
ദുനിത് വെല്ലാലഗയെ ആശ്വസിപ്പിക്കുന്ന പരിശീലകൻ സനത് ജയസൂര‍്യ
ദുബായ്: കഴിഞ്ഞ ദിവസം നടന്ന ശ്രീലങ്ക- അഫ്ഗാനിസ്ഥാൻ ഏഷ‍്യ കപ്പ് മത്സരം വളരെയധികം നൊമ്പരപ്പെടുത്തുന്ന നിമിഷങ്ങൾക്കായിരുന്നു സാക്ഷ‍്യം വഹിച്ചത്. തന്‍റെ അച്ഛൻ മരിച്ചതറിയാതെയായിരുന്നു 22 കാരനായ ശ്രീലങ്കൻ താരം ദുനിത് വെല്ലാലഗെ പന്തെറിഞ്ഞുകൊണ്ടിരുന്നത്.
മത്സരത്തിൽ ശ്രീലങ്കയ്ക്കു വേണ്ടി നാലോവർ എറിഞ്ഞ താരം 49 റൺസ് വഴങ്ങിയിരുന്നു. ദുനിത് വെല്ലാലഗെയുടെ അവസാന ഓവറിൽ നിന്നും അഫ്ഗാനിസ്ഥാൻ താരം മുഹമ്മദ് നബി 5 സിക്സ് ഉൾപ്പെടെ 32 റൺസാണ് അടിച്ചുകൂട്ടിയത്.
ശ്രീലങ്ക ആറു വിക്കറ്റിനു വിജയിച്ച ശേഷമാണ് പിതാവിന്‍റെ മരണ വാർത്ത ടീമിന്‍റെ മുഖ‍്യ പരിശീലകൻ സനത് ജയസൂര‍്യയും ടീം മാനേജരും ദുനിത് വെല്ലാലഗെയോട് പറയുന്നത്. ഇതേത്തുടർന്ന് കുടുംബത്തോടൊപ്പം ചേരുന്നതിനായി താരം കൊളംബോയിലേക്ക് തിരിച്ചു. ഹൃദയാഘാതം മൂലമാണ് ദുനിത് വെല്ലാലഗെയുടെ പിതാവ് സുരംഗ വെല്ലാലഗെ മരിച്ചതെന്നാണ് റിപ്പോർട്ടുകൾ.
വെല്ലാലഗെ ഇനി ടൂർണമെന്‍റിൽ കളിക്കുമോയെന്ന കാര‍്യം സംശയത്തിലാണ്. ശനിയാഴ്ച ബംഗ്ലാദേശിനെതിരേയും സെപ്റ്റംബർ 23ന് പാക്കിസ്ഥാനെതിരേയും 26ന് ഇന്ത‍്യക്കെതിരേയുമാണ് ശ്രീലങ്കയുടെ സൂപ്പർ ഫോർ മത്സരങ്ങൾ.