

എം.എസ്. ധോണി
File photo
AI generated summary, newsroom reviewed
ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും ഫെയ്സ്ബുക്കിലും ഓരോ പോസ്റ്റിനും ഉടൻ അഭിപ്രായം വരുന്ന കാലമാണിത്. ജോലിയെക്കുറിച്ചും രൂപത്തെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചുമുള്ള അഭിപ്രായങ്ങൾക്കു നടുവിൽ ജീവിക്കുന്ന പുതുതലമുറയോട് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ്. ധോണിക്കു പറയാനുള്ളത് ഇതാണ്: ആളുകൾ എന്തു പറയുന്നു എന്ന കാര്യത്തിൽ കെയർലെസ് ആകണം, എന്നാൽ സ്വന്തം പെരുമാറ്റത്തിലും ഉത്തരവാദിത്വത്തിലും ഗൗരവം വിടുകയും ചെയ്യരുത്.
ചൽചിത്ര ടോക്സ് സംഘടിപ്പിച്ച പരിപാടിയിലെ സംഭാഷണത്തിലാണു ധോണി പുതു തലമുറയ്ക്ക് ഈ ഉപദേശം നൽകിയത്. താൻ ക്രിക്കറ്റ് കളിച്ചുതുടങ്ങിയ കാലവും ഇപ്പോൾ യുവാക്കൾ വളരുന്ന അന്തരീക്ഷവും തമ്മിലുള്ള വ്യത്യാസവും അദ്ദേഹം താരതമ്യം ചെയ്തു.
''ഞാൻ ക്രിക്കറ്റ് കളിച്ചുതുടങ്ങിയപ്പോൾ സോഷ്യൽ മീഡിയ ഇത്രയും ഇല്ലായിരുന്നു. വാർത്താ ചാനലുകളും 24 മണിക്കൂർ ചാനലുകളും ഇത്രയും ഉണ്ടായിരുന്നില്ല,'' ധോണി പറഞ്ഞു. ഇന്നത്തെ ലോകത്ത് ''അൽപ്പം കെയർലെസ് ആകേണ്ടതു പ്രധാനമാണ്; എല്ലാവരും എന്നെക്കുറിച്ച് എന്തു പറയുന്നു എന്നതിൽ കെയർലെസ് ആവണം''- അദ്ദേഹം പറഞ്ഞു.
എത്ര ശ്രമിച്ചാലും നമ്മുടെ തീരുമാനങ്ങളോട് മറ്റുള്ളവർക്കെല്ലാം യോജിപ്പുണ്ടാകില്ലെന്നും ചൂണ്ടിക്കാട്ടി. ''നൂറു പേരെ സന്തോഷിപ്പിക്കണമെന്നുണ്ടെങ്കിൽ ,75 പേർ സന്തോഷിച്ചാൽ അതുതന്നെ വലിയ കാര്യമാണ്. 25 പേർ അപ്പോഴും എതിരായിരിക്കും,'' അദ്ദേഹം പറഞ്ഞു.
എല്ലാവരുടെയും ധാരണ മാറ്റാൻ ശ്രമിക്കുന്നത് അനാവശ്യമായി സമയവും ഊർജവും നഷ്ടപ്പെടുത്തലാണെന്നും ധോണി. ''ശരിയായി പ്രവർത്തിക്കുക, ശരിയായ കാര്യം ചെയ്യുക. അതനുസരിച്ച് ജനങ്ങൾ അവരുടെ ധാരണ രൂപപ്പെടുത്തും,'' ധോണി പറഞ്ഞു.
സോഷ്യൽ മീഡിയയിലെ അഭിപ്രായങ്ങൾക്കു നേരിട്ടുള്ള പെരുമാറ്റത്തിനും ഉത്തരവാദിത്വങ്ങൾക്കുമുള്ള പ്രാധാന്യം താൻ നൽകാറില്ലെന്നും ധോണി പറഞ്ഞു. ''എനിക്ക് ഇൻസ്റ്റഗ്രാമും ട്വിറ്ററും ഫെയ്സ്ബുക്കും യഥാർഥ ലോകമല്ല. അതെനിക്കുള്ളതല്ല.''
വിമർശനത്തിനു തുടർച്ചയായി മറുപടി നൽകിയാലും ആളുകളുടെ ധാരണ മാറണമെന്നില്ലെന്നും, ഒരാൾ ഒരേ കാര്യം തുടർന്നാൽ വിമർശകരും ഒരേ കമന്‍റ് തുടരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓരോ കമന്‍റും നോക്കി ''ഇത് എനിക്കു തിരുത്തണം'' എന്നു ചിന്തിച്ചിരുന്നാൽ സമയവും ഊർജവും പാഴാകുമെന്നും അദ്ദേഹം പറഞ്ഞു.
'കെയർലെസ്' എന്ന വാക്കിനു സാധാരണ നിഷേധാർഥമാണെന്നും ധോണി സമ്മതിച്ചു. മാതാപിതാക്കളും അധ്യാപകരും സഹോദരങ്ങളും കുട്ടിക്കാലത്തു പറഞ്ഞു തരുന്നത് 'കെയർലെസ് ആകരുത്' എന്നാണ്. എന്നാൽ, നിരന്തരം വിവരങ്ങളും അഭിപ്രായങ്ങളും ചുറ്റുമെത്തുന്ന ഇന്നത്തെ ലോകത്ത് ആ വാക്കിനെ മറ്റൊരു രീതിയിൽ കാണേണ്ടതുണ്ടെന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം.
പൊതുജനാഭിപ്രായത്തിൽ അശ്രദ്ധരാകുന്നതും സ്വന്തം ഉത്തരവാദിത്വത്തിൽ അശ്രദ്ധരാകുന്നതും തമ്മിൽ വ്യത്യാസമുണ്ടെന്നാണു ധോണിയുടെ സന്ദേശം. ഓൺലൈൻ കമന്‍റുകളും വിമർശനങ്ങളും പുറത്തുനിന്നുള്ള അഭിപ്രായങ്ങളും തന്‍റെ തീരുമാനങ്ങളെ നിയന്ത്രിക്കാൻ അനുവദിക്കരുതെന്ന് അദ്ദേഹം പറയുന്നു.