

ഇന്ത്യക്കെതിരേ സമനില; ബംഗളൂരുവിലെ ട്രാഫിക് ബ്ലോക്കിനെ പഴിച്ച് പനാമ കോച്ച്
ബംഗളൂരു: ഇന്ത്യയുമായുള്ള സൗഹൃദ ഫൂട്ബോൾ മത്സരത്തിൽ സമനില വഴങ്ങിയതിന് ബംഗളൂരുവിലെ ട്രാഫിക് ബ്ലോക്കിനെ പഴിച്ച് പനാമ കോച്ച് തോമസ് ക്രിസ്റ്റ്യാൻസൻ. രണഅടു മണിക്കൂറോളം സഞ്ചരിച്ചാണ് സ്റ്റേഡിയത്തിലെത്തിയതെന്നും അതാണ് ടീമിന്‍റെ പ്രകടനത്തെ ബാധിച്ചതെന്നുമാണ് കോച്ചിന്‍റെ വാദം. മാച്ചിനു ശേഷമുള്ള വാർത്താസമ്മേളനത്തിലാണ് തോമസ് ഇക്കാര്യം ഉന്നയിച്ചത്. 1-1 സ്കോറിനാണ് മത്സരം അവസാനിച്ചത്.
സമനില വഴങ്ങിയതിനെ ന്യായീകരിക്കുകയാണെന്ന് കരുതരുത്. പക്ഷേ രണ്ടു മണിക്കൂറോളം ബസിൽ സഞ്ചരിച്ച് സ്റ്റേഡിയത്തിൽ എത്തുക എന്നത് അത്ര സുഗമമല്ല . ഇവിടത്തെ ഗതാഗതം വളരെ സങ്കീർണമാണ്. പിച്ചിന് അകത്തും പുറത്തും എങ്ങനെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നുവെന്നത് വളരെ പ്രധാനപ്പെട്ടത്. കാരണം ഞങ്ങളുടെ കളിക്കാർ ഇതിൽ കൂടുതൽ മികച്ച സാഹചര്യം അർഹിക്കുന്നുവെന്നും കോച്ച് പറഞ്ഞു. ദീർഘമായ യാത്ര കാരണം വേണ്ട രീതിയിൽ പരിശീലനം നടത്താനോ ഏകോപനം നടത്താനോ സാധിച്ചില്ല. ഇന്ത്യക്ക് വളരെ നല്ല കളിക്കാരുണ്ട്. കുറച്ചു സമയവും അവസരവും ലഭിച്ചാൽ അവർ എന്തു വേണമെങ്കിലും ചെയ്യും. അവർ ഞങ്ങളുടെ കളി വളരെ ബുദ്ധിമുട്ടേറിയതാക്കി.
പ്രത്യേകിച്ച് ഞങ്ങളുടെ പ്രതിരോധ നിരയെ ബുദ്ധിമുട്ടിലാക്കിയെന്നും കോച്ച് വ്യക്തമാക്കി. ഫിഫ വേൾഡ് കപ്പിൽ കളിച്ച പനാമ ഇന്ത്യയിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാൽ ഒറ്റ ഗോളിൽ കളി അവസാനിച്ചതിന്‍റെ നിരാശയും കോച്ച് പങ്കു വച്ചു.