

ആർസിബിക്കെതിരേ അർധ സെഞ്ചുറി നേടിയ എസ്ആർഎച്ച് ബാറ്റർമാർ ഇഷാൻ കിഷനും അഭിഷേക് ശർമയും.
ഹൈദരാബാദ്: വന്നവരും നിന്നവരുമെല്ലാം ഗ്യാലറിയിൽ പന്തെത്തിക്കാൻ മത്സരിച്ചപ്പോൾ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരേ സൺറൈസേഴ്സ് ഹൈദരാബാദ് 20 ഓവറിൽ അടിച്ചുകൂട്ടിയത് നാല് വിക്കറ്റ് നഷ്ടത്തിൽ 255 റൺസ്. ആർസിബിയുടെ മറുപടി 200/4 വരെയേ എത്തിയുള്ളൂ. പക്ഷേ, ഐപിഎൽ പോയിന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനം ഉറപ്പിക്കാൻ 166 റൺസും ഒന്നാം സ്ഥാനം ഉറപ്പിക്കാൻ 178 റൺസും മാത്രമാണ് അവർക്കു വേണ്ടിയിരുന്നത്. അങ്ങനെ 55 റൺസിനു ജയിച്ചിട്ടും എസ്ആർഎച്ച് മൂന്നാമതായി. ഗുജറാത്ത് ടൈറ്റൻസാണ് രണ്ടാം സ്ഥാനത്ത്.
മൂന്നു ടീമുകൾക്കും 14 മത്സരങ്ങളിൽ ഒമ്പത് വീതം വിജയം. മൂവർക്കും 18 പോയിന്‍റ് വീതമായതിനാൽ നെറ്റ് റൺ റേറ്റിന്‍റെ അടിസ്ഥാനത്തിൽ സ്ഥാനങ്ങൾ നിശ്ചയിക്കപ്പെട്ടു. ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ള ടീമുകൾ ഏറ്റുമുട്ടി, അതിലെ ജേതാക്കൾ നേരിട്ട് ഫൈനലിലെത്തും. തോൽക്കുന്നവർ മൂന്നും നാലും സ്ഥാനക്കാർ തമ്മിലുള്ള മത്സരത്തിലെ വിജയിയെ നേരിടും. അതിൽ ജയിക്കുന്നവർ ഫൈനലിലെത്തുന്ന രണ്ടാമത്തെ ടീമാകും.
നേരത്തെ, ടോസ് നേടിയ സൺറൈസേഴ്സ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. 16 പന്തിൽ 26 റൺസുമായി ട്രാവിസ് ഹെഡ് പുറത്താകുമ്പോൾ നാലോവറിൽ ടീം സ്കോർ 45 എത്തിയിരുന്നു.
അഭിഷേക് ശർമക്കൊപ്പം ഇഷാൻ കിഷൻ ചേർന്നതോടെ വീണ്ടും റണ്ണൊഴുകി. 22 പന്തിൽ 56 റൺസെടുത്ത അഭിഷേക് പുറത്തായപ്പോൾ ആശ്വസിച്ച ആർസിബി ആരാധകർക്കു മേൽ വെള്ളിടി പോലെ ഹെൻറിച്ച് ക്ലാസൻ ആഞ്ഞടിച്ചു. 24 പന്തിൽ 51 റൺസുമായി ദക്ഷിണാഫ്രിക്കൻ റൺ മെഷീൻ ഫുൾ ഫ്ളോയിൽ.
ക്ലാസൻ വീണിട്ടും സൺറൈസേഴ്സ് അടങ്ങിയില്ല. ആദ്യ പന്തിൽ സിക്സറുമായി തുടങ്ങിയ നിതീഷ് കുമാർ റെഡ്ഡി 12 പന്തിൽ 29 റൺസെടുത്ത് പുറത്താകാതെ നിന്നു. ഇന്നിങ്സിലെ അവസാന പന്തിൽ കിഷൻ പുറത്താകുമ്പോൾ 46 പന്തിൽ 79 റൺസും നേടിയിരുന്നു.
ടൂർണമെന്‍റിൽ ഉടനീളം മികച്ച പ്രകടനം പുറത്തെടുത്ത ഭുവനേശ്വർ കുമാർ ഇത്തവണ നാലോവറിൽ 51 റൺസാണ് വിട്ടുകൊടുത്തത്. വിക്കറ്റൊന്നും കിട്ടിയതുമില്ല. രസിക് സലാം രണ്ട് വിക്കറ്റ് നേടിയെങ്കിലും 52 റൺസ് വഴങ്ങി. സുയാഷ് ശർമക്കും കൃണാൽ പാണ്ഡ്യക്കും ഓരോ വിക്കറ്റ്.
മറുപടി ബാറ്റിങ്ങിൽ വിരാട് കോലിക്കൊപ്പം ഓപ്പണിങ്ങിനിറങ്ങിയത് വെങ്കടേശ് അയ്യർ. സീസണിൽ ആദ്യമായി ന്യൂബോൾ നേരിടുന്ന വെങ്കടേശ് പാറ്റ് കമ്മിൻസിന്‍റെ ആദ്യ പന്ത് മുതൽ ആക്രമണോത്സുക പ്രകടിപ്പിച്ചു. 19 പന്തിൽ 44 റൺസും നേടി. മറുവശത്ത് കോലി 11 പന്തിൽ 15 റൺസാണെടുത്തത്.
14 പന്തിൽ 21 റൺസെടുത്ത ദേവദത്ത് പടിക്കൽ കൂടി മടങ്ങിയതോടെ രജത് പാട്ടീദാറും കൃണാൽ പാണ്ഡ്യയും ചേർന്ന് ടോപ് ടൂ സ്ഥാനങ്ങളിലൊന്ന് ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബാറ്റ് ചെയ്തു. പാട്ടീദാർ 39 പന്തിൽ 56 റൺസെടുത്ത് പുറത്തായി. പാണ്ഡ്യയും (31 പന്തിൽ 41) ടിം ഡേവിഡും (7 പന്തിൽ 15) പുറത്താകാതെ നിന്നു.