
കെ.എൽ. രാഹുൽ
ന‍്യൂഡൽഹി: അടുത്തിടെ നടന്ന ഇംഗ്ലണ്ട് പര‍്യടനത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത‍്യൻ ടീമിന് അഭിനന്ദനം അറിയിച്ച് ഐപിഎൽ ടീമായ ലഖ്നൗ സൂപ്പർ ജയന്‍റ്സ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിനെതിരേ രൂക്ഷ വിമർശനം.
എൽഎസ്ജിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ നിന്നും ഇന്ത‍്യൻ താരം കെ.എൽ. രാഹുലിന്‍റെ ചിത്രം ഒഴിവാക്കിയതാണ് വിമർശനങ്ങൾക്ക് കാരണം. ഇംഗ്ലണ്ടിൽ മികച്ച പ്രകടനം നടത്തിയ താരങ്ങളുടെ ചിത്രങ്ങൾ അടങ്ങുന്നതായിരുന്നു എൽഎസ്ജിയുടെ പോസ്റ്റ്.
എൽഎസ്ജി പങ്കുവച്ച പോസ്റ്റിൽ ശുഭ്മൻ ഗിൽ, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ, ഋഷഭ് പന്ത്, ആകാശ് ദീപ്, എന്നിവരുടെ ചിത്രങ്ങളുണ്ടെങ്കിലും രാഹുലിന്‍റെ ചിത്രമില്ല. ഇതിനെതിരേ വിമർശനവുമായി മുൻ ഇന്ത‍്യൻ ക്രിക്കറ്റ് താരം ദൊഡ്ഡ ഗണേഷ് അടക്കമുള്ളവർ രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം രണ്ട് സെഞ്ചുറികൾ ഉൾപ്പെടെ 532 റൺസായിരുന്നു രാഹുൽ ഇംഗ്ലണ്ട് പരമ്പരയിൽ അടിച്ചു കൂട്ടിയത്. എൽഎസ്ജി ടീം ഉടമ സഞ്ജീവ് ഗോയങ്കയുമായുണ്ടായ അഭിപ്രായ വ‍്യത‍്യാസത്തെ തുടർന്നായിരുന്നു കെ.എൽ. രാഹുൽ എൽഎസ്ജി ടീം വിട്ടത്. ഇക്കഴിഞ്ഞ സീസണിൽ രാഹുൽ ഡൽഹി ക‍്യാപ്പിറ്റൽസിനു വേണ്ടിയായിരുന്നു കളിച്ചത്.