
സ്പോർട്‌സ് ലേഖകൻ
ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചപ്പോൾ, ആദ്യ രണ്ടു മത്സരങ്ങളിലും പ്രമുഖർക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്. എന്നാൽ, രോഹിത് ശർമ, വിരാട് കോലി, ഹാർദിക് പാണ്ഡ്യ എന്നിവരാരുമില്ലാത്ത ടീമിലും സഞ്ജു സാംസണ് ഇടമില്ലെന്ന വാർത്ത മലയാളി ക്രിക്കറ്റ് ആരാധകരെ നിരാശരാക്കുന്നു.
ഒരു ഏകദിന മത്സരം മാത്രം കളിച്ചിട്ടുള്ള തിലക് വർമയും ഏകദിന ഫോർമാറ്റിൽ നിരന്തരം പരാജയമായ സൂര്യകുമാർ യാദവും അന്താരാഷ്ട്ര വേദിയിൽ ഇനിയും മികവ് തെളിയിച്ചിട്ടില്ലാത്ത ഋതുരാജ് ഗെയ്ക്ക്‌വാദുമെല്ലാം ടീമിലുണ്ട്. ലോകകപ്പ് ടീമിലും ഉൾപ്പെട്ടിട്ടുള്ള സൂര്യകുമാറിന്‍റെ 27 ഏകദിന മത്സരങ്ങളിലെ ബാറ്റിങ് ശരാശരി 24 റൺസ് മാത്രം.
രണ്ട് ഏകദിനത്തിൽ നിന്ന് 27 റൺസെടുത്തിട്ടുള്ള ഋതുരാജ് ഗെയ്ക്ക്‌വാദാണ് രോഹിത് ശർമയ്ക്കു പകരം ടീമിലെത്തിയത്. ലോകകപ്പ് സാഹചര്യങ്ങൾ കൂടി കണക്കിലെടുത്ത് ഇഷാൻ കിഷനെ മധ്യനിരയിൽ കളിപ്പിച്ചാൽ രോഹിത്തിന്‍റെ സ്ഥാനത്ത് ശുഭ്മൻ ഗില്ലിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യുന്നത് ഗെയ്ക്ക്‌വാദ് ആയിരിക്കും.
മൂന്നാം നമ്പറിൽ തിലക് വർമയെ തന്നെ പ്രതീക്ഷിക്കാം. ഓപ്പണിങ് റോളിൽ സഞ്ജുവിന് സാധ്യത കുറവാണെങ്കിലും, മൂന്നാം നമ്പറിലോ ലോവർ മിഡിൽ ഓർഡറിലോ തിലക് വർമയുടെയോ സൂര്യകുമാറിന്‍റെയോ സ്ഥാനത്ത് പരീക്ഷിക്കാമായിരുന്നു എന്നാണ് ആരാധകരുടെ വാദം.
ലോകകപ്പ് ടീമിന് മുന്നൊരുക്കത്തിനുള്ള അവസരം എന്ന നിലയിലായിരുന്നു ഏഷ്യ കപ്പ് ടീമിനുള്ള തെരഞ്ഞെടുപ്പ്. അതിൽ സ്വാഭാവികമായും സഞ്ജു ഉൾപ്പെട്ടിരുന്നില്ല. എന്നാൽ, ഏഷ്യൻ ഗെയിംസിന് അയയ്ക്കുന്ന ടീമിലും സഞ്ജു ഇല്ലാത്തത് അനീതിയാണെന്ന് അഭിപ്രായമുയരുന്നുണ്ട്. അതേസമയം, ഏഷ്യൻ ഗെയിംസിനുള്ള ടീം തെരഞ്ഞെടുക്കുന്ന സമയത്ത് സഞ്ജു ലോകകപ്പ് ടീമിലേക്കു സജീവ പരിഗണനയിലുണ്ടായിരുന്നു എന്നതാണ് വസ്തുത.
ആ ഘട്ടത്തിൽ നടന്ന മത്സരങ്ങളിൽ തുടരെ നാല് അർധ സെഞ്ചുറികളടക്കം നേടിയ മികച്ച പ്രകടനങ്ങളുമായി ഇഷാൻ കിഷൻ ടീമിൽ സ്ഥാനമുറപ്പിച്ചതും സഞ്ജു പുറത്താകുന്നതും. പരുക്കിൽനിന്നു മുക്തനായാൽ കെ.എൽ. രാഹുൽ തന്നെയാകും ടീമിന്‍റെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ എന്നത് സെലക്റ്റർമാരും ടീം മാനെജ്മെന്‍റും നേരത്തെ തന്നെ തീരുമാനിക്കുകയും ചെയ്തിരുന്നു. തന്‍റെ കഴിവിൽ മാനെജ്മെന്‍റ് അർപ്പിച്ച വിശ്വാസം ഏഷ്യ കപ്പിൽ പാക്കിസ്ഥാനെതിരേ നേടിയ സെഞ്ചുറിയുമായി രാഹുൽ കാക്കുകയും ചെയ്തു.
ഇതിനു പുറമേ, വിക്കറ്റ് കീപ്പർ എന്ന നിലയിലും മികച്ച ചില ക്യാച്ചുകൾ രാഹുലിന്‍റേതായി വന്നു. വിക്കറ്റിനു പിന്നിൽനിന്ന് കുൽദീപ് യാദവുമായി രാഹുൽ സൃഷ്ടിച്ച മികച്ച കൂട്ടുകെട്ട് ടൂർണമെന്‍റിൽ കുറഞ്ഞത് മൂന്ന് വിക്കറ്റെങ്കിലും ഇന്ത്യക്ക് നേടിക്കൊടുത്തിട്ടുമുണ്ട്. ഷെയ്ൻ വോൺ - ആഡം ഗിൽക്രിസ്റ്റ്, എം.എസ്. ധോണി - രവീന്ദ്ര ജഡേജ എന്നിങ്ങനെ കീപ്പർ - സ്പിന്നർ കോംബിനേഷനുകൾ മത്സരഫലത്തെ പോലും സ്വാധീനിക്കുന്ന തരത്തിൽ വർക്കാവുന്ന കാഴ്ച സമീപകാലത്ത് ഇന്ത്യൻ ടീമിന് ഇല്ലാതിരുന്ന ഘട്ടത്തിലാണ് ഇങ്ങനെയൊരു കൂട്ടുകെട്ടിന്‍റെ വളർച്ച.
വിക്കറ്റിനു പിന്നിൽ നിന്ന് രാഹുൽ നൽകുന്ന ഇൻപുട്ടിന്‍റെ മൂല്യം തിരിച്ചറിഞ്ഞാണ് ഓസ്ട്രേലിയക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിലും ക്യാപ്റ്റനായി നിയോഗിച്ചിരിക്കുന്നതും. ഈ സാഹചര്യത്തിൽ, കീപ്പർ എന്ന നിലയിൽ സഞ്ജുവിന് സമീപ ഭാവിയിലൊന്നും ടീമിൽ ഇടം പ്രതീക്ഷിക്കാൻ കഴിയില്ല.
ഏഷ്യൻ ഗെയിംസിനുള്ള ടീമിൽ ജിതേഷ് ശർമയായിരിക്കും ഒന്നാം നമ്പർ കീപ്പർ. ബാക്കപ്പായി ഓപ്പണർ പ്രഭ്സിമ്രൻ സിങ്ങുമുണ്ട്. ഐപിഎല്ലിലെ മികച്ച പ്രകടനങ്ങളാണ് ഇരുവരെയും ടീമിലെത്തിച്ചത്. എന്നാൽ, ദേശീയ ടീമിൽ സ്ഥിരമായി ഇടം കിട്ടാതിരുന്നിട്ടു പോലും 12 ഇന്നിങ്ങ്സിൽ ഏകദിന മത്സരങ്ങളിൽ 55.7 റൺസ് എന്ന മികച്ച ശരാശരി സഞ്ജുവിനുണ്ട്. ലോകകപ്പ് ടീമിലെ മധ്യനിരയുടെയും വിക്കറ്റ് കീപ്പർമാരുടെയും കാര്യത്തിൽ നിലനിന്നിരുന്ന ആശയക്കുഴപ്പം കുറച്ച് നേരത്തേ പരിഹരിക്കപ്പെട്ടിരുന്നെങ്കിൽ സഞ്ജുവിന് ഏഷ്യൻ ഗെയിംസിലെങ്കിലും കളിക്കമായിരുന്നു എന്നു ചുരുക്കം.