

അജയൻ
1976ൽ ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ വെസ്റ്റിൻഡീസ് ടീമംഗങ്ങളെ ആതിഥേയരുടെ ക്യാപ്റ്റൻ ടോണി ഗ്രെയ്ഗ് വിശേഷിപ്പിച്ചത് അടിമക്കൂട്ടമെന്നായിരുന്നു. അവരതിനു നൽകിയ മറുപടി പിൽക്കാലത്ത് 'പെർഫ്യൂം ബോൾസ്' എന്ന പേരിൽ പ്രശസ്തമായി- തുകൽപ്പന്തിന്റെ ഗന്ധമങ്ങനെ തുളച്ചുകയറുവോളം മൂക്കിനടുത്തുകൂടി മൂളിപ്പറക്കുന്ന തീപ്പന്തുകൾ. വംശീയാധിക്ഷേപത്തിനെതിരായ പ്രതികാരത്തിന്റെ ആ വീരേതിഹാസം വിവരിക്കുന്ന ഡോക്യുമെന്ററിയാണ് 'ഫയർ ഇൻ ബാബിലോൺ' (Fire in Babylon).
ബാബിലോണിൽ ആളിക്കത്തിയ ആ തീക്കുണ്ഡത്തിലെ അവസാനത്തെ കനലും കെട്ടടങ്ങുന്ന കാഴ്ചയാണ് ശനിയാഴ്ച സിംബാബ്വെയിലെ ഹരാരെയിൽ കണ്ടത്. ഏകദിന ലോകകപ്പിനുള്ള ടൂർണമെന്റിന്റെ സൂപ്പർ സിക്സ് റൗണ്ടിൽ സ്കോട്ട്ലൻഡിനോടു തോറ്റ് പുതിയ വെസ്റ്റിൻഡീസ് തലകുനിച്ചു മടങ്ങുന്ന കാഴ്ച.
ഫാസ്റ്റ് ബൗളർമാരുടെ പ്രതിഭാ ധാരളിത്തവും ഭയപ്പാട് തൊട്ടുതീണ്ടാത്ത ബാറ്റർമാരുടെ ആക്രമണോത്സുകതയും കൊണ്ട് 1970കളിലും '80കളിലും ലോക ക്രിക്കറ്റിൽ അപ്രമാദിത്വം സൂക്ഷിച്ച ടീം. പല ദ്വീപുകളിൽനിന്നു വരുന്നവരെല്ലാം കൂടി ക്രിക്കറ്റ് കളിക്കാനിറങ്ങിയാൽ, അതു ടീമായിരിക്കില്ല ഗാങ് മാത്രമായിരിക്കുമെന്ന പരിഹാസം കേട്ടാണ് 1960കളിൽ അവർ കളത്തിൽ നിന്നത്. പക്ഷേ, ചാർലി ഗ്രിഫിത്തിന്റെയും വെസ് ഹാളിന്റെയും കാലത്തിനു ശേഷം ലോകം കാണുന്നത് വെസ്റ്റിൻഡീസ് നിരയിലേക്ക് അനുസ്യൂതം പ്രവഹിക്കുന്ന പ്രതിഭാധനരായ ഫാസ്റ്റ് ബൗളർമാരുടെ നീണ്ട നിര തന്നെയാണ്- ആൻഡി റോബർട്ട്സ്, മൈക്കൽ ഹോൾഡിങ്, ജോയൽ ഗാർനർ, കോളിൻ ക്രോഫ്റ്റ്, മാൽക്കം മാർഷൽ. ഇന്നും ലോകത്തൊരു ടീമിനും അവകാശപ്പെടാനാവാത്തത്ര കരുത്തുറ്റ സംഘം. പിന്നെ, കോർട്ട്നി വാൽഷും കർട്ട്ലി ആംബ്രോസും ഇയാൻ ബിഷപ്പും കെന്നി-വിൻസ്റ്റൺ ബെഞ്ചമിൻമാരുമൊക്കെ വന്നു. എന്നാൽ, ഫാസ്റ്റ് ബൗളിങ് മാത്രമായിരുന്നില്ല വെസ്റ്റിൻഡീസ്. ഗാരി സോബേഴ്സ്, ആൽവിൻ കാളിചരൺ, ക്ലൈവ് ലോയ്ഡ്, വിവിയൻ റിച്ചാർഡ്സ്, ഡെസ്മണ്ട് ഹെയ്ൻസ്, ഗോർഡൻ ഗ്രീനിഡ്ജ്, റിച്ചി റിച്ചാർഡ്സൺ, ബ്രയൻ ലാറ എന്നിങ്ങനെ റൺ മെഷീനുകളും ഏറെയായിരുന്നു ഓരോ കാലഘട്ടത്തിലും.
1971ൽ ലിറ്റിൽ മാസ്റ്റർ സുനിൽ ഗവാസ്കറുടെ മാസ്റ്റർസ്ട്രോക്ക് ലോകം ആദ്യമായി കാണുന്നതും വിൻഡീസിന്റെ പുകൾപെറ്റ ഫാസ്റ്റ് ബൗളിങ് നിരയ്ക്കെതിരേ തന്നെയായിരുന്നു- 1971ൽ അദ്ദേഹത്തിന്റെ അരങ്ങേറ്റ പരമ്പരയിൽ. ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ 65 റൺസ്. രണ്ടാം ഇന്നിങ്സിൽ വിന്നിങ് ഷോട്ട് അടക്കം 67 നോട്ടൗട്ട്. അന്നു കളിച്ച നാലു ടെസ്റ്റിൽ 154.8 എന്ന അവിശ്വസനീയ ശരാശരിയിൽ 774 റൺസാണ് സണ്ണി അടിച്ചുകൂട്ടിയത്. അതിൽ ഒരു ഡബിൾ അടക്കം നാലു സെഞ്ചുറികളും ഉൾപ്പെട്ടു. ഗവാസ്കറെ കൈകാര്യം ചെയ്യാൻ വഴി കാണാതെ വിൻഡീസ് ബൗളർമാർ വിഷമിച്ചു. ഷോർട്ട് പിച്ച് പന്തുകൾ ഹുക്ക് ചെയ്യുന്ന ഗവാസ്കർ ശൈലിയിൽ തന്നെയാണ് അവർ ഒരു പഴുത് കണ്ടെത്തിയത്. നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ യൂറ്റൺ ഡോവിന്റെ ഷോർട്ട് പിച്ച് പന്തിനു മുന്നിൽ കീഴടങ്ങുമ്പോൾ ഗവാസ്കറുടെ അക്കൗണ്ടിലുണ്ടായിരുന്നത് ഒരു റൺ മാത്രം. പക്ഷേ, വിൻഡീസിന്റെ ആശ്വാസം അൽപ്പായുസ്സായിരുന്നു; രണ്ടാമിന്നിങ്സിൽ 117 റൺസെടുത്ത ഗവാസ്കർ പുറത്താകാതെ നിന്നു! പിന്നീട്, 1983ലെ ലോകകപ്പിൽ രണ്ടു വട്ടം വെസ്റ്റിൻഡീസിനെ തോൽപ്പിച്ച് ഇന്ത്യ ചാംപ്യൻമാരാകുമ്പോൾ അതും ക്രിക്കറ്റ് ലോകത്തിന് അവിശ്വസനീയതയായിരുന്നു.
എന്നാൽ, അതെല്ലാം ഇന്നു ചരിത്രം മാത്രം. വെസ്റ്റിൻഡീസ് ക്രിക്കറ്റ് ടീമിനെ ഇപ്പോഴാർക്കും പേടിയില്ല. സ്കോട്ട്ലൻഡിനെപ്പോലുള്ള അസോസിയേറ്റ് രാജ്യങ്ങൾ പോലും അവരെ അനായാസം തോൽപ്പിച്ചുകൊണ്ടിരിക്കുന്നു. ഈ പതനത്തിന്റെ തുടക്കം യഥാർഥത്തിൽ ഈ നൂറ്റാണ്ട് തുടങ്ങുന്നതിനും പത്തു വർഷം മുൻപായിരുന്നു- മറ്റു രാജ്യങ്ങൾ ക്രിക്കറ്റിങ് മികവ് വർധിപ്പിക്കുകയും വെസ്റ്റിൻഡീസ് നിന്നിടത്തു തന്നെ തുടരുകയും ചെയ്തു തുടങ്ങിയ കാലം.
ടി20 ക്രിക്കറ്റിന്റെ കാലം വന്നപ്പോൾ, ബിഗ് ഹിറ്റർമാരുടെ ബലത്തിൽ വെസ്റ്റിൻഡീസ് ഒരിക്കൽക്കൂടി ലോകോത്തര സംഘമായി മാറുമെന്ന പ്രതീക്ഷയുണർന്നു. ഡോട്ട് ബോളുകളുടെ എണ്ണം കുറയ്ക്കാൻ മറ്റു ടീമുകൾ കഷ്ടപ്പെട്ടുന്ന സമയത്ത്, എപ്പോൾ വേണമെങ്കിലും അടിച്ചുതകർക്കാൻ ശേഷിയുള്ള ബാറ്റർമാരുള്ളപ്പോൾ ഡോട്ട് ബോളുകൾ കൂടിയാലും കുഴപ്പമില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു വെസ്റ്റിൻഡീസ്. ക്രിസ് ഗെയ്ലിനെപ്പോലുള്ളവർ സിംഗിൾസും ഡബിൾസും അവഗണിച്ച് സിക്സറുകളുടെയും ഫോറുകളുടെയും പെരുമഴ തീർത്തു.
വിൻഡീസ് ബാറ്റർമാർ എന്തുകൊണ്ടാണ് സ്ട്രൈക്ക് റോട്ടേറ്റ് ചെയ്യുന്നതിൽ ശ്രദ്ധിക്കാത്തതെന്നൊരു ചോദ്യം 2016ലെ ടി20 ലോകകപ്പ് ഫൈനലിനു മുൻപ് അന്നത്തെ വിൻഡീസ് ക്യാപ്റ്റൻ ഡാരൻ സമി നേരിട്ടിട്ടുണ്ട്. ''ഞങ്ങൾ ബൗണ്ടറിയടിക്കാതെ നോക്കുകയാണ് എതിരാളികളുടെ ആദ്യത്തെ ജോലി'' എന്നായിരുന്നു സമി അതിനു നൽകിയ മറുപടി. അന്ന് കപ്പുമായി നാട്ടിലേക്കു പോയ സമി തന്നെയാണ് ഇപ്പോൾ അപമാനിതരായി മടങ്ങിപ്പോയ വിൻഡീസ് ടീമിന്റെ പരിശീലകൻ!
ക്രിക്കറ്റ് ഭരണത്തിലെ കെടുകാര്യസ്ഥതയും കളിക്കാർക്കു നൽകുന്ന കുറഞ്ഞ പ്രതിഫലവും ടി20 ഫ്രാഞ്ചൈസികളുടെ മോഹന വാഗ്ദാനങ്ങളും മുതൽ കാരണങ്ങൾ പലതുണ്ട് വിൻഡീസിന്റെ പതനത്തിനു പിന്നിൽ. പരിഹാരമെന്തെന്നറിയാതെ ക്യാപ്റ്റൻമാരുടെയും കോച്ചുമാരുടെയും കസേരകളി തന്നെ നടത്തി വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡ്. പക്ഷം, ടീമിന്റെ യാത്ര താഴ്ചയിൽ നിന്നു താഴ്ചയിലേക്കു തന്നെ തുടർന്നു.
ക്രിക്കറ്റിന്റെ വന്യമായ സൗന്ദര്യവും മോഹനമായ പ്രൗഢിയും നിലനിൽക്കണമെങ്കിൽ കാലിപ്സോ താളത്തിൽ കരീബിയൻ കൊടുങ്കാറ്റ് ഇനിയും വീശിടയിച്ചേ മതിയാകൂ; ഫുട്ബോളിനു ബ്രസീൽ എന്നതു പോലെയാണ് ക്രിക്കറ്റിനു വെസ്റ്റിൻഡീസ് പകർന്നുനൽകുന്ന തനത് ലഹരി. വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡ് ഇനിയെങ്കിലും ശരിയായ ദിശയിൽ ചിന്തിച്ചുതുടങ്ങട്ടെയെന്ന് ആഗ്രഹിക്കാൻ മാത്രമേ നമുക്കാവൂ.