു പരുക്കേറ്റതോടെ വെങ്കടേശിന്‍റെ ശ്രമം പരമാവധി ബൗണ്ടറികളിലൂടെ റൺസ് കണ്ടെത്താനായിരുന്നു. 16 പന്തിൽ 32 റൺസുമായി വെങ്കടേശ് മടങ്ങുമ്പോൾ സ്കോർ 4.3 ഓവറിൽ 62 റൺസ് എത്തുകയും ചെയ്തിരുന്നു.
തുടർന്ന് ദേവദത്ത് പടിക്കൽ (1), ക്യാപ്റ്റൻ രജത് പാട്ടീദാർ (15), ക്രുനാൽ പാണ്ഡ്യ (1) എന്നിവരുടെ വിക്കറ്റ് കൂടി വേഗത്തിൽ വീണെങ്കിലും, കോലി ഒരറ്റത്ത് സ്കോർ ഉയർത്തി. ടിം ഡേവിഡിന്‍റെയും (24) ജിതേഷ് ശർമയുടെയും (11 നോട്ടൗട്ട്) പിന്തുണയോടെ ചേസ് മാസ്റ്റർ അനായാസം കളി ഫിനിഷ് ചെയ്യുകയും ചെയ്തു.