

1996ലെ ലോകകപ്പിനിടെ ശ്രീലങ്കൻ ഓപ്പണർ സനത് ജയസൂര്യയുടെ ബാറ്റിങ് കണ്ടവരൊക്കെ ഞെട്ടിയിട്ടുണ്ട്. അതുവരെ കാണാത്ത ടെംപ്ലേറ്റിൽ തകർത്തടിക്കുകയായിരുന്നു സനത് അന്ന്. ആ ബാറ്റിൽ സ്പ്രിങ് വച്ചിട്ടുണ്ടെന്ന കഥ പ്രചരിക്കാൻ പിന്നെ അധികം താമസമുണ്ടായില്ല. ഇന്ന് ഈ ട്വന്‍റി20 വെടിക്കെട്ടുകളുടെ കാലത്ത് അതു കേൾക്കുമ്പോൾ തമാശ തോന്നാമെങ്കിലും, അത്തരം കഥകളുടെ ഹാങ്ങോവറിൽ ജീവിക്കുന്നവർ ഇപ്പോഴുണ്ട്. അങ്ങനെയാണ് ഇപ്പോൾ പുതിയൊരു കഥ വന്നിരിക്കുന്നത്.
ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യൻ ബൗളർമാർക്ക് എറിയാൻ മറ്റു ടീമുകൾക്കു കൊടുക്കുന്നതിൽ നിന്നു വ്യത്യസ്തമായ പന്താണ് നൽകുന്നതെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത് ഒരു മുൻ പാക്കിസ്ഥാൻ ക്രിക്കറ്ററാണ്. കൗമാര പ്രായത്തിൽ പാക്കിസ്ഥാന്‍റെ ഓപ്പണറായെത്തുകയും പിന്നീട് ശോഭിക്കാനാവാതെ മങ്ങിപ്പോകുകയും ചെയ്ത ഹസൻ റാസയാണ് ടിവി ചർച്ചയിൽ ആരോപണം ഉന്നയിച്ചിരിക്കുന്നത്, വളരെ സീരിയസായി തന്നെ!
അലൻ ഡോണൾഡിനെയും മഖായ എൻടിനിയെയും പോലെയാണ് മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും പന്തെറിയുന്നത്. അതിന് ഐസിസി, അല്ലെങ്കിൽ ബിസിസിഐ സഹായം ചെയ്തു കൊടുക്കുന്നുണ്ട്. അതുമല്ലെങ്കിൽ തേജ് അംപയർ അവരെ സഹായിക്കുന്നുണ്ട്- ഹസൻ റാസ തട്ടിവിട്ടു.