ദേശീയ കിക്ക് ബോക്‌സിങ് ചാംപ‍്യൻഷിപ്പ്: ഇടിച്ചും തൊഴിച്ചും അടിച്ചും വനിതാ ഡോക്റ്റർ നേടിയത് നാടിനായി ഇരട്ട സ്വർണം

60/70 കിലോഗ്രാം കാറ്റഗറിയില്‍ പോയിന്‍റ് ഫൈറ്റ് വിഭാഗത്തിലും, റിങ് വിഭാഗത്തിലുമാണ് ഡോക്റ്റർ സ്വർണം നേടിയത്
doctor anu bags 2 gold medal in national kickboxing championship

ഡോ. അനു ഇരട്ട സ്വർണ മെഡലുകളുമായി ഭർത്താവ് ജിഷ്ണുവിനൊപ്പം

Updated on

ബിനീഷ് മള്ളൂശേരി

കോട്ടയം: കളിയാക്കിയവർക്ക് എട്ടിന്‍റെ പണികിട്ടി ഒടുവിൽ ഡോക്റ്ററുടെ മുന്നിൽ അടിയറവ് പറയേണ്ടി വന്നു. ദേശീയ കിക്ക് ബോക്‌സിങ് ചാംപ‍്യൻഷിപ്പില്‍ ഡോ. അനു ഇടിച്ചും തൊഴിച്ചും അടിച്ചും നേടിയത് 2 സ്വര്‍ണ മെഡലുകള്‍. ജയ്പൂരില്‍ നടന്ന നാഷണല്‍ കിക്ക് ബോക്‌സിങ് ചാംപ‍്യൻഷിപ്പിലാണ് ഡോ. അനുവിന് രണ്ട് സ്വര്‍ണ മെഡലുകളുടെ തിളക്കം.

60/70 കിലോഗ്രാം കാറ്റഗറിയില്‍ പോയിന്‍റ് ഫൈറ്റ് വിഭാഗത്തിലും, റിങ് വിഭാഗത്തിലുമാണ് 35കാരിയും 2 കുട്ടികളുടെ മാതാവുമായ അനു സ്വര്‍ണ മെഡലുകള്‍ നേടിയെടുത്തത്. കോട്ടയം കൂടല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ അസി. സര്‍ജനാണ് ഡോ. അനു.

ജോലിയുടെ സമ്മര്‍ദം ഒഴിവാക്കാനും സ്വയം പ്രതിരോധത്തിനും വേണ്ടി ഒരു വ്യായാമം എന്ന നിലയിലാണ് ഡോ. അനു കോട്ടയത്ത് ബോക്‌സിങ് പരിശീലനത്തിന് പോയിത്തുടങ്ങിയത്. 2 കുഞ്ഞുങ്ങളുടെ മാതാവെന്ന ഉത്തരവാദിത്വം, ഔദ്യോഗിക ജീവിതത്തിലെ തിരക്കുകള്‍ എന്നിവയ്ക്കിടയിലും കിക്ക് ബോക്‌സിങിനോടുള്ള അഭിനിവേശത്തെ അനു ചേര്‍ത്തു പിടിച്ചു. 3 വര്‍ഷം കൊണ്ട് ഒരു പ്രൊഫഷണല്‍ ബോക്‌സിങ് താരത്തെ പോലെയായി. ഇതോടെയാണ് ദേശീയതല കിക്ക് ബോക്‌സിങ് മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം അനുവിനെ തേടിയെത്തിയത്. ഡോ. വന്ദനയുടെ വേദനിപ്പിച്ച ആകസ്മിക വിയോഗമാണ് സ്വയം പ്രതിരോധത്തിലേക്ക് തിരിയാന്‍ തന്നെ കൂടുതൽ പ്രേരിപ്പിച്ചതെന്ന് അനു പറയുന്നു.

ഡോ. അനുവിന് പ്രായം 35 വയസ്. അതേസമയം ബോക്‌സിങ് മത്സരത്തില്‍ പങ്കെടുത്തവരെല്ലാം 25ല്‍ താഴെ പ്രായമുള്ളവരായിരുന്നു. 'വെറുതേ ഇടിമേടിച്ച് പഞ്ചറാകാനാണോ വന്നതെന്ന്' പലരും അടക്കം പറഞ്ഞ് കളിയാക്കിച്ചിരിച്ചു. പക്ഷേ ഫെഡറല്‍ ബാങ്ക് മാനേജര്‍ കൂടിയായ ഭര്‍ത്താവ് ജിഷ്ണു ഒപ്പം കട്ടയ്ക്ക് നിന്ന് അനുവിന് ആത്മവിശ്വാസം നല്‍കി. പിടിച്ച് നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായാല്‍ ഒന്നും നോക്കണ്ട, ടൈം ഔട്ട് വിളിച്ച് മതിയാക്കാന്‍ അദ്ദേഹം ഉപദേശിച്ചു. അതേസമയം മത്സരത്തിനായി ബോക്‌സിങ് കളത്തിലേക്ക് ഇറങ്ങിയതോടെ കളിയാക്കിയവര്‍ വെട്ടിവിയര്‍ത്തു. ഡോ. അനുവിന്‍റെ കിക്കുകള്‍ തടുക്കാനാകാതെ അവരെല്ലാം അടിയറവ് പറഞ്ഞതോടെ 2 വിഭാഗങ്ങളില്‍ ഡോ. അനുവിന് 2 സ്വര്‍ണമെഡല്‍. കേരളത്തിന് അഭിമാനകരമായ പോരാട്ടം നടത്തി. 2 സ്വര്‍ണ മെഡലുകള്‍ നേടിയ ഡോ. അനുവിനെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

കേരള കിക്ക് ബോക്‌സിങ് അസോസിയേഷന്‍ പ്രസിഡന്‍റായ സന്തോഷ് കുമാറാണ് അനുവിന്‍റെ ഗുരു. ഇദ്ദേഹത്തിൽ നിന്നുളള പരിശീലനം തന്‍റെ വിജയത്തില്‍ ഏറെ പങ്കുവഹിച്ചതായി ഡോ. അനു പറഞ്ഞു. തികഞ്ഞ ഏകാഗ്രതയോടു കൂടി വേണം എതിരാളിയെ നേരിടാൻ. ബോക്സിങിൽ നിന്നുള്ള പഞ്ചിങ് ടെക്നിക്കുകളും കരാട്ടെ, മുവായ് തായ്, തായ്‌ക്വോണ്ടോ തുടങ്ങിയ മറ്റ് ആയോധന കലകളിൽ നിന്നുള്ള കിക്കിങ് ടെക്നിക്കുകളും സംയോജിപ്പിക്കുന്ന ഒരു ഹൈബ്രിഡ് ആയോധന കലയും പോരാട്ട കായിക ഇനവുമാണിത്. മത്സരാർഥികൾ കയ്യുറകൾ, മൗത്ത് ഗാർഡുകൾ, പലപ്പോഴും നഗ്നമായ കാലുകൾ എന്നിവ ഉപയോഗിച്ചാണ് കിക്കുകൾ ചെയ്യുന്നത്.

രണ്ട് സിസേറിയനുകള്‍ അടുപ്പിച്ച് കഴിഞ്ഞതിനാല്‍ ശാരീരിക ബുദ്ധിമുട്ടുകൾ ഏറെയുണ്ടായിരുന്നു. പക്ഷേ മനസിൽ അടങ്ങാത്ത ആഗ്രഹവും നല്ല പരിശീലനവുമുണ്ടെങ്കില്‍ എവിടേയും വിജയിക്കാനാകും. പ്രായം തടസമല്ലെങ്കില്‍ കൂടുതല്‍ ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കാനാണ് താത്പര്യമെന്നും തികഞ്ഞ സ്പോർട്സ്മൻ സ്പിരിറ്റോടെ ഡോ. അനു പറയുന്നു.

തിരുവനന്തപുരം കാരക്കോണം മെഡിക്കല്‍ കോളെജില്‍ നിന്ന് എംബിബിഎസും, പരിയാരം മെഡിക്കല്‍ കോളെജില്‍ നിന്നും പി.ജിയും നേടിയ ശേഷമാണ് ആരോഗ്യ വകുപ്പില്‍ ഡോക്റ്ററായി ജോലി കിട്ടുന്നത്. കെജിഎംഒഎ കോട്ടയം ജോയിന്‍റ് സെക്രട്ടറി കൂടിയാണ് ഡോ. അനു. ആറു വയസുകാരനായ ആദിശേഷന്‍, 4വയസുകാരി ബാനി ദ്രൗപദി എന്നിവരാണ് മക്കൾ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com