
ചെന്നൈ സൂപ്പർ കിങ്സിനെതിരേ അർധ സെഞ്ചുറി തികച്ച ശേഷം കാണികളെ അഭിവാദ്യം ചെയ്യുന്ന മുംബൈ ഇന്ത്യൻസ് ഓപ്പണർ രോഹിത് ശർമ.
മുംബൈ: ഇത്തവണത്തെ ഐപിഎൽ സീസണിൽ ആദ്യമായി രോഹിത് ശർമയ്ക്ക് അർധ സെഞ്ചുറി. കൂടെ സൂര്യകുമാർ യാദവും തകർത്താടിയപ്പോൾ ചെന്നൈ സൂപ്പർ കിങ്സിനെതിരേ മുംബൈ ഇന്ത്യൻസിനെ ഒമ്പത് വിക്കറ്റ് വിജയം. ചെന്നൈ ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം വെറും 15.4 ഓവറിൽ ഒരേയൊരു വിക്കറ്റിന്‍റെ നഷ്ടത്തിൽ മറികടക്കുകയായിരുന്നു മുംബൈ.
ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ചെന്നൈയെ രചിൻ രവീന്ദ്ര (5) നിരാശപ്പെടുത്തി. എന്നാൽ, ഇരുപതുകാരൻ ഷെയ്ക്ക് റഷീദിനെ (20 പന്തിൽ 19) സാക്ഷിയാക്ക് പതിനേഴുകാരൻ ആയുഷ് മാത്രെ അരങ്ങേറ്റ മത്സരത്തിൽ അടിച്ചു തകർത്തു. 15 പന്തിൽ നാല് ഫോറും രണ്ടു സിക്സും സഹിതം 32 റൺസെടുത്ത മാത്രെ ക്രീസിലുള്ളപ്പോൾ കളി ചെന്നൈയുടെ കൈയിലായിരുന്നു.
ഏഴാം ഓവറിൽ മാത്രെയും എട്ടാം ഓവറിൽ റഷീദും പുറത്തായതോടെ റൺ റേറ്റ് ഇടിഞ്ഞു. തകർച്ച ഒഴിവാക്കുന്നതിനാണ് രവീന്ദ്ര ജഡേജയും ശിവം ദുബെയും പ്രാഥമിക പരിഗണന നൽകിയത്. എന്നാൽ, പിന്നീട് ആഞ്ഞടിച്ച ഇരുവരും സ്കോർ 142 വരെയെത്തിച്ചു. 35 പന്തിൽ 53 റൺസെടുത്ത ജഡേജ പുറത്താകാതെ നിന്നു. ദുബെ 32 പന്തിൽ 50 റൺസും നേടി.
മുംബൈക്കു വേണ്ടി ജസ്പ്രീത് ബുംറ 25 റൺസിന് രണ്ട് വിക്കറ്റ് നേടി. ദീപക് ചഹർ, അശ്വനി കുമാർ, മിച്ചൽ സാന്‍റ്നർ എന്നിവർക്ക് ഓരോ വിക്കറ്റ്.
മറുപടി ബാറ്റിങ്ങിൽ ഓപ്പണർ റിയാൻ റിക്കിൾട്ടണിന്‍റെ (19 പന്തിൽ 24) വിക്കറ്റ് മാത്രമാണ് മുംബൈക്ക് നഷ്ടമായത്. രവീന്ദ്ര ജഡേജയ്ക്കായിരുന്നു വിക്കറ്റ്. തുടർന്നൊരുമിച്ച രോഹിതും സൂര്യയും 114 റൺസിന്‍റെ അപരാജിത കൂട്ടുകെട്ടുയർത്തി.
45 പന്ത് നേരിട്ട രോഹിത് ശർമ നാല് ഫോറും ആറ് സിക്സും സഹിതം 76 റൺസെടുത്ത് പുറത്താകാതെ നിന്നു. സൂര്യ 30 പന്തിൽ ആറ് ഫോറും അഞ്ച് സിക്സും സഹിതം 68 റൺസോടെയും പുറത്താകാതെ നിന്നു.