

വി.കെ. സഞ്‌ജു
ലോക ഭൂപടത്തിൽ എവിടെ തിരഞ്ഞാലും വെസ്റ്റിൻഡീസ് എന്നൊരു രാജ്യത്തെ കണ്ടെത്താനാവില്ല. കാരണം, അങ്ങനെയൊരു പേരുള്ളത് ക്രിക്കറ്റിന്‍റെ ഭൂപടത്തിൽ മാത്രമാണ്. 'ജനഗണമന' കേൾക്കുമ്പോൾ, അഭിമാനംകൊണ്ട് ഇന്ത്യൻ താരങ്ങളുടെ കണ്ണ് നനയാറുണ്ട്; 'ഗോഡ് സേവ് ദ കിങ്' കേൾക്കുമ്പോൾ ഇംഗ്ലിഷ് താരങ്ങൾ നെഞ്ചിൽ കൈവച്ച് കൂടെ പാടാറുണ്ട്. പക്ഷേ, 'റാലി റൗണ്ട് ദ വെസ്റ്റിൻഡീസ്' കേൾക്കുമ്പോൾ വെസ്റ്റിൻഡീസ് ക്രിക്കറ്റർമാർ താളം ചവിട്ടുകയേയുള്ളൂ, കാരണം അവർക്കത് കേവലമൊരു കാലിപ്സോ ഗാനം മാത്രം. പതിമൂന്ന് സ്വതന്ത്ര രാജ്യങ്ങളുടെ കൂട്ടായ്മയാണ് വെസ്റ്റിൻഡീസ്- ക്രിക്കറ്റ് കളിക്കാൻ മാത്രമായുണ്ടാക്കിയ ഒരു കൂട്ടായ്മ. അവർക്ക് പൊതുവായൊരു ദേശീയഗാനമില്ല, ഒരു ദേശീയപതാകയുമില്ല; പനയും ക്രിക്കറ്റ് സ്റ്റമ്പും ചിത്രീകരിച്ച പ്രശസ്തമായ ആ ലോഗൊ പോലും വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡിന്‍റേതു മാത്രമാണ്, ദേശീയതയുടെ പ്രതീകമല്ല.
പക്ഷേ, കരീബിയൻ ദേശീയത എന്നു വിളിക്കാവുന്നൊരു പൊതുവികാരമുണ്ടായിരുന്നു ഒരു കാലത്ത്- വെളുത്തവരും കറുത്തവരും തമ്മിലുള്ള പോരാട്ടത്തിന്‍റെ പ്രതീകമായും, അടിമ-ഉടമ പാരമ്പര്യത്തോടുള്ള പ്രതീകാത്മക പ്രതിഷേധങ്ങളായും മാറിയ ക്രിക്കറ്റ് മത്സരങ്ങളുടെ കാലം. ഏറ്റവുമൊടുവിൽ, വെളുത്ത ആഫ്രിക്കക്കാരോടു തോൽക്കാൻ മനസില്ലെന്ന പ്രഖ്യാപനവുമായി ദക്ഷിണാഫ്രിക്കയ്ക്കെതിരേ ബ്രയൻ ലാറ കുറിച്ച സെഞ്ചുറി വരെ നീളുന്നതാണ് ആ ചരിത്രം, അതുവരെ മാത്രം!
സിംബാബ്‌വെ മുന്നോച്ചു വച്ച 269 റൺസ് വിജയലക്ഷ്യം പിന്തുടരാനാവാതെ, നെതർലൻഡ്സിനു മുന്നിൽ വച്ച 375 റൺസ് എന്ന പടുകൂറ്റൻ ലക്ഷ്യം സംരക്ഷിക്കാനാവാതെ, ഒടുവിൽ സ്കോട്ട്ലൻഡിനു മുന്നിൽ വെറും 181 റൺസിനു പുറത്താകുകയും ചെയ്തപ്പോൾ, ലോകകപ്പ് ക്രിക്കറ്റിന്‍റെ ചരിത്രത്തിൽ ആദ്യമായി വെസ്റ്റിൻഡീസ് ഇല്ലാത്തൊരു ടൂർണമെന്‍റിനു കളമൊരുങ്ങുകയായിരുന്നു. എന്നാൽ, അവിടെ വെസ്റ്റിൻഡീസ് ക്രിക്കറ്റിന്‍റെ പതനം ആരംഭിക്കുകയല്ല, പൂർത്തിയാകുകകയായും കൂടിയായിരുന്നു.
1975ലും 1979ലും ഏകദിന ലോകകപ്പ് നേടിയവർ, 2004ൽ ചാംപ്യൻസ് ട്രോഫി നേടിയവർ, 2012ലും 2016ലും ട്വന്‍റി20 ലോകകപ്പ് നേടിയവർ... അവരില്ലാതെ ക്രിക്കറ്റ് ലോകം അടുത്ത ഏകദിന ലോകകപ്പ് കാണാൻ പോകുന്നു!
ക്ലൈവ് ലോയ്ഡിന്‍റെ പഴയ വെസ്റ്റിൻഡീസ് ഒരു ടീമായിരുന്നു, ഷായ് ഹോപ്പിന്‍റെ പുതിയ വെസ്റ്റിൻഡീസ് ഒരാൾക്കൂട്ടം മാത്രവും. ഗോർഡൻ ഗ്രീനിഡ്ജിന്‍റെയും ഡെസ്മണ്ട് ഹെയ്ൻസിന്‍റെയും പേരുകൾ ഒരുമിച്ചേ പറയാനാവൂ. ജോയൽ ഗാർനറെന്നു പറയുമ്പോൾ മൈക്കൽ ഹോൾഡിങ്ങെന്നും ആൻഡി റോബർട്ട്സെന്നും മാൽക്കം മാർഷലെന്നും കൂടി കേട്ടേ മതിയാകൂ. വിവിയൻ റിച്ചാർഡ്സ് മാത്രമായിരിക്കാം കൂട്ടത്തിലെ ഒറ്റയാൻ- ഏകദിന കരിയറിൽ അക്കാലത്തെ വിസ്മയമായിരുന്ന 90 എന്ന സ്ട്രൈക്ക് റേറ്റ് നിലനിർത്തിയ സാക്ഷാൽ കിങ് വിവ്; സച്ചിൻ ടെൻഡുൽക്കറുടെ ആരാധ്യപുരുഷൻ!
പിന്നീടിങ്ങോട്ട് അങ്ങനെ ചില ഒറ്റയാൻമാരുടെ കൂട്ടം മാത്രമായി മാറുകയായിരുന്നു വെസ്റ്റിൻഡീസ്, വിശേഷിച്ച് കോർട്ട്നി വാൽഷ് - കർട്ട്ലി ആംബ്രോസ് യുഗം കൂടി കഴിഞ്ഞതോടെ. എങ്കിലും ബ്രയൻ ലാറയും കാൾ ഹൂപ്പറും ശിവ്‌നാരായൻ ചന്ദർപോളും ദിനേശ് രാംദിനുമൊക്കെ പലപ്പോഴും തങ്ങളുടെ പ്രതിഭകൊണ്ട് ആ കൂട്ടത്തെ ഒരു ടീമാക്കി മാറ്റിയിരുന്നു. പക്ഷേ, ട്വന്‍റി20 ക്രിക്കറ്റിലെ ഒരേയൊരു യൂണിവേഴ്സൽ ബോസ് ക്രിസ് ഗെയ്‌ൽ പോലും ആ വിശേഷണം സമ്പാദിച്ചത് ഫ്രാഞ്ചൈസി ക്രിക്കറ്റിലൂടെയായിരുന്നു, വെസ്റ്റിൻഡീസ് ജെഴ്സിയിൽ ആയിരുന്നില്ല.
ലോകത്ത് ഏതു ട്വന്‍റി20 ഫ്രാഞ്ചൈസിയും മോഹിക്കുന്ന സുനിൽ നരെയ്നെയോ ആന്ദ്രെ റസലിനെയോ ഡ്വൈയ്ൻ ബ്രാവോയെയോ അവരുടെ നല്ലകാലത്ത് വിൻഡീസ് ടീമിൽ നിന്നു മാറ്റിനിർത്താൻ സെലക്റ്റർമാർക്ക് ഒരു മടിയുമുണ്ടായിട്ടില്ല. കുറേ രാജ്യങ്ങളുടെ കൂട്ടായ്മയിലൊരാളാകുന്നതിലും ഭേദം ഫ്രാഞ്ചൈസി ക്രിക്കറ്റിൽ പണം വാരുന്ന താരദൈവങ്ങളായിരിക്കുന്നതാണെന്ന് അവർക്കും തോന്നിക്കാണും.
വെസ്റ്റിൻഡീസ് ടീമിന് ലോകകപ്പ് യോഗ്യതാ റൗണ്ട് കടക്കാൻ സാധിച്ചില്ല എന്നതല്ല പ്രശ്നം, മറിച്ച്, നിക്കൊളാസ് പുരാനെയും ഷിമ്രോൺ ഹെറ്റ്‌മെയറെയും ജേസൺ ഹോൾഡറെയുമൊക്കെപ്പോലെ കരിയറിന്‍റെ പീക്കിൽ നിൽക്കുന്ന കളിക്കാരുണ്ടായിട്ടും അവർക്ക് യോഗ്യതാ റൗണ്ട് കളിക്കേണ്ടി വന്നു എന്നതാണ്.
ഇന്ത്യൻ ക്രിക്കറ്റിൽ കോഴ വിവാദം കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്ത് ബിസിസിഐ സ്വീകരിച്ച തീരുമാനമാണ്, ഒരു വാതുവയ്പ്പുകാരനും വിലയ്ക്ക് വാങ്ങാൻ കഴിയാത്ത തരത്തിലുള്ള വരുമാനം ഇവിടെ ഓരോ ക്രിക്കറ്റർക്കും ഉറപ്പാക്കണം എന്നത്. ദേശീയ ടീമിൽ ഉൾപ്പെടാത്ത കളിക്കാർ പോലും വരുമാനത്തിന്‍റെ കാര്യത്തിൽ ലോകത്തെ ഏറ്റവും സമ്പന്നരായ കായികതാരങ്ങളുമായി കിടപിടിക്കാൻ ശേഷി കൈവരിച്ചത് ആ തീരുമാനം നടപ്പായതുകൊണ്ടാണ്. എന്നാൽ, പ്രതിഫലം കൂട്ടണമെന്നാവശ്യപ്പെട്ട് സമരം ചെയ്യാനും മത്സരങ്ങൾ ബഹിഷ്കരിക്കാനും വരെ നിർബന്ധിതരായിട്ടുണ്ട് വെസ്റ്റിൻഡീസ് ക്രിക്കറ്റർമാർ. പൊതുവായ പരിശീലന സജ്ജീകരണങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്തതിന് പരാതി പറയേണ്ടത് ക്രിക്കറ്റ് ബോർഡിനോടാണോ, അതോ കടലിൽ ചിതറിക്കിടക്കുന്ന ദ്വീപുകളിലൊന്നിലെ സ്വന്തം സർക്കാരിനോടോ എന്നറിയാത്ത സന്ദിഗ്ധാവസ്ഥയിലാണവർ.
ജോഫ്ര ആർച്ചറെപ്പോലെ ചിലർ ക്രിക്കറ്റ് ലോകത്തെ പ്രവാസികളായി ഭാഗ്യപരീക്ഷണം നടത്തുമ്പോൾ, നരെയ്‌നും റസലുമെല്ലാം ക്യാപ്സൂൾ ക്രിക്കറ്റിൽ ട്വന്‍റി20യും കടന്ന് ടി10 വരെയുള്ള ലീഗുകളിൽ എത്തിനിൽക്കുന്നു. ടെസ്റ്റിനും ഏകദിനത്തിലും ഫ്രാഞ്ചൈസികളില്ലാത്തതിനാൽ കളി പഠിക്കാൻ അവസരമില്ലാതെ ഷായ് ഹോപ്പിനെയും ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റിനെയും പോലുള്ളവർ യോഗ്യതാ റൗണ്ട് കളിച്ച് തല കുനിച്ച് തിരിച്ചുപോകുന്നു. രാജ്യമില്ലാത്ത രാജാക്കൻമാരായിരുന്ന ക്ലൈവ് ലോയ്‌ഡിനെയും കിങ് വിവിനെയും രാജ്യാതിർത്തിർത്തികൾ നോക്കാതെ സ്നേഹിച്ചിരുന്ന ക്രിക്കറ്റ് പ്രേമികൾ, അവരുടെ പിൻമുറക്കാരുടെ തിരിച്ചുവരവിനായി പ്രതീക്ഷയില്ലാതെ കാത്തിരിക്കുന്നു...!