അടിക്ക് തിരിച്ചടി; 220 റൺസ് 18.5 ഓവറിൽ മറികടന്ന് പഞ്ചാബ്

നിശ്ചിത 20 ഓവറിൽ സൺറൈസേഴ്സ് ഉയർത്തിയ 220 റൺസ് കൂറ്റൻ വിജയലക്ഷ‍്യം പഞ്ചാബ് 18.5 ഓവറിൽ 6 വിക്കറ്റ് ശേഷിക്കെ മറികടന്നു
sunrisers hyderabad vs punjab kings ipl match updates

അടിക്ക് തിരിച്ചടി; 220 റൺസ് 18.5 ഓവറിൽ മറികടന്ന് പഞ്ചാബ്

Updated on

ചണ്ഡീഗഢ്: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ പഞ്ചാബ് കിങ്സിന് ജയം. നിശ്ചിത 20 ഓവറിൽ സൺറൈസേഴ്സ് ഉയർത്തിയ 220 റൺസ് കൂറ്റൻ വിജയലക്ഷ‍്യം പഞ്ചാബ് 18.5 ഓവറിൽ 6 വിക്കറ്റ് ശേഷിക്കെ മറികടന്നു. 33 പന്തിൽ 5 സിക്സും 5 ബൗണ്ടറിയും പറത്തി മികച്ച പ്രകടനം പുറത്തെടുത്ത് പുറത്താവാതെ നിന്ന ക‍്യാപ്റ്റൻ ശ്രേയസ് അയ്യരാണ് (69) ടീമിന്‍റെ ടോപ് സ്കോറർ.

ശ്രേയസിന് പുറമെ ഓപ്പണിങ് ബാറ്റർമാരായ പ്രിയാംശ് ആര‍്യ (57), പ്രഭ്സിമ്രാൻ സിങ് (51) എന്നിവർ അർധസെഞ്ചുറി നേടി. നേഹാൽ വധീര 14 റൺസ് നേടി മടങ്ങിയപ്പോൾ ശശാങ്ക് സിങ് 9 പന്തിൽ 16 റൺസടിച്ച് പുറത്താവാതെ നിന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്. പ്രഭ്സിമ്രാൻ ആണ് ആദ‍്യം ആക്രമണോത്സുക പുറത്തെടുത്ത് അടി തുടങ്ങിയതെങ്കിലും പിന്നീട് പ്രിയാംശ് ആര‍്യയും സൺറൈസേഴ്സ് ബൗളർമാരെ നിലംപരിശാക്കി.

16 പന്തിൽ നിന്നുമാണ് പ്രിയാംശ് അർധസെഞ്ചുറി തികച്ചത്. പവർപ്ലേ പൂർത്തിയാവുമ്പോൾ തന്നെ വിക്കറ്റ് നഷ്ടമില്ലാതെ 93 റൺസുണ്ടായിരുന്നു ടീമിന്. ഒന്നാം വിക്കറ്റിൽ 99 റൺസിന്‍റെ മികച്ച കൂട്ടുകെട്ടുണ്ടാക്കാൻ ഇരുവർക്കും സാധിച്ചു. ശിവാങ്ക് കുമാറാണ് വിക്കറ്റെടുത്ത് കൂട്ടുകെട്ട് പൊളിച്ചത്. ആദ‍്യം പ്രിയാംശ് ആര‍്യയും പിന്നാലെ പ്രഭ്സിമ്രാനും പുറത്തായി.

മൂന്നാമനായെത്തിയ കൂപ്പർ കൊണോലിക്ക് (11) കാര‍്യമായ പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞില്ല. നാലാം വിക്കറ്റിൽ ശ്രേയസിനൊപ്പം ചേർന്ന് നേഹാൽ വധീര 50 റൺസ് കൂട്ടുകെട്ടുണ്ടാക്കിയത് സ്കോർ ഉയർത്താൻ സഹായിച്ചു. ഇതോടെ 16.4 ഓവറിൽ ടീം 200 കടന്നു. വധീരയെ ഹർഷ് ദുബെ ബൗൾഡാക്കിയെങ്കിലും ശശാങ്ക് സിങ് ശ്രേയസുമൊത്ത് മത്സരം ഫിനിഷ് ചെയ്തു.

നേരത്തെ ആദ‍്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 219 റൺസ് അടിച്ചെടുത്തു. 28 പന്തിൽ നിന്നും 8 സിക്സും 5 ബൗണ്ടറിയും അടക്കം 74 റൺസ് അടിച്ചെടുത്ത് വെടിക്കെട്ട് പ്രകടനം കാഴ്ചവച്ച യുവതാരം അഭിഷേക് ശർമയാണ് ടീമിന്‍റെ ടോപ് സ്കോറർ.

അഭിഷേകിനു പുറമെ ഓപ്പണിങ് ബാറ്റർ ട്രാവിസ് ഹെഡ് 23 പന്തിൽ 38 റൺസും ക‍്യാപ്റ്റൻ ഇഷാൻ കിഷാൻ 17 പന്തിൽ 27 റൺസും നേടി പുറത്തായി. വമ്പൻ അടിക്കാരൻ ഹെൻറിക് ക്ലാസൻ 33 പന്തുകൾ നേരിട്ട് 39 റൺസ് അടിച്ചെടുത്തു. തുടക്കത്തിലെ തന്നെ ആക്രമണോത്സുക പുറത്തെടുത്ത് പഞ്ചാബ് ബൗളർമാരെ അഭിഷേക് പൊതിരേ തല്ലി.

പഞ്ചാബ് കിങ്സിനു വേണ്ടി പന്തെറിഞ്ഞവരിൽ‌ ശശാങ്ക് സിങ്ങിന് മാത്രമാണ് പത്തിൽ താഴെ ബൗളിങ് എക്കണോമിയുള്ളത്. 4 ഓവർ പന്തെറിഞ്ഞ അർഷ്ദീപ് സിങ് വിട്ടുകൊടുത്തത് 50 റൺസാണ്. സേവ‍്യർ ബാർട്‌ലെറ്റ് 4 ഓവറിൽ 42 റൺസും മാർക്കോ യാൻസൻ 4 ഓവറിൽ 40 റൺസും വിട്ടുകൊടുത്തു.

പവർപ്ലേ പൂർത്തിയായപ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 105 റൺസുണ്ടായിരുന്നു ടീമിന്. ട്രാവിസ് ഹെഡിനെ മറുവശത്ത് കാഴ്ചക്കാരനാക്കി നിർത്തി അഭിഷേകാണ് അടി തുടങ്ങിയത്. 36 പന്തിൽ നിന്നുമാണ് ഇരുവരും 100 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തിയത്.

8.1 ഓവറിൽ ശശാങ്ക് സിങ്ങാണ് ഹെഡിനെ പുറത്താക്കി കൂട്ടുകെട്ട് തകർത്തത്. ഉടനെ തന്നെ അഭിഷേക് ശർമയും പുറത്തായതോടെ 2 വിക്കറ്റ് നഷ്ടത്തിൽ 122 റൺസെന്ന നിലയിലായി ടീം. പിന്നീട് ഇഷാൻ കിഷനും ക്ലാസനും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തതോടെ സ്കോർ ഉയർന്നു. ഇതോടെയാണ് ടീം 219 റൺസിലെത്തിയത്. ഇതിനിടെ അനികേത് വർമ (9 പന്തിൽ 18) റണ്ണൗട്ടായി.

logo
Metro Vaartha
www.metrovaartha.com