

സഞ്ജു സാംസൺ | സഞ്ജയ് മഞ്ജ്രേക്കർ
മുംബൈ: വിരാട് കോലിയെപ്പോലെ ഫിറ്റ്നസ് സംരക്ഷിക്കാൻ സഞ്ജു സാംസൺ ശ്രമിക്കണമെന്ന് മുൻ ഇന്ത്യൻ താരവും കമന്‍റേറ്ററുമായ സഞ്ജയ് മഞ്ജ്‌രേക്കർ. ഡൽഹി ക്യാപ്പിറ്റൽസിനെതിരായ മാച്ച് വിന്നിങ് ഇന്നിങ്സിനു പിന്നാലെയാണ് പരാമർശം.
സഞ്ജുവിനോട് മുംബൈ ലോബിക്കുള്ള വിരോധമാണ് ഇതിൽ തെളിയുന്നതെന്ന് ആരാധകർ. രവീന്ദ്ര ജഡേജ അടക്കം പല ഇന്ത്യൻ താരങ്ങൾക്കുമെതിരായ പരാമർശങ്ങളിലൂടെ മുൻപും വിവാദം ക്ഷണിച്ചു വരുത്തിയിട്ടുള്ള ആളാണ് മഞ്ജ്‌രേക്കർ.
രാജസ്ഥാൻ റോയൽസിൽ നിന്ന് 18 കോടി രൂപയുടെ കൈമാറ്റ കരാറിലൂടെ ചെന്നൈ സൂപ്പർ കിങ്സിലെത്തിയ സഞ്ജു ആദ്യ മൂന്നു മത്സരങ്ങളിൽ നിറം മങ്ങിയിരുന്നു. എന്നാൽ, അതിനു ശേഷം രണ്ടു സെഞ്ചുറികളും ഒരു അർധ സെഞ്ചുറിയും അടക്കം നാല് നിർണായക ഇന്നിങ്സ് കളിച്ചു. പത്ത് മത്സരങ്ങൾ പിന്നിടുമ്പോൾ, ഈ നാല് മത്സരങ്ങൾ അടക്കം ആകെ അഞ്ച് കളി മാത്രമാണ് ചെന്നൈ ജയിച്ചിട്ടുള്ളത്.
പത്ത് മത്സരങ്ങളിൽ 57.42 എന്ന ബാറ്റിങ് ശരാശരിയിൽ 402 റൺസും സഞ്ജു നേടിക്കഴിഞ്ഞു. എന്നാൽ, മികച്ച ബാറ്റിങ് ഫോമിൽ തുടരാൻ ഫിറ്റ്നസ് ലെവൽ ഇങ്ങനെ പോരെന്നാണ് മഞ്ജ്‌രേക്കറുടെ ഉപദേശം.
''ശാരീരികമായ മികച്ച അവസ്ഥലിയല്ല സഞ്ജു. അവന് പ്രായം 25 അല്ല. കോലിയെപ്പോലെ സുദീർഘമായ കരിയർ വേണമെങ്കിൽ അദ്ദേഹത്തെപ്പോലെ ഫിറ്റ്നസിൽ കൂടുതൽ ശ്രദ്ധിക്കണം. സഞ്ജുവിന് കഴിവുണ്ട്. പക്ഷേ, ശരീരവും അതിനൊത്ത് സംരക്ഷിക്കണം. അതു മാത്രമാണ് നിങ്ങളുടെ നിയന്ത്രണത്തിലുള്ളത്'', മഞ്ജ്‌രേക്കർ വിശദീകരിച്ചു.