മെസിക്ക് ഹാട്രിക്, അൾജീരിയയെ മുക്കി അർജന്‍റീന

ഫിഫ ലോകകപ്പ് ഫുട്ബോളിൽ അൾജീരിയക്കെതിരായ അർജന്‍റീനയുടെ ഗ്രൂപ്പ് ജെ മത്സരത്തിൽ ഇതിഹാസ താരം ലയണൽ മെസി ഹാട്രിക് നേടി.
Argentina vs Algeria FIFA world cup football 2026

ഇരുനൂറാം അന്താരാഷ്ട്ര മത്സരത്തിൽ ഗോളടിച്ച അർജന്‍റീനയുടെ ഇതിഹാസ താരം ലയണൽ മെസി.

Updated on

ലോകത്തെ ഏറ്റവും വിലപിടിച്ച ഇടങ്കാലിൽ നിന്നുതിർന്ന മിന്നിൽപ്പണർ, ലൂക്കാസ് സിദാന്‍റെ കൈവിരൽത്തുമ്പുകളെ ഹ്രസ്വമായൊരു ചുംബനത്താൽ ചുട്ടുപൊള്ളിച്ചുകൊണ്ട് അൾജീരിയൻ ഗോൾ പോസ്റ്റിന്‍റെ വലതു മൂലയ്ക്ക് തീപിടിപ്പിക്കുമ്പോൾ സ്കോർ ബോർഡിൽ തെളിഞ്ഞു, 1-0. അർജന്‍റീനയുടെ കുപ്പായത്തിൽ ലയണൽ മെസിയുടെ ഇരുനൂറാമത്തെ മത്സരത്തിൽ 118-ാം അന്താരാഷ്ട്ര ഗോളിനു വേണ്ടി 17 മിനിറ്റ് മാത്രമേ ആരാധകർക്ക് കാത്തിരിക്കേണ്ടി വന്നുള്ളൂ.

മത്സരം തുടങ്ങി അഞ്ചാം മിനിറ്റിൽ വലയിലേക്ക് ലോബ് ചെയ്തിട്ട പന്തിന് ഒരു നിഴലടയാളത്തിന്‍റെ വ്യത്യാസത്തിൽ ഓഫ് സൈഡ് വിധിക്കപ്പെട്ടപ്പോൾ ഉയർന്ന നിരാശയുടെ നെടുനിശ്വാസങ്ങൾ അവിടെ ആഘോഷാരവങ്ങൾക്കു വഴിമാറുകയായിരുന്നു. അതു പക്ഷേ, അവസാനമായിരുന്നില്ല. പിന്നെയും രണ്ടു വട്ടം കൂടി സ്റ്റേഡിയവും ആർത്തിരമ്പി; ഞരമ്പുകളിൽ ഇളംനീല രക്തം തിളച്ചു പൊങ്ങി- അറുപതാം മിനിറ്റിലും എഴുപത്തിയാറാം മിനിറ്റിലും.

അങ്ങനെ മെസി ഹാട്രിക് തികച്ചു. ലോകകപ്പിൽ പതിവുള്ള പതിഞ്ഞ തുടക്കത്തിൽ നിന്ന് മോചനം നേടിയ അർജന്‍റീന, പൊരുതിക്കളിച്ച അൾജീരിയയെ നിഷ്പ്രഭരാക്കി.

നൂലിൽ കൊരുത്ത മുത്ത് പോലെ അർജന്‍റീനക്കാരുടെ കാലുകളിലൂടെ മാത്രം പന്തോടുന്നതു കണ്ടായിരുന്നു ആദ്യ പകുതിയുടെ തുടക്കം. ടൈറ്റ് മാർക്കിങ്ങിനെ പ്രതിഭയുടെ ധാരാളിത്തം കൊണ്ട് നിരന്തരം ഭേദിച്ചുകൊണ്ടിരുന്നു മെസി. അലക്സി മക്അലിസ്റ്ററും മെസിയും ചേർന്ന് അൾജീരിയൻ ഗോൾ മുഖത്ത് നിരന്തരം ഭീതി വിതച്ചുകൊണ്ടിരുന്നു. പക്ഷേ, ലൗട്ടേരോ മാർട്ടിനസ് പതിവുപോലെ അവസരങ്ങൾ പാഴാക്കാൻ തന്നോടു തന്നെ മത്സരിച്ചുകൊണ്ടിരുന്നു.

രണ്ടാം പകുതിയിൽ മാർട്ടിനസിനെയും തിയാഗോ അൽമാഡയെയും പിൻവലിച്ച് ജൂലിയൻ അൽവാരസിനെയും നിക്കോ ഗോൺസാൽവസിനെയും കളത്തിലിറക്കിയ കോച്ച് ലയണൽ സ്കലോണിയുടെ തന്ത്രം അർജന്‍റീനയുടെ കളിവേഗം കൂട്ടി. ഇതിനു ശേഷമാണ് മെസിയുടെ രണ്ടാമത്തെയും മൂന്നാമത്തെയും ഗോളുകൾ പിറന്നതും.

logo
Metro Vaartha
www.metrovaartha.com