ഈജിപ്റ്റിനെ 'അട്ടിമറിച്ച്' അർജന്‍റീന

ഫിഫ ലോകകപ്പ് 2026 പ്രീ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഈജിപ്റ്റിനെതിരേ രണ്ടു ഗോളിനു പിന്നിട്ടു നിന്ന ശേഷം മൂന്നു ഗോൾ തിരിച്ചടിച്ച് അർജന്‍റീനയുടെ അവിശ്വസനീയ തിരിച്ചുവരവ്
Argentina vs Egypt FIFA world cup 2026

ഫിഫ ലോകകപ്പ് 2026 പ്രീ ക്വാർട്ടർ ഫൈനലിൽ അർജന്‍റീന - ഈജിപ്റ്റ് മത്സരത്തിനിടെ ലയണൽ മെസി.

Updated on
Argentina vs Egypt FIFA world cup 2026

മത്സരത്തിനൊടുവിൽ കണ്ണീരോടെ വിടവാങ്ങുന്ന ഈജിപ്റ്റ് സൂപ്പർ താരം മുഹമ്മദ് സലാ.

മത്സരത്തിന്‍റെ 67ാം മിനിറ്റ് വരെ ഈജിപ്റ്റ് രണ്ടു ഗോളിനു മുന്നിൽ. പക്ഷേ, അർജന്‍റീനയ്ക്കു തോൽക്കാൻ കഴിയുമായിരുന്നില്ല. നെയ്മറുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും വഴിയേ നടക്കേണ്ടത് ലയണൽ മെസിയല്ല, മുഹമ്മദ് സലാ ആയിരിക്കണമെന്ന് അവർക്ക് നിർബന്ധമുണ്ടായിരുന്നു.

79-ാം മിനിറ്റിൽ ആശ്വാസമെന്നു വിളിക്കാവുന്ന ഗോളുമായി ക്രിസ്റ്റ്യൻ റൊമേറോ. 83-ാം മിനിറ്റിൽ മരണക്കയത്തിൽ നിന്നു പിടിച്ചുകയറ്റിയ ഗോളുമായി സാക്ഷാൽ ലയണൽ മെസി. ഒടുവിൽ 93-ാം മിനിറ്റിൽ വിജയത്തിന്‍റെ ജീവനൂതിയ എൻസോ ഫെർണാണ്ടസിന്‍റെ ഹെഡ്ഡർ.

ലോക ചാംപ്യൻമാരുടെ മുന്നിൽ മുട്ടുവിറയ്ക്കാതെ തുല്യ ശക്തികളായി പോരാടുകയായിരുന്നു, ലോക റാങ്കിങ്ങിൽ 29-ാം സ്ഥാനം മാത്രമുള്ള ഈജിപ്റ്റ്. തുടക്കം മുതൽ ഒടുക്കം വരെ ആക്രമണ ഫുട്ബോളിന്‍റെ മനോഹാരിത. പെനൽറ്റി നഷ്ടപ്പെടുത്തുന്ന മെസി, ഈജിപ്ഷ്യൻ ഗോളി മുസ്തഫ ഷൊബീറിന്‍റെ ഹീറോയിസം... എല്ലാം തികഞ്ഞൊരു ത്രില്ലറിനൊടുവിൽ ഈജിപ്ഷ്യൻ കരുത്തിനു മുകളിൽ അർജന്‍റൈൻ ഇച്ഛാശക്തിക്ക് നേർത്ത വിജയം. നിലവിലുള്ള ചാംപ്യൻമാർ ക്വാർട്ടർ ഫൈനലിൽ ഇടമുറപ്പിച്ചു!

കേപ്പ് വെർദെക്കെതിരേ ചെറുതായി പാളിയ പദ്ധതികളെല്ലാം അഴിച്ചുപണിഞ്ഞാണ് ലയണൽ സ്കലോണി ഇക്കുറി ടീമിനെ ഇറക്കിയത്. ലൗട്ടേരോ മാർട്ടിനസിനു പകരം ജൂലിയൻ അൽവാരസ് ആക്രമണനിരയിലെത്തി. മെസി പെനൽറ്റി ബോക്സിലെ പൊസിഷനിങ് അവസാനിപ്പിച്ച് മിഡ്‌ഫീൽഡിലേക്കിറങ്ങി കളി നിയന്ത്രിച്ചു. എൻസോ ഫെർണാണ്ടസും അലക്സി മക്അലിസ്റ്ററും പതിവിലേറെ ആക്രമണകാരികളായി.

പക്ഷേ, ആദ്യ പ്രഹരം, അത് ഈജിപ്റ്റിന്‍റെ വകയായിരുന്നു. 15-ാം മിനിറ്റിൽ കിട്ടിയ കോർണറിൽ നിന്ന് അർജന്‍റൈൻ ആരാധകരുടെ നെഞ്ചിൽ തീകൊരിയിട്ടുകൊണ്ട് യാസർ ഇബ്രാഹിമിന്‍റെ ഹെഡ്ഡർ എമി മാർട്ടിനസിനെ കാഴ്ചക്കാരനാക്കി അർജന്‍റീനയുടെ വലയിൽ പതിച്ചു (0-1)!

പക്ഷേ, ആറ് മിനിറ്റിനുള്ളിൽ അർജന്‍റീന സമനില തിരിച്ചുപിടിച്ചെന്ന് ഉറപ്പിച്ചു ആരാധകർ. കാരണം, പെനൽറ്റി സ്പോട്ടിൽ പന്തുമായി നിന്നത് മെസി തന്നെയായിരുന്നു. വിങ് ബാക്കുകളെ ഉപയോഗിച്ച് ആക്രമണം നയിക്കാനുള്ള സ്കലോണിയുടെ പുതിയ അടവിനൊടുവിൽ നിക്കൊളാസ് തഗ്ലിയാഫിക്കോയെ ഹൈസം ഹസൻ പെനൽറ്റി ഏരിയയിൽ കാൽ വച്ച് വീഴ്ത്തിയതിനു കൊടുത്ത ശിക്ഷ.

പക്ഷേ, മെസിയുടെ ഇടങ്കാലിൽ നിന്ന് പുറപ്പെട്ട കിക്ക് അനായാസമെന്നു തോന്നിക്കും വിധം മുസ്തഫ ഷൊബീർ തടുത്തിട്ടു. അർജന്‍റൈൻ ആരാധകരിൽ നിന്ന് അവിശ്വസനീയതയുടെ ദീർഘനിശ്വസാമുതിർന്നു. ഒരു ലോകകപ്പിൽ രണ്ട് പെനൽറ്റി നഷ്ടപ്പെടുത്തിയ ഏക ഫുട്ബോളർ എന്ന നാണക്കേടിന്‍റെ റെക്കോഡ് മെസിക്കു മേൽ ചാർത്തപ്പെട്ട നിമിഷം. ലോകകപ്പ് കരിയറിൽ, ഷൂട്ടൗട്ടിലൊഴികെ, എടുത്ത എട്ട് പെനൽറ്റികളിൽ നാലും നഷ്ടപ്പെടുത്തിയതിന്‍റെ കളങ്കവും പേറി മെസി കളി തുടർന്നു.

തുടർന്നങ്ങോട്ട് അർജന്‍റീന കളിയുടെ താളം മുറുക്കി. കുറിയ പാസുകളുടെ പതിഞ്ഞ താളം ലോങ് പാസുകളുടെയും ഓവർഹെഡ് ബോളുകളുടെയും അതിവേഗ ഫുട്ബോളിനു വഴിമാറി. മെസിയുടെയും അൽവാരസിന്‍റെയും ഓരോ ഷോട്ടുകൾ നേരിയ വ്യത്യാസത്തിൽ ഗോളാകാതെ പോയി. ഈജിപ്ഷ്യൻ ഗോൾമുഖത്ത് മുസ്തഫ ഷൊബീർ നെടുങ്കോട്ടയായി.

67-ാം മിനിറ്റിൽ വീണ്ടും ഗോൾ വല കുലുങ്ങി, ഈജിപ്റ്റിന്‍റേതല്ല, രണ്ടാം വട്ടവും അർജന്‍റീനയുടേതു തന്നെ! ആരാധകർ ഉറപ്പിച്ചു, വിമർശകരും ഉറപ്പിച്ചു, ലോക ചാംപ്യൻമാരുടെ വിധി എഴുതപ്പെട്ടിരിക്കുന്നു. 58-ാം മിനിറ്റിൽ ഫൗൾ കാരണം നിഷേധിക്കപ്പെട്ട ഗോളിനു പ്രായശ്ചിത്തം. സൂപ്പർ താരം മുഹമ്മദ് സലായിൽ നിന്നു സ്വീകരിച്ച പന്ത് ഹൈസം ഹസൻ മറിച്ചു, ആറു വാര മാത്രം അകലെ നിന്ന് മുസ്തഫ ഹസന്‍ തൊടുത്ത പന്തിന് ഗോൾ വലയിലല്ലാതെ മറ്റെങ്ങും വിശ്രമിക്കാനാവുമായിരുന്നില്ല (0-2).

തുടർന്നങ്ങോട്ടും അർജന്‍റീനയുടെ കൈമെയ് മറന്നുള്ള ആക്രമണം. പരാജയമുറപ്പിച്ച നിമിഷങ്ങളിൽ വലതു വിങ്ങിൽ നിന്ന് പെനൽറ്റി ഏരിയയിലേക്കു മെസി നൽകിയ പിൻപോയിന്‍റ് ക്രോസ്. ഈജിപ്ഷ്യൻ ഡിഫൻസിനും മുകളിൽ ഉയർന്നു ചാടിയ ക്രിസ്റ്റ്യൻ റൊമേറോയുടെ ഹെഡ്ഡർ ഗോളിയുടെ കൈയിൽ ഉരസിയിട്ടു പോലും ലക്ഷ്യം കാണാൻ മാത്രം കരുത്തുറ്റതായിരുന്നു (1-2). ഇതോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് (9) എന്ന റെക്കോഡ് സാക്ഷാൽ ഡീഗോ മറഡോണയെ മറികടന്ന് മെസി സ്വന്തമാക്കി.

ആദ്യ ഗോൾ ആശ്വാസമല്ല ആവേശമായി അർജന്‍റീനയ്ക്ക്. ആക്രമണങ്ങൾക്ക് മൂർച്ച കൂടി. വെറും നാല് മിനിറ്റിനുള്ളിൽ ഈജിപ്ഷ്യൻ പെനൽറ്റിയ ഏരിയയ്ക്കാകെ നീലനിറം. വലതുവിങ്ങിൽ നിന്നുള്ള ക്രോസ്, ഗോൺസാലോ മോണ്ടിയേൽ നിയന്ത്രണം അർജന്‍റീനയുടെ പക്കൽ നിലനിർത്തി. ബാക്ക് പാസ് സ്വീകരിച്ച അൽവാരസിന്‍റെ നീറ്റായൊരു പാസ്, മെസിയുടെ ഫസ്റ്റ് ടൈം ലെഫ്റ്റ് ഫുട്ടഡ് വോളി ഈജിപ്റ്റിന്‍റെ ഗോളിയെ കീഴടക്കി ക്രോസ് ബാറിന്‍റെ അടിയിലടിച്ച് ഗോൾ ലൈനിനുള്ളിൽ പതിക്കുന്നു (2-2).

റെക്കോഡുകളുടെ കുത്തൊഴുക്കായിരുന്നു അത്:

  • തുടരെ ഒമ്പതാം ലോകകപ്പ് മത്സരത്തിൽ ഗോൾ. 2022 മുതലിങ്ങോട്ട് ഇത്രയും മത്സരങ്ങളിൽ 13 എണ്ണം.

  • ലോകകപ്പിൽ തുടരെ ആറ് നോക്കൗട്ട് മത്സരങ്ങളിൽ ഗോളടിക്കുന്ന ആദ്യ താരം.

  • ഈ ലോകകപ്പിൽ എട്ടാം ഗോളുമായി ഗോൾഡൻ ബൂട്ട് മത്സരത്തിൽ കിലിയൻ എംബാപ്പെയെയും എർലിങ് ഹാലൻഡിനെയും പിന്നിലാക്കി.

  • ഒറ്റ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളടിക്കുന്ന അർജന്‍റീനക്കാരനുമായി മെസി. 1930ൽ ഗില്ലർമോ സ്റ്റാബൈൽ സ്ഥാപിച്ച റെക്കോഡാണ് 96 വർഷത്തിനിപ്പുറം തകർന്നത്.

  • ഏറ്റവും കൂടുതൽ ലോകകപ്പ് ഗോൾ എന്ന റെക്കോഡ് 21 ആയി ഉയർത്തുകയും ചെയ്തു മെസി.

പിന്നെയങ്ങോട്ട് ലോക ചാംപ്യൻമാരുടെ ആധികാരികതയോടെ അർജന്‍റീന കത്തിക്കയറി. റെഗുലർ ടൈമിനൊടുവിലെ ഇൻജുറി ടൈമിൽ, എക്സ്ട്രാ ടൈമെങ്കിൽ എക്സ്ട്രാ ടൈം, ഷൂട്ടൗട്ടെങ്കിൽ ഷൂട്ടൗട്ട് എന്ന് അർജന്‍റൈൻ ആരാധകർ ആശ്വാസം കൊള്ളുമ്പോൾ, അർജന്‍റീനയുടെ കൗണ്ടർ അറ്റാക്ക്. സബ്സ്റ്റിറ്റ്യൂട്ടായിറങ്ങിയ ലൗട്ടേരോ മാർട്ടിനസ് പാർശ്വത്തിൽ നിന്ന് നിയന്ത്രണത്തിലെടുത്ത പന്ത് ഡേഞ്ചർ സോണിലേക്ക് ക്രോസ് ചെയ്യുന്നു. മിഡ്ഫീൽഡർ എൻസോ ഫെർണാണ്ടസ് കൃത്യമായി ടൈം ചെയ്ത്, മാർക്കറെ കബളിപ്പിച്ച റണ്ണിനൊടുവിൽ മുന്നോട്ടു ഡൈവ് ചെയ്ത് ഉതിർത്ത ഹെഡ്ഡർ ഷൊബീറിനെ ഒരിക്കൽക്കൂടി കീഴടക്കി (3-2).

ഇതോടെ അർജന്‍റീന ക്വാർട്ടർ ഫൈനലിൽ ഇടമുറപ്പിച്ചു. വിജയമുറപ്പിച്ച മത്സരത്തിൽ നിന്ന് മിനിറ്റുകളുടെ ഇടവേളയിൽ പരാജയത്തിലേക്കു നിപതിച്ച ഈജിപ്ഷ്യൻ താരങ്ങൾ പരുക്കൻ അടവുകൾ പുറത്തെടുത്തു. അവസാന നിമിഷങ്ങളിൽ റഫറി നിരന്തരം മഞ്ഞക്കാർഡുകൾ വീശി. കളിക്കാർക്കൊപ്പം ഈജിപ്ഷ്യൻ ഒഫീഷ്യൽസിനും കിട്ടി ബുക്കിങ്. ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ, നെയ്മറിനും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും പിന്നാലെ ലാസ്റ്റ് ഡാൻസ് പൂർത്തിയാക്കി മുഹമ്മദ് സലാ മടങ്ങി. നെയ്മറെയും റോണോയെയും പോലെ കളി കഴിഞ്ഞ് മെസിയും കരഞ്ഞു, പക്ഷേ, മരണത്തിൽ നിന്നു തിരിച്ചുവന്നവന്‍റെ ആനന്ദക്കണ്ണീരായിരുന്നു അത്.

logo
Metro Vaartha
www.metrovaartha.com