സൂപ്പർ ഓവർ ത്രില്ലർ; കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് ജയം

നിശ്ചിത 20 ഓവറിൽ കോൽക്കത്ത ഉയർത്തിയ 157 റൺസ് വിജയലക്ഷ‍്യം മറികടക്കാൻ ബാറ്റേന്തിയ ലഖ്നൗവിന് 135 റൺസെ അടിച്ചെടുക്കാൻ സാധിച്ചുള്ളൂ.
kolkata knight riders vs lucknow super giants ipl match updates

മത്സരത്തിൽ നിന്ന്

Updated on

ലഖ്നൗ: ലഖ്നൗ സൂപ്പർ ജയന്‍റ്സിനെതിരായ ഐപിഎൽ മത്സരത്തിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് ജയം. നിശ്ചിത 20 ഓവറിൽ കോൽക്കത്ത ഉയർത്തിയ 157 റൺസ് വിജയലക്ഷ‍്യം മറികടക്കാൻ ബാറ്റേന്തിയ ലഖ്നൗ 156 റൺസ് അടിച്ചെടുത്തതോടെ സൂപ്പർ ഓവറിലാണ് കോൽക്കത്ത വിജയിച്ചത്.

സൂപ്പർ ഓവറിൽ ലഖ്നൗ ഉയർത്തിയ 2 റൺസ് വിജയലക്ഷ‍്യം കോൽക്കത്ത 5 പന്തുകൾ ശേഷിക്കെ വിജയിച്ചു. സൂപ്പർ ഓവർ എറിഞ്ഞ സുനിൽ നരെയ്ൻ 1 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകളാണ് പിഴുതത്. ബാറ്റിങ്ങിനിറങ്ങിയ നിക്കൊളാസ് പുരാനെയും ഏയ്ഡൻ മാർക്രമിനെയുമാണ് നരെയ്ൻ പുറത്താക്കിയത്.

കോൽക്കത്ത ഉയർത്തിയ വിജയലക്ഷ‍്യം മറികടക്കാൻ ബാറ്റേന്തിയ ലഖ്നൗവിന് വേണ്ടി ക‍്യാപ്റ്റൻ ഋഷഭ് പന്ത് 38 പന്തിൽ 42 റൺസ് നേടി ടോപ് സ്കോററായി. കഴിഞ്ഞ മത്സരങ്ങളിലൊന്നും ഫോം വീണ്ടെടുക്കാൻ കഴിയാതിരുന്ന ഋഷഭ് ഇത്തവണ ക്രീസിൽ പിടിച്ചു നിന്ന് വളരെയധികം ശ്രദ്ധയോടെയാണ് ബാറ്റ് വീശിയത്. ഏയ്ഡൻ മാർക്രം (31) മാത്രമാണ് ഋഷഭിന് പിന്തുണ നൽകി അൽപ്പ നേരം ക്രീസിൽ പിടിച്ചു നിന്നത്.

മിച്ചൽ മാർഷ് (2), നിക്കൊളാസ് പുരാൻ (9), അടക്കമുള്ള താരങ്ങൾക്ക് കാര‍്യമായ പ്രകടനം പുറത്തെടുക്കാനായില്ല. മത്സരത്തിന്‍റെ രണ്ടാം ഓവറിൽ തന്നെ കൂറ്റൻ അടിക്ക് ശ്രമിച്ച് മിച്ചൽ മാർ‌ഷാണ് ആദ‍്യം പുറത്തായത്. രണ്ടാം വിക്കറ്റിൽ മാർക്രം- പന്ത് സഖ‍്യം 50 റൺസ് കൂട്ടുകെട്ട് ഉയർത്തിയെങ്കിലും സ്കോർ 65ൽ നിൽക്കെ മാർക്രത്തെ പുറത്താക്കികൊണ്ട് കാമറൂൺ ഗ്രീൻ കൂട്ടുകെട്ട് പൊളിച്ചു. അടുത്ത് തന്നെ സുനിൽ നരെയ്ൻ പന്തിനെയും പുറത്താക്കി.

പിന്നാലെയെത്തിയ വമ്പൻ അടിക്കാരൻ മുകുൾ ചൗധരി അങ്കുൽ റോയി എറിഞ്ഞ പന്തിൽ പുറത്താവുകയും ചെയ്തതോടെ ടീം പ്രതിരോധത്തിലായി. ആയുഷ് ബധോനി ഒറ്റയാൾ പോരാട്ടം നടത്താൻ ശ്രമം നടത്തിയെങ്കിലും വരുൺ ചക്രവർത്തി എറിഞ്ഞ പന്തിൽ വമ്പൻ അടിക്ക് ശ്രമിച്ച് പുറത്തായി.

ഏഴാമനായി ക്രീസിലെത്തിയ ഹിമ്മത് സിങ് നേരിട്ട രണ്ടാം പന്തിൽ കാർത്തിക് ത‍്യാഗിയെ സിക്സർ പറത്തി വരവ് അറിയിച്ചെങ്കിലും അവസാന ഓവറിൽ കാർത്തിക് ത‍്യാഗി എറിഞ്ഞ പന്തിൽ റിങ്കു സിങ്ങിന് ക‍്യാച്ച് നൽകി മടങ്ങി. ഇതോടെ 8 വിക്കറ്റ് നഷ്ടമായി. പിന്നാലെയെത്തിയ പ്രിൻസ് യാദവ് നേരിട്ട ആദ‍്യ പന്ത് ഡോട്ട് ആക്കിയതോടെ 2 പന്തിൽ നിന്നും 7 റൺസായി ലഖ്നൗവിന് ജയിക്കാൻ വേണ്ടത്. ക്രീസിലുണ്ടായിരുന്ന മുഹമ്മദ് ഷമിയും ഒരു പന്ത് ഡോട്ട് ആക്കിയതോടെ ഒരു പന്തിൽ നിന്നും 7 റൺസായി ലഖ്നൗവിന് വിജയിക്കാൻ വേണ്ടത്. അവസാന പന്തിൽ സിക്സർ അടിച്ച് ഷമി മത്സരം സൂപ്പർ ഓവറിലെത്തിച്ചു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കോൽക്കത്ത നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 155 റൺസ് മാത്രമാണ് നേടിയത്. 51 പന്തിൽ 7 ബൗണ്ടറിയും 5 സിക്സും അടക്കം 83 റൺസ് നേടിയ റിങ്കു സിങ്ങാണ് കോൽക്കത്തയുടെ ടോപ് സ്കോറർ. റിങ്കുവിനു പുറമെ കാമറോൺ ഗ്രീൻ (21 പന്തിൽ 34 റൺസ്) മാത്രമാണ് കോൽക്കത്തയ്ക്കു വേണ്ടി തിളങ്ങിയത്. ക‍്യാപ്റ്റൻ അജിങ്ക‍്യ രഹാനെ (10) അടക്കമുള്ള താരങ്ങൾ നിരാശപ്പെടുത്തി. ലഖ്നൗവിന് വേണ്ടി അഞ്ച് വിക്കറ്റ് വീഴ്ത്തിയ മൊഹ്സിൻ ഖാനാണ് കോൽക്കത്തയെ തകർത്തത്.

മൊഹ്സിനു പുറമെ സ്പിന്നർ ജോർജ് ലിൻഡെ ഒരു വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമിയും പ്രിൻസ് യാദവും നാലോവർ വീതം പന്തെറിഞ്ഞെങ്കിലും വിക്കറ്റുകളൊന്നും നേടാനായില്ല. ആദ‍്യം ബാറ്റിങ്ങിനിറങ്ങിയ കോൽക്കത്തയ്ക്ക് തുടക്കത്തിൽ തന്നെ ബാറ്റിങ് തകർച്ചയാണ് നേരിട്ടത്.

3 റൺസിൽ നിൽക്കെ ഓപ്പണിങ് ബാറ്റർ ടിം സെയ്ഫെർട്ടിനെ മൊഹ്സിൻ പുറത്താക്കി. തൊട്ടടുത്ത് അജിങ്ക‍്യ രഹാനെയും അങ്‌കൃഷ് രഘുവംശിയും (9) പുറത്തായതോടെ ടീം പ്രതിരേധത്തിലായി. പവർപ്ലേ പൂർത്തിയായപ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 31 റൺസെന്ന നിലയിലായിരുന്നു ടീം.

വീണ്ടും തുടരെ തുടരെ വിക്കറ്റുകൾ നഷ്ടമാകാൻ തുടങ്ങിയതോടെ കോൽക്കത്ത ഒന്നു പതറിയെങ്കിലും ചെറുത്തു നിന്ന് റിങ്കു സിങ് മാന‍്യമായ സ്കോറിലേക്ക് ടീമിനെ കൈ പിടിച്ച് ഉയർത്തി. അവസാന ഓവർ എറിയാനെത്തിയ ദിഗ്വേഷ് രഥിയെ 4 സിക്സറാണ് റിങ്കു അടിച്ചെടുത്തത്. റിങ്കു സിങ്ങിനെ പിന്തുണ‍യ്ക്കാൻ മറുവശത്ത് ആരുമില്ലാതെ വന്നതോടെ 155 റൺസിൽ ഒതുങ്ങുകയായിരുന്നു കോൽക്കത്ത.

logo
Metro Vaartha
www.metrovaartha.com