

ഐപിഎൽ 2026 രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെതിരേ സെഞ്ചുറി നേടിയ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ.
ന്യൂ ചണ്ഡിഗഡ്: അടിച്ചു തകർക്കാൻ മാത്രമല്ല, ഉത്തരവാദിത്വത്തോടെ ബാറ്റ് വീശാനും തനിക്കറിയാമെന്നു തെളിയിച്ച വൈഭവ് സൂര്യവംശി രാജസ്ഥാൻ റോയൽസിനെ വൻ തകർച്ചയിൽ നിന്നു കരകയറ്റി. പക്ഷേ, ക്യാപ്റ്റന്‍ ശുഭ്മൻ ഗില്ലിന്‍റെ സെഞ്ചുറി ഗുജറാത്ത് ടൈറ്റൻസിനെ ഐപിഎൽ ഫൈനലിലെത്തിച്ചു.
ഒരിക്കൽക്കൂടി തലനാരിഴയ്ക്ക് സെഞ്ചുറി നഷ്ടമായെങ്കിലും, ഗുജറാത്ത് ടൈറ്റൻസിനെതിരേ 47 പന്തിൽ 96 റൺസെടുത്ത ഇന്നിങ്സിന് സെഞ്ചുറിയെക്കാൾ തിളക്കമുണ്ടായിരുന്നു. എട്ട് ഫോറും ഏഴ് സിക്സും ഉൾപ്പെട്ട ഇന്നിങ്സ്. രണ്ടാം ക്വാളിഫയർ മത്സരത്തിന്‍റെ ആദ്യ ഓവറിൽ ഓപ്പണർ യശസ്വി ജയ്സ്വാളിനെയും (1) രണ്ടാം ഓവറിൽ ധ്രുവ് ജുറലിനെയും (7) നഷ്ടപ്പെട്ട് പതറുകയായിരുന്ന രാജസ്ഥാനെ കരകയറ്റാൻ വൈഭവിന് തുണയായത് വെറ്ററൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. നാലാം നമ്പറിൽ ബാറ്റ് ചെയ്യാനിറങ്ങിയ ജഡേജ 35 പന്തിൽ 45 റൺസെടുത്ത് പുറത്താകാതെ നിന്നു.
നേരത്തെ, ടോസ് നേടിയ രാജസ്ഥാൻ ക്യാപ്റ്റൻ റിയാൻ പരാഗ് ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 214 റൺസാണ് രാജസ്ഥാൻ നേടിയത്. ഗുജറാത്ത് 18.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 219 റൺസിലെത്തി. ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവാണ് ഗുജറാത്തിന്‍റെ എതിരാളികൾ.
രാജസ്ഥാൻ നിരയിൽ പരാഗും (11) ദാസുൻ ശനകയും (3) ജോഫ്ര ആർച്ചറും (7) നിരാശപ്പെടുത്തിയപ്പോൾ, എട്ടാം നമ്പറിൽ കളിച്ച ഡൊണോവൻ ഫെരേര മാത്രമാണ് വൈഭവിനെയും ജഡേജയെയും കൂടാതെ രണ്ടക്ക സ്കോർ കണ്ടെത്തിയത്. അവസാന ഓവറുകളിൽ രാജസ്ഥാൻ ഇന്നിങ്സിനു ഗതിവേഗം പകർന്ന ഫെരേര വെറും 11 പന്തിൽ നാല് സിക്സും രണ്ട് ഫോറും ഉൾപ്പെടെ 38 റൺസെടുത്ത് പുറത്താകാതെ നിന്നു.
നാലോവറിൽ 27 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ജേസൺ ഹോൾഡറാണ് ഗുജറാത്ത് ബൗളർമാരിൽ തിളങ്ങിയത്. കാഗിസോ റബാഡ 35 റൺസിന് രണ്ട് വിക്കറ്റ് നേടി. മുഹമ്മദ് സിറാജിനും പ്രസിദ്ധ് കൃഷ്ണയ്ക്കും ഓരോ വിക്കറ്റ്. രാജസ്ഥാനെ വട്ടം കറക്കുമെന്നു പ്രവചിക്കപ്പെട്ട റാഷിദ് ഖാന്‍റെ രണ്ടോവറിൽ 45 റൺസ് പിറന്നു. ഇതിൽ 27 റൺസും അവസാന ഓവറിലായിരുന്നു.
ആദ്യ ക്വാളിഫയറിൽ സമ്പൂർണ പരാജയമായ കുൽവന്ത് ഖെജ്‌രോലിയക്കു പകരം ഇടങ്കയ്യൻ സ്പിന്നർ സായ് കിഷോറിനെയാണ് ഗുജറാത്ത് ടീമിൽ ഉൾപ്പെടുത്തിയത്. എന്നാൽ, സായ് കിഷോറിന് ഒരോവർ പോലും എറിയാൻ കിട്ടിയതുമില്ല.
ഐപിഎൽ 2026 രണ്ടാം ക്വാളിഫയർ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരേ ബാറ്റ് ചെയ്യാനിറങ്ങുന്ന രാജസ്ഥാൻ റോയൽസ് ഓപ്പണർ വൈഭവ് സൂര്യവംശി.
മറുപടി ബാറ്റിങ്ങിൽ ഗില്ലും സായ് സുദർശനും ചേർന്ന് ഗുജറാത്തിന് ഒരിക്കൽക്കൂടി ഗംഭീര തുടക്കം നൽകി. 12.5 ഓവറിൽ സുദർശൻ (32 പന്തിൽ 58) പുറത്താകുമ്പോൾ ഗുജറാത്ത് 167 റൺസിലെത്തിക്കഴിഞ്ഞിരുന്നു. തുടരെ രണ്ടാം മത്സരത്തിലും ഹിറ്റ് വിക്കറ്റായാണ് സുദർശൻ പുറത്തായത്.
പതിനഞ്ചാം ഓവറിലെ അവസാന പന്തിൽ പുറത്താകും മുൻപ് ഗിൽ 53 പന്തിൽ 104 റൺസ് സ്വന്തമാക്കിയിരുന്നു. 15 ഫോറും മൂന്ന് സിക്സും ഉൾപ്പെട്ട ക്ലാസിക് ഇന്നിങ്സ്. ഓപ്പണർമാർക്കു ശേഷം വാഷിങ്ടൺ സുന്ദർ (9 പന്തിൽ 16) കൂടി പുറത്തായെങ്കിലും ജോസ് ബട്ലറും (9) രാഹുൽ തെവാത്തിയയും (17) ചേർന്ന് കൂടുതൽ നഷ്ടമില്ലാതെ ഗുജറാത്തിനെ ഫൈനലിലേക്കു നയിച്ചു.