ദ്രാവിഡിന്‍റെ മകൻ ഇന്ത്യ അണ്ടർ-19 ടീമിൽ, കൂടെ മലയാളിയും

രാഹുൽ ദ്രാവിഡിന്‍റെ മകൻ അൻവയ് ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യ അണ്ടർ-19 ഏകദിന ടീമിൽ വിക്കറ്റ് കീപ്പറായി അവസരം നേടി. ചതുർദിന മത്സരങ്ങളിൽ മലയാളി താരം മാനവ് കൃഷ്ണ വിക്കറ്റ് കീപ്പർ
Rahul Dravid’s son in India U-19 team

അൻവയ് ദ്രാവിഡ്, മാനവ് കൃഷ്ണ

Updated on

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുൻ ക്യാപ്റ്റനും മുൻ പരിശീലകനുമായ രാഹുൽ ദ്രാവിഡിന്‍റെ രണ്ടാമത്തെ മകൻ അൻവയ് ദ്രാവിഡിനെ ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യ അണ്ടർ-19 ഏകദിന ക്രിക്കറ്റ് ടീമിൽ ഉൾപ്പെടുത്തി. മൂന്ന് ഏകദിന മത്സരങ്ങളും രണ്ട് ചതുർദിന മത്സരങ്ങളും ഉൾപ്പെടുന്നതാണ് പരമ്പര.

വലങ്കയ്യൻ ബാറ്റും വിക്കറ്റ് കീപ്പറുമായ അൻവയ് മുൻപ് അഫ്ഗാനിസ്ഥാൻ അണ്ടർ-19 ടീമിനെതിരേ ഇന്ത്യ ബി അണ്ടർ-19 ടീമിനു വേണ്ടി കളിച്ചിട്ടുണ്ട്. അന്ന് ആദ്യ പന്തിൽ പുറത്തായെങ്കിലും വിക്കറ്റിനു പുന്നിൽ രണ്ട് ക്യാച്ചുകളെടുത്തിരുന്നു. ചതുർദിന മത്സരങ്ങൾക്കുള്ള ടീമിൽ അൻവയ് ഇല്ല. പകരം മലയാളി വിക്കറ്റ് കീപ്പർ മാനവ് കൃഷ്ണയെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

തിരുവനന്തപുരം പേരൂർക്കട സ്വദേശിയാണ് മാനവ് കൃഷ്ണ. ആഭ്യന്തര ക്രിക്കറ്റിലെ തകർപ്പൻ ബാറ്റിംഗും വിക്കറ്റിനു പിന്നിലെ മിന്നൽ പ്രകടനങ്ങളുമാണ് മാനവിനു ദേശീയ ജേഴ്സി നേടിക്കൊടുത്തത്. കഴിഞ്ഞ അണ്ടർ-19 സീസണിൽ മാത്രം 592 റൺസ് അടിച്ചുകൂട്ടിയ താരം, കൂച്ച് ബെഹാർ ട്രോഫിയിൽ തുടരെ രണ്ട് സെഞ്ച്വറി നേടിയിരുന്നു. സൗരാഷ്ട്രയ്‌ക്കെതിരേ 189 റൺസും ഹൈദരാബാദിനെതിരേ 144 റൺസുമാണ് മാനവ് നേടിയത്.

ഡൽഹിയിൽ ക്രിക്കറ്റ് കരിയറിന് തുടക്കം കുറിച്ച മാനവ്, പതിമൂന്നാം വയസിലാണ് കേരളത്തിലേക്ക് എത്തുന്നത്. തുടർന്ന് മികച്ച കായികക്ഷമതയും നേതൃപാടവവും തെളിയിച്ച താരം കേരളത്തിന്‍റെ അണ്ടർ-16, അണ്ടർ-19 ടീമുകളുടെ ക്യാപ്റ്റനായും തിളങ്ങിയിട്ടുണ്ട്.

2025-ലെ കേരള ക്രിക്കറ്റ് ലീഗ് ലേലത്തിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരിൽ ഒരാളായ മാനവ്, 2026 ജനുവരിയിൽ ഗോവയ്‌ക്കെതിരായ മത്സരത്തിലൂടെ രഞ്ജി ട്രോഫി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും അരങ്ങേറ്റം കുറിച്ചു. ഒമാൻ സന്ദർശിച്ച കേരള ടീമിലും മാനവ് ഇടം പിടിച്ചിരുന്നു.

എൻഎസ്‌കെ ട്രോഫിയിലെ പ്രോമിസിങ് യങ്സ്റ്റർ പുരസ്കാര ജേതാവായ മാനവ്, ബിസിസിഐയുടെ സെന്‍റർ ഫോർ എക്സലൻസ് ക്യാംപിലും പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്. സഹോദരൻ മാധവ് കൃഷ്ണയും കേരളത്തിന്‍റെ അണ്ടർ 19 ടീമിൽ അംഗമാണ്. ഉണ്ണികൃഷ്ണനാണ് പിതാവ്, മാതാവ് അനിത. തിരുവനന്തപുരത്തെ എസ്.എസ്. ഷൈൻ ആണ് മാനവിന്‍റെ പരിശീലകൻ.

രാഹുൽ ദ്രാവിഡിന്‍റെ മൂത്ത മകനും അൻവയുടെ സഹോദരനുമായ സമിത് ദ്രാവിഡും രണ്ടു വർഷം മുൻപ് ഇന്ത്യ അണ്ടർ-19 ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, പരുക്ക് കാരണം ഓസ്ട്രേലിയ അണ്ടർ-19 ‌ടീമിനെതിരായ മത്സരങ്ങളിൽ കളിക്കാൻ സാധിച്ചിരുന്നില്ല. ഇപ്പോൾ 20 വയസായി.

നിലവിൽ കർണാടക അണ്ടർ-19 ക്യാപ്റ്റനാണ് അൻവയ്. വിനൂ മങ്കാദ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റിൽ കർണാടക ക്വാർട്ടർ ഫൈനലിലെത്തിയിരുന്നു. ആറ് മത്സരങ്ങളിൽ 220 റൺസാണ് അൻവയ് നേടിയത്.

ശ്രീലങ്കൻ പര്യടനത്തിലെ ഏകദിന - ചതുർദിന മത്സരങ്ങളിൽ മധ്യ പ്രദേശിൽനിന്നുള്ള യശ്‌വർധൻ സിങ് ചൗഹാൻ ആയിരിക്കും ഇന്ത്യയുടെ ക്യാപ്റ്റൻ. ഉത്തരാഖണ്ഡ് താരം ലക്ഷ്യ റായ്‌ചന്ദാനിയാണ് വൈസ് ക്യാപ്റ്റൻ. ജൂലൈ 4, 6, 9 തീയതികളിലാണ് ഏകദിന മത്സരങ്ങൾ. ജൂലൈ 13, 20 തീയതികളിൽ ചതുർദിന മത്സരങ്ങൾ ആരംഭിക്കും.

ഏകദിന ടീം

സാഗകർ വിർക്ക്, ലക്ഷ്യ റായ്‌ചന്ദാനി (വൈസ് ക്യാപ്റ്റൻ), യശ്‌വർധൻ സിങ് ചൗഹാൻ (ക്യാപ്റ്റൻ), വി.കെ. വിനീത്, അർജുൻ രജ്‌പുത്, കുശാഗ്ര ഓജ, രജത് ബേഗൽ (വിക്കറ്റ് കീപ്പർ), അൻവയ് ദ്രാവിഡ് (വിക്കറ്റ് കീപ്പർ), അൻമോൽജിത് സിങ്, വി. യശ്‌വീർ ഗൗഡ്, രോഹിത് അനിൽ യാദവ്, വി. ഷവിൻ, കാവ്യ പരേഷ് പട്ടേൽ, മോഹിത് ഉൽവ, ഇഷാൻ സൂദ്.

ചതുർദിന ടീം

സാഗർ വിർക്ക്, ലക്ഷ്യ റായ്‌ചന്ദാനി (വൈസ് ക്യാപ്റ്റൻ), യശ്‌വർധൻ സിങ് ചൗഹാൻ (ക്യാപ്റ്റൻ), പട്ടേൽ കുശ്, മനാൽ ചൗഹാൻ, കുശാഗ്ര ഓജ, മാനവ് കൃഷ്ണ (വിക്കറ്റ് കീപ്പർ), ആര്യൻ സന്ദേശ് സക്പാൽ (വിക്കറ്റ് കീപ്പർ), ജെ. ഹേംചുഡേശൻ, ബി.കെ. കിഷോർ, രോഹിത് അനിൽ യാദവ്, കാവ്യ പരേഷ് പട്ടേൽ, പ്രിയാംശു സിങ്, പ്രണവ് രാഘവേന്ദ്ര, സി. വെങ്കട.

logo
Metro Vaartha
www.metrovaartha.com