പാരീസ് മാസ്റ്റേഴ്സ്: കടന്നുകൂടി ദ്യോക്കോവിച്ച്

പുരുഷ വിഭാഗത്തിൽ റെക്കോർഡായ 24 ഗ്രാൻഡ് സ്ലാം കിരീടങ്ങളുടെ ഉടമയായ ദ്യോക്കോവിച്ച് തന്‍റെ 103-ാം കരിയർ കിരീടമാണ് ലക്ഷ്യമിടുന്നത്
Djokovic escapes scare in Paris Masters Tennis

നൊവാക് ജോക്കോവിച്ച് മത്സരശേഷം.

Updated on: 

പാരിസ്: ഏഴു തവണ ചാംപ്യനായ നൊവാക് ദ്യോക്കോവിച്ച്, വമ്പൻ സെർവുകളുമായി എത്തിയ വാലന്‍റിൻ വാച്ചറോയെ 6-7 (5), 7-5, 6-1 എന്ന സ്കോറിന് തോൽപ്പിച്ച് പാരിസ് മാസ്റ്റേഴ്സിന്‍റെ ഒന്നാം റൗണ്ട് കടന്നു. രണ്ടാം സെറ്റിന്‍റെ അവസാനഘട്ടത്തിൽ തോൽവിയുടെ വക്കിലെത്തിയ ശേഷമായിരുന്നു ജയം.

പുരുഷ വിഭാഗത്തിൽ റെക്കോർഡായ 24 ഗ്രാൻഡ് സ്ലാം കിരീടങ്ങളുടെ ഉടമയായ ദ്യോക്കോവിച്ച് തന്‍റെ 103-ാം കരിയർ കിരീടമാണ് ലക്ഷ്യമിടുന്നത്. അത് സാധ്യമായാൽ രണ്ടാം സ്ഥാനത്ത് റോജർ ഫെഡററുടെ ഒപ്പമെത്തും. ഓപ്പൺ കാലഘട്ടത്തിൽ 109 കിരീടങ്ങളുമായി ജിമ്മി കോണേഴ്സാണ് മുന്നിൽ.

രണ്ടാം സെറ്റിൽ 4-4 എന്ന നിലയിൽ സെർവ് ചെയ്യുമ്പോൾ മൂന്ന് ബ്രേക്ക് പോയിന്‍റുകൾ രക്ഷിച്ചാണ് ദ്യോക്കോ തിരിച്ചുവന്നത്. ഞായറാഴ്ച സ്വിസ് ഇൻഡോർസ് കിരീടം നേടിയ വാച്ചറോ കഴിഞ്ഞ വർഷം ഷാങ്ഹായ് മാസ്റ്റേഴ്സ് സെമിയിൽ ദ്യോക്കോവിച്ചിനെ തോൽപ്പിച്ചിരുന്നു.

മൊണാക്കോ താരത്തിന്‍റെ കരുത്തുറ്റ സെർവുകൾക്കു മുന്നിൽ ദ്യോക്കോവിച്ച് പതറി; 22 എയ്സുകളാണ് അദ്ദേഹത്തെ കടന്നുപോയത്.

വാച്ചറോയുടെ സെർവ് ബ്രേക്ക് ചെയ്ത് മത്സരം സമനിലയിലാക്കിയ ദ്യോക്കോവിച്ച്, നിർണായക സെറ്റിന്‍റെ തുടക്കത്തിൽത്തന്നെ വീണ്ടും ബ്രേക്ക് ചെയ്ത് മുൻതൂക്കം നേടി. രണ്ടാം മാച്ച് പോയിന്‍റിൽ, കോർട്ടിന്‍റെ പിൻഭാഗത്തുനിന്ന് ലൈനിലൂടെ തൊടുത്ത മനോഹരമായ ടു-ഹാൻഡഡ് ബാക്ക്ഹാൻഡ് വിന്നറിലൂടെയാണ് അദ്ദേഹം ജയം ഉറപ്പിച്ചത്.