

സ്ലാവ്കോ വിൻസിച്ച്.
2026 ഫിഫ ലോകകപ്പിന്‍റെ ഫൈനൽ പോരാട്ടത്തിന് കളമൊരുങ്ങുമ്പോൾ, ആരാധകരുടെ കണ്ണുകൾ പന്തിൽ മാത്രമല്ല, കളി നിയന്ത്രിക്കുന്ന റഫറിയിലും കൂടിയാണ്. സ്പെയിനും അർജന്‍റീനയും തമ്മിൽ നടക്കുന്ന കലാശപ്പോരാട്ടം നിയന്ത്രിക്കാൻ ഫിഫ റഫറി കമ്മിറ്റി തെരഞ്ഞെടുത്തത് സ്ലോവേനിയൻ റഫറിയായ സ്ലാവ്‌കോ വിൻസിച്ചിനെയാണ്. റഫറി കമ്മിറ്റി ചെയർമാൻ പിയർലൂജി കോളിനയുടെ പ്രഖ്യാപനം വന്നതോടെ ഫുട്ബോൾ ലോകത്ത് വലിയ ചർച്ചകളും തുടങ്ങി.
അർജന്‍റീനയും ഇംഗ്ലണ്ടും തമ്മിലുള്ള സെമി ഫൈനൽ മത്സരം നിയന്ത്രിച്ച മൊറോക്കോക്കാരൻ ഇസ്മയിൽ എൽഫാത്ത് അർജന്‍റീനയുടെ ഭാഗ്യ റഫറിയാണെന്ന മട്ടിൽ പ്രചാരണങ്ങളുണ്ടായിരുന്നു. ആ രീതിയിൽ ചിന്തിച്ചാൽ, അർജന്‍റീനയ്ക്ക് അത്ര ഭാഗ്യമുള്ള റഫറിയല്ല വിൻസിച്ച്. അർജന്‍റീന 2022 ഖത്തർ ലോകകപ്പിൽ സൗദി അറേബ്യയോട് തോറ്റ മത്സരത്തിൽ അദ്ദേഹമായിരുന്നു റഫറി. അതേസമയം, ഈ മത്സരത്തിന്‍റെ പത്താം മിനിറ്റിൽ അർജന്‍റീനയ്ക്ക് അനുകൂലമായി അദ്ദേഹം പെനൽറ്റി വിധിക്കുകയും ലയണൽ മെസി അത് ഗോളാക്കുകയും ചെയ്തിരുന്നു. ഒടുവിൽ അർജന്‍റീന ലോകകപ്പും നേടിയെങ്കിലും സൗദി അറേബ്യയോട് ഏറ്റ തോൽവി അർജന്‍റീനയുടെ ഫുട്ബോൾ ചരിത്രത്തിലെ ഇരുണ്ട അധ്യായം തന്നെയാണ്.
ഈ ലോകകപ്പിന്‍റെ ഫൈനൽ നിയന്ത്രിക്കാൻ പോകുന്ന സ്വാവ്കോ വിൻസിച്ച് തന്‍റെ കരിയറിൽ ഇതിനകം 512 പ്രൊഫഷണൽ മത്സരങ്ങൾ നിയന്ത്രിച്ചിട്ടുള്ള പരിചയസമ്പന്നനായ റഫറിയാണ്. യുവേഫ ചാംപ്യൻസ് ലീഗ് ഫൈനലും യൂറോപ്പ ലീഗ് ഫൈനലും ഉൾപ്പെടെ പല വമ്പൻ മത്സരങ്ങളും ഈ 46 വയസുകാരൻ നിയന്ത്രിച്ചു. 2024-ലെ ചാംപ്യൻസ് ലീഗ് ഫൈനലും, ഈ ലോകകപ്പിലെ മെക്‌സിക്കോ - ഇക്വഡോർ, ബ്രസീൽ - മൊറോക്കോ, അൾജീരിയ - ജോർദാൻ മത്സരങ്ങളും നിയന്ത്രിച്ചത് അദ്ദേഹമാണ്.
അതേസമയം, വിൻസിച്ചിന്‍റെ 'മോറൽ സൈഡ്' കുറച്ച് വീക്കാണ് എന്നൊരു ആക്ഷേപം വിമർശകർ ഉന്നയിക്കുന്നുണ്ട്. ഇത് റഫറിയിങ് കരിയറുമായി ബന്ധപ്പെട്ടുള്ള കാര്യമല്ലെന്നു മാത്രം. 2020-ൽ ബോസ്‌നിയ ആൻഡ് ഹെർസഗോവിനയിലെ ബിജെൽജിനയിൽ നടന്ന ഒരു പോലീസ് റെയ്ഡിനിടെ ഇദ്ദേഹം കസ്റ്റഡിയിലായിരുന്നു. മയക്കുമരുന്ന്-പെൺവാണിഭ സംഘത്തെ പിടികൂടാൻ നടത്തിയതായിരുന്നു ആ റെയ്ഡ്! ഒമ്പത് സ്ത്രീകളും 26 പുരുഷന്മാരും അടങ്ങുന്ന ആ സംഘത്തിൽ നിന്ന് കൊക്കെയ്ൻ പാക്കറ്റുകൾ, 10 പിസ്റ്റളുകൾ, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ എന്നിവയും വലിയ തുക പണവും പൊലീസ് അന്നു കണ്ടെടുത്തിരുന്നു.
വിവാദങ്ങളുടെ കരിനിഴലുകൾ വിൻസിച്ചിനെ പിന്തുടരുമ്പോഴും റഫറി എന്ന നിലയിൽ കാര്യമായ ചീത്തപ്പേര് കേൾപ്പിച്ചിട്ടില്ല അദ്ദേഹം. ഈ ലോകകപ്പിലെ റഫറിയിങ്ങിനെച്ചൊല്ലി ഇതിനകം നിരവധി വിവാദങ്ങൾ ഉയർന്നു കഴിഞ്ഞ സാഹചര്യത്തിൽ ഫിഫയെ സംബന്ധിച്ച് സെയ്ഫ് ബെറ്റ് തന്നെയാണ് വിൻസിച്ച്.