

1978-ൽ ലോകകപ്പ് ജേതാക്കളായ അർജന്‍റീനയുടെ ക്യാപ്റ്റൻ ഡാനിയൽ പാസറേല ട്രോഫിയുമായി.
അർജന്‍റീന ലോകകപ്പിൽ ഓരോ ഗോളടിക്കുമ്പോഴും ഓരോ കളി ജയിക്കുമ്പോഴും പുതിയ ആരോപണങ്ങളുയരും. 1978 മുതലുള്ള ചരിത്രമുണ്ടതിന്. അർജന്‍റീനയുടെ കടുത്ത ആരാധകർ പോലും അധികം പറഞ്ഞു കേൾക്കാത്ത കന്നി ലോകകപ്പ് ജയം, ചരിത്രത്തിൽ ഏറ്റവും കുപ്രസിദ്ധിയാർജിച്ച ലോകകപ്പായിരുന്നു അത്.
1976-ൽ അർജന്‍റീനയിൽ അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത ജോർജ് വിദേല എന്ന ഏകാധിപതിയുടെ ഭരണത്തിൻ കീഴിലാണ് 1978-ൽ ലോകകപ്പ് നടക്കുന്നത്. സ്വന്തം ജനങ്ങളെ ക്രൂരമായി കൊന്നൊടുക്കുന്ന ഒരു ഭരണകൂടം തങ്ങളുടെ വികൃത മുഖം മറച്ചുവയ്ക്കാൻ ഫുട്ബോളിനെ ഒരു ആയുധമാക്കുകയായിരുന്നു.
ഏകദേശം മുപ്പതിനായിരത്തോളം അർജന്‍റീനക്കാരാണ് ആ കാലഘട്ടത്തിൽ ഭരണകൂട ഭീകരതയാൽ കൊലചെയ്യപ്പെടുകയോ കാണാതാവുകയോ ചെയ്തത്. ലോകകപ്പ് ഫൈനൽ നടത്തിയ പ്രശസ്തമായ എസ്റ്റാഡിയോ മോനുമെന്‍റൽ സ്റ്റേഡിയത്തിന് വെറും ഒരു മൈൽ മാത്രം അകലെയായിരുന്നു സൈന്യത്തിന്‍റെ പീഡനകേന്ദ്രമായ 'ESMA' നിലനിന്നിരുന്നത്. സ്റ്റേഡിയത്തിൽ ഉയരുന്ന ആർപ്പുവിളികൾ പീഡനമുറിയിലെ ഇരുട്ടറകളിൽ വരെ പ്രതിധ്വനിച്ചിരുന്നുവത്രെ!
ആ ലോകകപ്പിലെ ഏറ്റവും വലിയ വിവാദം അർജന്‍റീനയും പെറുവും തമ്മിൽ നടന്ന രണ്ടാം റൗണ്ട് മത്സരത്തെച്ചൊല്ലിയുള്ളതാണ്. കളി ജയിച്ചാൽ അർജന്‍റീനയ്ക്കും ബ്രസീലിനും തുല്യ പോയിന്‍റാകും. ഫൈനലിൽ ഹോളണ്ടിനെ നേരിടാൻ യോഗ്യത നേടണമെങ്കിൽ ഗോൾ വ്യത്യാസത്തിൽ ബ്രസീലിനു മുന്നിലെത്തണം. അതിനു പെറുവിനെ നാല് ഗോളിനെങ്കിലും തോൽപ്പിക്കണം.
ബ്രസീലിന്‍റെ മത്സരം കഴിഞ്ഞ് അർജന്‍റീനയുടെ കളി ഷെഡ്യൂൾ ചെയ്തതോടെ തന്നെ പ്രശ്നമായി. ആവശ്യമായ ഗോൾ വ്യത്യാസമറിഞ്ഞ് കളിക്കാൻ ഇത് അർജന്‍റീനയെ സഹായിച്ചു. കളി തുടങ്ങുന്നതിന് തൊട്ടുമുൻപ് ഏകാധിപതി ജോർജ് വിദേല നേരിട്ട് പെറുവിന്‍റെ ഡ്രസിങ് റൂമിൽ കളിക്കാരെ 'സന്ദർശിച്ചു'. അത് അവരെ ഭീഷണിപ്പെടുത്തുന്നതിനു തുല്യമായിരുന്നു എന്ന് ആരോപണമുയർന്നു.
കളിക്കളത്തിൽ പെറു പ്രതിരോധം നിഷ്പ്രഭരായി. അർജന്‍റീന എതിരില്ലാത്ത 6 ഗോളുകൾക്ക് ജയിച്ചുകയറി. അർജന്‍റൈൻ ഭരണകൂടം പെറുവിന് വൻതോതിൽ ധാന്യങ്ങളും പണവും കോഴ കൊടുത്താണ് ഇതു സാധിച്ചതെന്നായിരുന്നു അടുത്ത ആരോപണം.
1978 ലോകകപ്പ് നടക്കുമ്പോൾ അർജന്‍റീനയിലെ സൈനിക ഏകാധിപതിയായിരുന്ന ജോർജ് വിദേല.
ഹോളണ്ടും അർജന്‍റീനയും തമ്മിലായിരുന്നു ഫൈനൽ. ഏഴ് മിനിറ്റ് വൈകിയാണ് ആതിഥേയ ടീം കളിക്കാനിറങ്ങിയത്. എതിരാളികളുടെ മനോവീര്യം തകർക്കാൻ പരമ്പരാഗതമായി പ്രയോഗിച്ചുവരുന്ന ഒരു തന്ത്രമാണിത്. ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളിൽ ടോസ് ചെയ്യാൻ വൈകിയെത്തി സ്റ്റീവ് വോയെ പോലുള്ള എതിർ ക്യാപ്റ്റൻമാരെ പ്രകോപിപ്പിച്ചിരുന്ന സൗരവ് ഗാംഗുലിയുടെ ടാക്റ്റിക്സ് പോലെയൊന്ന്.
ഏതായാലും ഒന്നിനെതിരേ മൂന്ന് ഗോളിനു ജയിച്ച് അർജന്‍റീന തങ്ങളുടെ ആദ്യ ലോകകപ്പ് കിരീടം ചൂടി. ഗോൾഡൻ ബോളും ഗോൾഡൻ ബൂട്ടും ഒരുമിച്ച് സ്വന്തമാക്കിയ മരിയോ കെംപസ് അന്നവരുടെ വീരനായകനുമായി.
മരിയോ കെംപസ്- അർജന്‍റീനയുടെ ആദ്യ ലോകകപ്പ് ഹീറോ.
എന്നാൽ, കള്ളക്കളിയും രാഷ്ട്രീയ ഇടപെടലുകളും രാജ്യത്തെ മനുഷ്യാവകാശ ലംഘനങ്ങളുമൊക്കെ ഉന്നയിച്ച് റണ്ണേഴ്സ് അപ്പായ ഹോളണ്ട് സമ്മാനദാനച്ചടങ്ങ് ബഹിഷ്കരിച്ചു. മെഡലുകൾ വാങ്ങാനോ ഏകാധിപതിയുടെ കൈയിൽ നിന്ന് ട്രോഫി സ്വീകരിക്കാനോ അവർ കൂട്ടാക്കിയില്ല. എന്നാൽ, ഫുട്ബോളിലൂടെ ലോകവേദിയിൽ രാജ്യത്തിന്‍റെ പ്രതിച്ഛായ ഉയർത്താനും, ലോകകപ്പ് നേട്ടത്തിലൂടെ സ്വന്തം ജനതയെ തൃപ്തിപ്പെടുത്താനും ജോർജ് വിദേലയ്ക്കു സാധിച്ചു.
പിന്നീടിങ്ങോട്ട് ഡീഗോ മറഡോണ എന്ന ലോകോത്തര ഫുട്ബോളറുടെ തണലിൽ അർജന്‍റീന 1986ൽ ലോകകപ്പ് നേടി. നൂറ്റാണ്ടിന്‍റെ ഗോളും നൂറ്റാണ്ടിലെ ഏറ്റവും വിവാദമായ ഗോളും മറഡോണയുടെ കാലിൽനിന്നുതിർന്ന ടൂർണമെന്‍റ്. ദൈവത്തിന്‍റെ കൈ എന്നു മറഡോണ തന്നെ വിശേഷിപ്പിച്ച ഹാൻഡ് ബോൾ ഗോൾ കണ്ടുപിടിക്കാൻ അന്ന് VAR ടെക്നോളജിയൊന്നും ഉണ്ടായിരുന്നില്ല.
2022 എത്തിയപ്പോഴേക്കും ലയണൽ മെസിക്കു വേണ്ടി ഫിഫ പക്ഷപാതം കാണിക്കുന്നു എന്ന ആരോപണം ഉയർന്നു തുടങ്ങി. 2026ൽ എത്തിയപ്പോഴേക്കും, സോഷ്യൽ മീഡിയയിൽ കൂടുതൽ ശക്തിയാർജിച്ച സമാന ആരോപണങ്ങൾ അർജന്‍റീനക്കെതിരേ ഈജിപ്റ്റിന്‍റെ പരിശീലകൻ ഹുസാം ഹസൻ ആവർത്തിച്ചതോടെ ലോകം മുഴുവൻ ഈ ചർച്ച കൂടുതൽ സജീവമായിരിക്കുന്നു.