ട്രാവിഷേക്, ക്ലാസൻ കസറി; മുംബൈയുടെ റൺമല കീഴടക്കി ഹൈദരാബാദ്

55 പന്തിൽ 123 റൺസുമായി റിയാൻ റിക്കിൾട്ടൺ, മുംബൈയുടെ സ്കോർ 243/5. എന്നാൽ, എട്ട് പന്ത് ബാക്കി നിൽക്കെ സൺറൈസേഴ്സ് ഹൈദരാബാദ് അനായാസ ജയം സ്വന്തമാക്കി
MI vs SRH IPL 2026

മുംബൈ ഇന്ത്യൻസിനെതിരേ സൺറൈസേഴ്സ് ഹൈദരാബാദിന്‍റെ ഹെൻറിച്ച് ക്ലാസന്‍റെ ബാറ്റിങ്.

Updated on

മുംബൈ: ഓപ്പണർ റിയാൻ റിക്കിൾട്ടൺ നേടിയ സെഞ്ചുറിയുടെ ബലത്തിൽ മുംബൈ ഇന്ത്യൻസ് ഐപിഎൽ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരേ കൂറ്റൻ സ്കോർ പടുത്തുയർത്തി. ടോസ് നേടി ബാറ്റ് ചെയ്ത ആതിഥേയർ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 243 റൺസാണ് നേടിയത്. എന്നാൽ, സൺറൈസേഴ്സ് ഹൈദരാബാദിന്‍റെ കരുത്തുറ്റ ബാറ്റിങ് നിരയോടു പിടിച്ചുനിൽക്കാൻ അതു മതിയായിരുന്നില്ല. എട്ട് പന്തും ആറു വിക്കറ്റും ശേഷിക്കെ എസ്ആർഎച്ച് അനായാസ ജയം സ്വന്തമാക്കി.

പുതിയ ഓപ്പണിങ് സഖ്യം പരീക്ഷിച്ച മുംബൈക്കു വേണ്ടി റിയാൻ റിക്കിൾട്ടണും വിൽ ജാക്സും ചേർന്ന് 7.1 ഓവറിൽ 93 റൺസ് കൂട്ടിച്ചേർത്തു. 22 പന്തിൽ 46 റൺസുമായി ജാക്സ് മടങ്ങിയ ശേഷവും ആക്രമണം തുടർന്ന റിക്കിൾട്ടൺ 55 പന്തിൽ 123 റൺസെ‌ടുത്ത് പുറത്താകാതെ നിന്നു. 10 ഫോറും എട്ടു സിക്സറും ഉൾപ്പെട്ട ഇന്നിങ്സ്.

എന്നാൽ, ഒരിക്കൽക്കൂടി നിരാശപ്പെടുത്തിയ ഇന്ത്യൻ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് അഞ്ച് പന്തിൽ അഞ്ച് റൺസ് മാത്രമാണു നേടാൻ സാധിച്ചത്. നമൻ ധീർ 22 റൺസെടുത്തപ്പോൾ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ15 പന്തിൽ 31 റൺസ് അടിച്ചെടുത്തു.

MI vs SRH IPL 2026

സൺറൈസേഴ്സിനെതിരേ സെഞ്ചുറി നേടിയ മുംബൈ ഇന്ത്യൻസ് ഓപ്പണർ റിയാൻ റിക്കിൾട്ടണിന്‍റെ ആഘോഷം.

എന്നാൽ, മുംബൈയെ വെല്ലുന്ന തുടക്കമാണ് ഹൈദരാബാദിനു കിട്ടിയത്. അഭിഷേക് ശർമയും (24 പന്തിൽ 45) ട്രാവിസ് ഹെഡ്ഡും (30 പന്തിൽ 76) ചേർന്ന് 8.4 ഓവറിൽ 129 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ, അഭിഷേകും ഇഷാൻ കിഷനും (0) അല്ലാ ഗസൻഫാറിന്‍റെ അടുത്തടുത്ത പന്തുകളിൽ പുറത്തായതോടെ മുംബൈക്ക് പ്രതീക്ഷ.

പക്ഷേ, തുടർന്നങ്ങോട്ട് ഹെൻറിച്ച് ക്ലാസന്‍റെ ക്ലാസ് മുഴുവൻ പ്രകടമാക്കുന്ന ഇന്നിങ്സ്. 30 പന്തിൽ 65 റൺസെടുത്ത ക്ലാസൻ പുറത്താകാതെ നിന്നപ്പോൾ, നിതീഷ് കുമാർ റെഡ്ഡിയും (17 പന്തിൽ 21) സലിൽ അറോറയും (10 പന്തിൽ 30 നോട്ടൗട്ട്) ഉറച്ച പിന്തുണയും നൽകി.

സ്റ്റാർ ബൗളർ ജസ്പ്രീത് ബുംറ നാലോവറിൽ 54 റൺസാണ് വഴങ്ങിയത്. വിക്കറ്റൊന്നും കിട്ടിയതുമില്ല.

logo
Metro Vaartha
www.metrovaartha.com