
മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര സെപ്റ്റംബര്‍ 22ന് അടക്കാനിരിക്കെയാണ് ടീം പ്രഖ്യാപനം. ഓള്‍റൗണ്ടര്‍ രവിചന്ദ്രന്‍ അശ്വിന്‍ ടീമിലേക്ക് തിരിച്ചെത്തിയപ്പോള്‍ സൂപ്പര്‍ താരങ്ങളായ വിരാട് കോലിക്കും രോഹിത് ശര്‍മ്മയ്ക്കും, ഹാര്‍ദിക് പാണ്ഡ്യയ്ക്കും ആദ്യ രണ്ട് മത്സരങ്ങളില്‍ വിശ്രമം അനുവദിച്ചു. ഈ 2 മത്സരങ്ങളിൽ രാഹുലാണ് ഇന്ത്യയെ നയിക്കുക.
ഏഷ്യ കപ്പിൽ മോശം പ്രകടനമായിരുന്ന സൂര്യ കുമാർ യാദവിന് വീണ്ടും അവസരം ലഭിച്ചപ്പോൾ സഞ്ജുവിന് ടീമിൽ ഇടം നേടാനായില്ല. ആദ്യ രണ്ടു മത്സരങ്ങളിൽ രവീന്ദ്ര ജഡേജ വൈസ് ക്യാപ്റ്റനാവും. കൂടാതെ തിലക് വര്‍മ്മ, വാഷിങ്ടണ്‍ സുന്ദര്‍, ഋതുരാജ് ഗെയ്ക്വാദ്, പ്രസിദ്ധ് കൃഷ്ണ തുടങ്ങിയവരും ടീമിൽ ഇടം നേടി. മൂന്നാം ഏകദിനത്തിൽ വിരാട് കോഹ്ലിയടക്കമുള്ള സൂപ്പർ താരങ്ങൾ മടങ്ങിയെത്തും. രോഹിത് ശര്‍മ്മ ടീമിനെ നയിക്കുമ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ വൈസ് ക്യാപ്റ്റനാവും.
ലോകകപ്പിന് തൊട്ടുമുമ്പ് ഈ മാസം 22, 24, 27 തീയതികളില്‍ മൊഹാലി, ഇന്‍ഡോര്‍, രാജ്കോട്ട് എന്നീ വേദികളിലാണ് മൂന്ന് മത്സരങ്ങള്‍. ഏകദിന ലോകകപ്പിന് മുന്നോടിയായി നടക്കുന്ന മത്സരമായതിനാൽ വിജയത്തിൽ കൂടുതൽ മറ്റൊന്നും പ്രതീക്ഷികാതെയാകും ഇന്ത്യ ഇറങ്ങുക. ഒക്ടോബര്‍ അഞ്ചിനാണ് ലോകകപ്പ് ആരംഭിക്കുക. ഏകദിന ലോകകപ്പില്‍ ഒക്ടോബര്‍ എട്ടിന് ചെന്നൈയില്‍ ഓസ്ട്രേലിയ തന്നെയാണ് ഇന്ത്യയുടെ ആദ്യ എതിരാളികള്‍.
അതേസമയം ഏകദിന പരമ്പരക്കുള്ള ഓസീസ് ടീമിൽ സ്റ്റീവ് സ്മിത്തും പാറ്റ് കമിന്‍സും ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കിടെ കൈക്ക് പരുക്കേറ്റ ട്രാവിസ് ഹെഡ് ടീമിലില്ല. കമിന്‍സിന്റെ അഭാവത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ ഓസീസിനെ നയിക്കുന്ന മിച്ചല്‍ മാഷും ഇന്ത്യക്കെതിരായ ഏകദിന പരമ്പയ്ക്കുള്ള ടീമിലുണ്ട്. മാറ്റ് ഷോര്‍ട്ട്, സ്പെന്‍സര്‍ ജോണ്സണ് എന്നിവരാണ് 18 അംഗ ടീമിലെ പുതുമുഖങ്ങള്‍.
ഏകദിന ലോകകപ്പ് ടീമില്‍ ഇല്ലാത്ത മാര്‍നസ് ലാബുഷെയ്ന്, തന്‍വീര്‍ സംഗ, നഥാന്‍ എല്ലിസ് എന്നിവരും ഇന്ത്യക്കെതിരായ പരമ്പരക്കുള്ള ടീമിലുണ്ട്. പരിക്കേറ്റ ട്രാവിസ് ഹെഡിന് ഏകദിന ലോകകപ്പ് നഷ്ടമാകുകയാണെങ്കില്‍ പകരം ലാബുഷെയ്ന് ലോകകപ്പ് ടീമിലെത്തുമെന്നാണ് കരുതുന്നത്.ലോകകപ്പ് ടീമിലുള്ള ആഷ്ടണ്‍ ആഗര്‍ വ്യക്തിപരമായ കാരണങ്ങളാല്‍ ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ കളിക്കില്ല.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹര്‍ദിക് പാണ്ഡ്യ, ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, കെഎല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ ഠാക്കൂര്‍, അക്ഷര്‍ പട്ടേല്‍, വാഷിങ്ടന്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ആര്‍ അശ്വിന്‍, ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി, മഹമ്മദ് സിറാജ്.
ഓസ്ട്രേലിയന്‍ ടീം: പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സീന്‍ ആബട്ട്, അലക്സ് കാരി, നേഥന്‍ എല്ലിസ്, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹേസല്‍വുഡ്, ജോഷ് ഇംഗ്ലിസ്, സ്പെന്‍സര്‍ ജോണ്സണ്, മാര്‍നസ് ലാബുഷെയ്ന്, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്സ്വെല്, തന്‍വീര്‍ സംഗ, മാറ്റ് ഷോര്‍ട്ട്, സ്റ്റീവ് സ്മിത്ത്, മാര്‍ക്കസ് സ്റ്റോയ്നിസ് , ഡേവിഡ് വാര്‍ണര്‍, ആദം സാംപ.