

ഗുജറാത്ത് ജയന്‍റ്സിനിതെരായ ഐപിഎൽ മത്സരത്തിൽ ശുഭ്മൻ ഗില്ലിന്‍റെ ക്യാച്ച് നഷ്ടപ്പെടുത്തുന്ന രാജസ്ഥാൻ റോയൽസ് താരം വൈഭവ് സൂര്യവംശി.
AI generated summary, newsroom reviewed
ജയ്പുർ: സഞ്ജു സാംസണു പിന്നാലെ കൗമാര പ്രതിഭ വൈഭവ് സൂര്യവംശിയെയും പരസ്യമായി കടന്നാക്രമിച്ച് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജ്രേക്കർ. ഫീൽഡിൽ വൈഭവ് ഒരു ബാധ്യതയാണെന്നാണ് മഞ്ജ്രേക്കറുടെ പുതിയ കണ്ടുപിടിത്തം. സഞ്ജു സാംസണ് ശാരീരികക്ഷമ ഇല്ലെന്ന ആരോപണത്തിനു പിന്നാലെ എയറിൽ കയറിയ മഞ്ജ്രേക്കർ അവിടെ നിന്ന് ഇറങ്ങും മുൻപാണ് പുതിയ വിവാദ പരാമർശവുമായി റോക്കറ്റിൽ കയറിയിരിക്കുന്നത്.
15 വയസ് മാത്രം പ്രായമുള്ള സൂര്യവംശി രാജസ്ഥാൻ റോയൽസിനു വേണ്ടി 11 മത്സരങ്ങളിൽ 440 റൺസ് നേടിക്കഴിഞ്ഞു. ഐപിഎൽ സീസണിലെ സിക്സറുകളുടെ എണ്ണത്തിൽ മുന്നിൽ. ഓറഞ്ച് ക്യാപ്പിനുള്ള മത്സരത്തിലും സജീവം. എന്നാൽ, സൂര്യവംശിയെ രാജസ്ഥാൻ പ്രധാനമായും ഇംപാക്റ്റ് പ്ലെയറായാണ് ഉപയോഗിക്കുന്നതെന്ന് മഞ്ജ്രേക്കർ ചൂണ്ടിക്കാട്ടുന്നു. ഫീൽഡിങ്ങിൽ മോശമായതാണത്രെ ഇതിനു കാരണം. ഈ രീതിയിൽ യുവതാരത്തെ ഉപയോഗിക്കുന്നതിൽ ഫ്രാഞ്ചൈസിയെയും മഞ്ജ്രേക്കർ കുറ്റപ്പെടുത്തുന്നു. വൈഭവിന്‍റെ സമഗ്ര വികസനത്തിന് ഇതു വിഘാതമാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
ഐപിഎല്ലിൽ നിലവിലുള്ള ഇംപാക്റ്റ് പ്ലെയർ നിയമം തന്നെ പുനപ്പരിശോധിക്കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. വൈഭവിലെ ക്രിക്കറ്ററുടെ ഒരു വശം മാത്രമാണ് നമ്മൾ കാണാൻ ആഗ്രഹിക്കുന്നതെന്നാണോ? നന്നായി ബാറ്റ് ചെയ്യുന്ന ആൾ നന്നായി ഫീൽഡ് ചെയ്യുകയും വേണം. ക്രിക്കറ്റിൽ ബാറ്റിങ്ങും ബൗളിങ്ങും പോലെ സുപ്രധാന ഘടകമാണ് ഫീൽഡിങ്ങും- അദ്ദേഹം വിശദീകരിക്കുന്നു.
മുൻപൊക്കെ സമഗ്ര മികവിനെ അടിസ്ഥാനമാക്കിയാണ് ക്രിക്കറ്റർമാരെ വിലയിരുത്തിയിരുന്നത്. ഇൻസമാം ഉൽ ഹക്കിനെ പോലുള്ള താരങ്ങൾ ബാറ്റിങ്ങിനെ പേരിൽ മാത്രമല്ല, ഫീൽഡിങ്ങിന്‍റെ പേരിലും ബഹുമാനം പിടിച്ചുപറ്റിയിരുന്നു. എന്നാൽ, ഇപ്പോഴത്തെ അവസ്ഥയിൽ, കുറച്ച് പന്ത് നേരിടുക, ഹിറ്റിങ് മികവ് പ്രകടിപ്പിക്കുക, അപ്രത്യക്ഷരാകുക, അത്രയേ ഉള്ളൂ. ഫീൽഡിങ്ങിലെ സമ്മർദ സാഹചര്യം കൂടി യുവതാരങ്ങൾ അനുഭവിച്ചറിയേണ്ടിരിക്കുന്നു എന്നും മഞ്ജ്രേക്കർ.
അന്താരാഷ്ട്ര ക്രിക്കറ്റിൽ സമ്പൂർണ ക്രിക്കറ്റർമാരെയാണ് ആവശ്യം. അവരുടെ ഒരു മികവ് മാത്രം പുറത്തുവന്നാൽ പോരാ. ഇംപാക്റ്റ് പ്ലെയറായി ഉപയോഗിക്കുന്നതു വഴി രാജസ്ഥാൻ റോയൽസ് സൂര്യവംശിയുടെ വളർച്ച മുരടിപ്പിക്കുകയാണെന്നും മഞ്ജ്രേക്കർ ആരോപിക്കുന്നു.