

മെസിക്ക് റെഡ് കാർഡ് കൊടുത്തില്ല; ഫിഫയ്ക്ക് പരാതി നൽകി അൾജീരിയ
കാൻസാസ് സിറ്റി: ലോകകപ്പ് മത്സരത്തിനിടെ ഗുരുതരമായി ഫൗൾ ചെയ്തിട്ടും അർജന്‍റീനയുടെ താരം ലയണൽ മെസിക്ക് ചുവപ്പ് കാർഡ് കൊടുക്കാത്തതിനെതിരേ ഔദ്യോഗികമായി പരാതി നൽകി അൾജീരിയ ടീം. ഫിഫയുടെ റെഫറീയിങ് കമ്മിഷനാണ് പരാതി നൽകിയിരിക്കുന്നത്. ഗ്രൂപ് ജെ പോരാട്ടത്തിനിടെ അൾജീരിയയെ അൾജന്‍റീന മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു.
മത്സരത്തിൽ ഹാട്രിക് നേടിയ മെസിക്ക് അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. എന്നാൽ മത്സരത്തിനിടെ ഒന്നിലേറെ തവണ റഫറി പിഴവു വരുത്തിയെന്നാണ് അൾജീരിയ വാദിക്കുന്നത്. അൾജീരിയൻ സ്കിപ്പർ ഐസ മാൻഡിയുടെ കാലിൽ മെസി ചവിട്ടുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തു വന്നതിനു പിന്നാലെ ഇക്കാര്യം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.
ഇത്തരത്തിൽ ഗുരുതരമായ ഫൗൾ ശ്രദ്ധയിൽ പെട്ടിട്ടും മെസിക്ക് ചുവന്ന കാർഡോ മഞ്ഞക്കാർഡോ നൽകിയില്ലെന്നും അൾജീരിയ ആരോപിക്കുന്നുണ്ട്. അതേ മത്സരത്തിന്‍റെ രണ്ടാം പകുതിയിൽ അർജന്‍റൈൻ മിഡ് ഫീൽഡർ അലെക്സിസ് അലിസ്റ്റർ ഇബ്രാഹിം മാസയെ കൈമുട്ടു കൊണ്ട് ഇടിച്ചുവെന്നും അതിനെയും പോളിഷ് റഫറി സൈമൺ മാഴ്സിനിയാക്ക് വേണ്ട രീതിയിൽ ഗൗനിക്കുകയോ ശിക്ഷയോ താക്കീതോ നൽകുകയോ ചെയ്തില്ലെന്നും അൾജീരിയയുടെ പരാതിയിലുണ്ട്. 2022ൽ അർജന്‍റീനയും ഫ്രാൻസും തമ്മിലുള്ള മത്സരവും നിയന്ത്രിച്ചിരുന്ന മാഴ്സിനിയാക് ആയിരുന്നു.