

മത്സരത്തിൽ നിന്ന്
റായ്പുർ: ഐപിഎല്ലിൽ മുംബൈ ഇന്ത‍്യൻസിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ജയം. നിശ്ചിത 20 ഓവറിൽ മുംബൈ ഉയർത്തിയ 167 റൺസ് വിജയലക്ഷ‍്യം ആർസിബി അവസാന ഓവറിലെ അവസാന പന്തിൽ മറികടന്നു.
37 പന്തിൽ 4 ബൗണ്ടറിയും 3 സിക്സും അടക്കം 58 റൺസ് അടിച്ചെടുത്ത ക്രുണാൽ പാണ്ഡ‍്യയാണ് ടീമിന്‍റെ ടോപ് സ്കോറർ. ക്രുണാലിനു പുറമെ ഓപ്പണിങ് ബാറ്റർ (ജേക്കബ് ബെഥേൽ 27 പന്തിൽ 26 റൺസ്) മാത്രമാണ് ആർസിബി ബാറ്റിങ് നിരയിൽ തിളങ്ങിയത്. ടി20 ക്രിക്കറ്റിനു വേണ്ട സ്ട്രൈക്ക് റേറ്റ് ഒന്നും ബെഥേലിൽ നിന്നും ലഭിച്ചില്ലെങ്കിലും വിക്കറ്റുകൾ നഷ്ടപ്പെട്ട് ടീം പ്രതിരോധത്തിലായപ്പോൾ പ്രതിരോധിച്ച് പിടിച്ചു നിന്നു താരം. ഇവർക്കു പുറമെ വിരാട് കോലി ഉൾപ്പടെയുള്ള മറ്റുതാരങ്ങൾ നിരാശപ്പെടുത്തി. മുംബൈയ്ക്കു വേണ്ടി കോർബിൻ ബോഷ് നാലു വിക്കറ്റ് വീഴ്ത്തിയപ്പോൾ ദീപക് ചാഹർ രണ്ടു വിക്കറ്റ് പിഴുതു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ആർസിബിക്ക് മോശം തുടക്കമാണ് ലഭിച്ചത്. 10 റൺസ് സ്കോർ ചേർക്കുന്നതിനിടെ ആദ‍്യ വിക്കറ്റ് നഷ്ടമായി. വിരാട് കോലിയാണ് ആദ‍്യം പുറത്തായത്. കഴിഞ്ഞ മത്സരത്തിൽ ഡക്കായ കോലി ഇത്തവണയും സമാന പ്രകടനം തന്നെ കാഴ്ചവച്ച് ആരാധകരെ നിരാശപ്പെടുത്തി. പിന്നാലെയെത്തിയ ദേവ്ദത്ത് പടിക്കൽ 11 പന്തുകൾ നേരിട്ട് ഒരു ബൗണ്ടറിയും ഒരു സിക്സും അടക്കം 12 റൺസ് നേടിയെങ്കിലും പുറത്തായി. 5.1 ഓവറിൽ ക‍്യാപ്റ്റൻ രജദ് പാട്ടിദാറിന്‍റെ വിക്കറ്റും നഷ്ടമായതോടെ ടീം പ്രതിരോധത്തിലായി. പവർപ്ലേ പൂർത്തിയാകുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 47 റൺസ് മാത്രമായിരുന്നു ടീമിന് അടിച്ചെടുക്കാനായത്.
നാലാം വിക്കറ്റിൽ ക്രുണാൽ പാണ്ഡ‍്യ ബെഥേൽ കൂട്ടുകെട്ടാണ് തകർച്ചയിൽ നിന്നും ടീമിനെ കരകയറ്റിയത്. 37 പന്തിൽ നിന്നും 50 റൺസ് പടുത്തുയർത്താൻ ഇരുവർക്കും കഴിഞ്ഞു. 12.1 ഓവറിൽ ബെഥേലും 15.5 ഓവറിൽ ജിതേഷ് ശർമയും, 15.6 ഓവറിൽ ടിം ഡേവിഡും പുറത്തായതോടെ മത്സരം മുംബൈയ്ക്ക് അനുകൂലമായിരുന്നു. എന്നാൽ ക്രുണാൽ ഒരു വശത്ത് നിന്ന് റൺസ് കണ്ടെത്തി ടീമിനെ മുന്നോട്ടു കൊണ്ടുപോയെങ്കിലും മത്സരം ഫിനിഷ് ചെയ്യാൻ സാധിച്ചില്ല. 17.6 ഓവറിൽ താരം പുറത്തായി. എ.എം. ഘസൻഫറിനായിരുന്നു വിക്കറ്റ്. മുംബൈയ്ക്ക് വേണ്ടി 19ാം ഓവർ എറിഞ്ഞ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ 2 റൺസ് മാത്രം വിട്ടുകൊടുത്ത് ബാറ്റർമാരെ സമ്മർദത്തിലാക്കി. അവസാന ഓവറിൽ 14 റൺസായിരുന്നു ആർസിബിക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. സൂര‍്യകുമാർ യാദവ് പന്തെറിയാൻ ഏൽപ്പിച്ചത് രാജ് ഭാവയെയായിരുന്നു.
ആദ‍്യ പന്ത് തന്നെ വൈഡിൽ തുടങ്ങി. അടുത്ത പന്ത് നോബോളും തൊട്ടടുത്ത പന്ത് റൊമാരിയോ ഷെപ്പേഡ് സിംഗിളെടുത്തു. അടുത്ത പന്ത് വൈഡ് എറിഞ്ഞെങ്കിലും ബാറ്റർമാർ റൺസിന് ഓടിയതോടെ വീണ്ടും റൊമാരിയോ സ്ട്രൈക്കിൽ വന്നു.
19.2 പന്തിൽ ഡോട്ട് ബോളും അടുത്ത പന്തിൽ വിക്കറ്റും നഷ്ടമായതോടെ മത്സരം മുംബൈയ്ക്കൊപ്പമായി. എന്നാൽ 19.4 പന്തിൽ വൈഡ് എറിയുകയും അടുത്ത പന്ത് ഭുവനേശ്വർ സിക്സർ പറത്തുകയും ചെയ്തതോടെ ആർസിബി മത്സരം തിരിച്ചുപിടിച്ചു. അവസാന പന്തിൽ 2 റൺസ് നേടി ആർസിബി കളി വിജയിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് 7 വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് മാത്രമാണ് ആർസിബിക്കെതിരേ അടിച്ചെടുക്കാൻ സാധിച്ചത്. മത്സരത്തിന്‍റെ തുടക്കം തന്നെ മുംബൈയ്ക്ക് തിരിച്ചടി നേരിട്ടിരുന്നു.
തന്‍റെ ആദ‍്യ ഓവറിൽ റയാൻ റിക്കിൾടണെയും (2) മൂന്നാം ഓവറിൽ രോഹിത് ശർമയെയും ക‍്യാപ്റ്റൻ സൂര‍്യകുമാർ യാദവിനെയും പുറത്താക്കികൊണ്ട് ഭുവി മുംബൈ ബാറ്റിങ് നിരയുടെ നടുവൊടിച്ചു. ക‍്യാപ്റ്റൻ സൂര‍്യകുമാർ യാദവിന്‍റെ (0) മോശം ഫോം പതിവ് പോലെ തുടർന്നു. ഭുവനേശ്വർ എറിഞ്ഞ ഔട്ട് സ്വിങ് ഡെലിവറിയിൽ ഔട്ട്സൈഡ് എഡ്ജ് തട്ടി വിരാട് കോലിക്ക് ക‍്യാച്ച് നൽകിയായിരുന്നു താരത്തിന്‍റെ മടക്കം. നാലാം വിക്കറ്റിൽ നമാൻ ധിർ- തിലക് വർമ സഖ‍്യം ചേർത്ത 50 റൺസ് കൂട്ടുകെട്ടാണ് കൂട്ടത്തകർച്ചയിൽ നിന്നും ടീമിനെ രക്ഷിച്ചത്. 38 പന്തിൽ നിന്നുമാണ് ഇരുവരും 50 റൺസ് കൂട്ടുകെട്ടുണ്ടാക്കിയത്. 37 പന്തിൽ അർധസെഞ്ചുറി തികച്ച തിലക് വർമ 57 റൺസെടുത്ത് പുറത്തായപ്പോൾ നമാൻ ധിർ 32 പന്തിൽ 47 റൺസെടുത്ത് മടങ്ങി. രോഹിത് ശർമ 10 പന്തിൽ 22 റൺസ് അടിച്ചെടുത്ത് പുറത്തായി. വിൽ ജാക്സിന് (10) തിളങ്ങാനായില്ല. രാജ് ഭാവ 14 പന്തിൽ 16 റൺസ് നേടിയപ്പോൾ കോർബിൻ ബോഷ് 5 റൺസും ദീപക് ചാഹർ ഒരു റൺസും നേടി പുറത്താവാതെ നിന്നു. ഭുവനേശ്വർ നാലു വിക്കറ്റ് വീഴ്ത്തിയപ്പോൾ ജോഷ് ഹേസൽവുഡ് രണ്ടും റസിഖ് സലാം, റൊമാരിയോ ഷെപ്പേഡ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.