തുടങ്ങിയിടത്തു തന്നെ ഒടുക്കം; നെയ്മർ വിരമിച്ചു

നോർവേയോടുള്ള ലോകകപ്പ് പ്രീക്വാർട്ടർ തോൽവിക്കുശേഷം 34കാരനായ നെയ്മർ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു; പരുക്കുകൾ വേട്ടയാടിയ കരിയറിന് അർഹിച്ചതിലും നേരത്തേ അന്ത്യം
Neymar Retires: Brazil star ends international career at MetLife Stadium

നോർവേക്കെതിരായ ഫിഫ ലോകകപ്പ് പ്രീക്വാർട്ടർ തോൽവിക്കു ശേഷം കണ്ണീരോടെ മൈതാനം വിടുന്ന ബ്രസീൽ സൂപ്പർ താരം നെയ്മർ.

Updated on

''മെറ്റ് ലൈഫ് സ്റ്റേഡിയത്തിലായിരുന്നു തുടക്കം, ഇവിടെ തന്നെ ഒടുക്കവും, ഇതാ എല്ലാം കഴിഞ്ഞിരിക്കുന്നു'', ഫിഫ ലോകകപ്പ് പ്രീക്വാർട്ടർ ഫൈനലിൽ നോർവേയോടു തോറ്റ ശേഷം നെയ്മർ കണ്ണീരണിഞ്ഞു. അന്താരാഷ്ട്ര ഫുട്ബോളിനോട് വിടപറഞ്ഞു. വയസ് 34, ഒരു കാലത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ലയണൽ മെസിക്കുമൊപ്പം എഴുതപ്പെട്ട പേര്, ആ കണക്കിൽ ഇനിയുമൊരു ലോകകപ്പിനു ബാല്യം. പക്ഷേ, പ്രതിഭയുടെ പരകോടിയിലേക്കടുക്കാൻ പരുക്കുകൾ എന്നും വിഘാതമായി നിന്ന കരിയറിന് അർഹിച്ചതിലും നേരത്തെ അവസാനിക്കാനാണ് നിയോഗം.

2010 ഓഗസ്റ്റ് ഒമ്പതിനായിരുന്നു ബ്രസീലിന്‍റെ കുപ്പായത്തിൽ നെയ്മറുടെ ആദ്യ അന്താരാഷ്ട്ര മത്സരം, യുഎസിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിൽ. യുഎസിനെതിരായ സൗഹൃദ മത്സരത്തിന്‍റെ 28-ാം മിനിറ്റിൽ ആ പതിനെട്ടുകാരൻ ഗോളടിച്ചു.

പതിനാറ് വർഷത്തിനിപ്പുറം, 129ാം അന്താരാഷ്ട്ര മത്സരത്തിൽ, അതേ സ്റ്റേഡിയത്തിൽ നോർവേക്കെതിരേ ഇൻജുറി ടൈമിൽ പെനൽറ്റിയാണെങ്കിലും ഒരു ഗോൾ കൂടി അടിച്ച് വിട പറയുമ്പോൾ അയാൾക്കത് 80-ാം ഗോളായി എണ്ണാൻ കഴിഞ്ഞെന്നു വരില്ല. തന്‍റെ ടീമിന്‍റെ, ലോകമെങ്ങും നിറയുന്ന ആരാധകരുടെ വിഷാദത്തിൽനിന്ന് ഒരു തുള്ളി പോലും തുടച്ചു മാറ്റാൻ കഴിയാത്തതിന്‍റെ നിരാശ മാത്രമായിരിക്കും അയാളുടെയുള്ളിൽ.

''ഞാൻ ശ്രമിച്ചു''- ഹ്രസ്വമായൊരു യാത്രാമൊഴിയിൽ നെയ്മർ പറഞ്ഞു. അതു സത്യവുമായിരുന്നു. സബസ്റ്റിറ്റ്യൂട്ടായി മാത്രം കളത്തിലിറങ്ങിയിട്ടും, ഗോളടിച്ചത് തോൽവി ഉറപ്പിച്ച ശേഷമായിരുന്നിട്ടും, തന്‍റെയാ വിന്‍റേജ് വികൃതി നോർവേ ഗോളി റിയാൻ നൈലാൻഡിനു മുന്നിൽ പ്രദർശിപ്പിക്കുക കൂടി ചെയ്താണ് അയാൾ കളം വിട്ടത്.

കിക്കെടുക്കാൻ വന്ന നെയ്മറെ നോക്കി നൈലാൻഡ് വെല്ലുവിളിച്ചു, "നിന്‍റെ കിക്ക് ഞാൻ തടുക്കും!"

"നിനക്ക് അത്രയ്ക്ക് ഉറപ്പാണോ? പന്ത് നിനക്ക് എവിടെ വേണം?" എന്ന മട്ടിലായിരുന്നു നെയ്മറുടെ പ്രതികരണം.

പെനാൽറ്റി കൃത്യമായി വലയിലെത്തിച്ച ശേഷം, പന്തുമായി തിരികെ പോകുന്നതിന് പകരം നെയ്മർ നേരെ നെയ്‌ലാൻഡിനു നേരേ ആക്രോശിച്ചു, ''എന്നെ തടുക്കാൻ നിനക്ക് പറ്റില്ല''.

കളിയുടെ ഗതി തിരിക്കാൻ ആ പെനൽറ്റിക്കു സാധിച്ചില്ല. പക്ഷേ, ആദ്യ പെനൽറ്റിയെ‌ടുക്കുമ്പോൾ അയാൾ കളത്തിലുണ്ടായിരുന്നെങ്കിലെന്ന് ആരാധകരപ്പോൾ വെറുതേ ആശിച്ചു പോയിട്ടുണ്ടാവും. നോർവേയുടെ വൈക്കിങ് പിൻമുറക്കാർ ആശ്വസിച്ചിട്ടുണ്ടാവും.

നെയ്മർ ഉണ്ടായിരുന്നെങ്കിൽ, കളിയുടെ 14-ാം മിനിറ്റിൽ കിട്ടിയ പെനൽറ്റി എടുക്കാൻ മറ്റൊരാളെ തേടേണ്ടി വരുമായിരുന്നില്ല ബ്രസീലിന്. അവരാദ്യം വിനീഷ്യസിനു കൊടുത്ത പന്ത് പിന്നെ ബ്രൂണോ ഗ്വിമറേസിനു കൈമാറി, നൈലാൻഡ് അത് അനായസമെന്നു തോന്നും വിധം തടുത്തിടുകയും ചെയ്തു. 1986-നു ശേഷം ബ്രസീൽ നഷ്ടപ്പെടുത്തുന്ന ആദ്യത്തെ പെനൽറ്റി കിക്ക്! (ഷൂട്ടൗട്ടുകൾ ഒഴികെ).

ഈ ലോകകപ്പിൽ ബ്രസീൽ കളിച്ച അഞ്ച് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് നെയ്മർ സബ് ആയെങ്കിലും കളിക്കാനിറങ്ങിയത്. സ്കോട്ട്ലൻഡിനെതിരായ ഗ്രൂപ്പ് മത്സരത്തിൽ 15 മിനിറ്റാണ് അയാളെ കളത്തിൽ കണ്ടത്. പക്ഷേ, ബ്രസീൽ ആരാധകരുടെ ഹൃദയഭിത്തികളിലെ ഫ്ളക്സ് ബോർഡുകളിൽ മെസിയെക്കാളും റൊണാൾഡോയെക്കാളും എംബാപ്പെയെക്കാളും ഉയരത്തിൽ വയ്ക്കാൻ അവർ തെരഞ്ഞെടുത്ത കട്ടൗട്ട് വിനീഷ്യസിന്‍റേതോ കാസെമിറോയുടേതോ ഒന്നുമായിരുന്നില്ല, നെയ്മറുടേതായിരുന്നു, ഒരേയൊരു നെയ്മർ!

നെയ്മറുടെ കാലിലേക്ക് ആ പെനൽറ്റി കിക്ക് എത്തുമ്പോഴേക്കും ഈ ലോകകപ്പിൽ ബ്രസീലിന്‍റെ വിധി എഴുതപ്പെട്ടു കഴിഞ്ഞിരുന്നു. പിന്നാലെ, അയാൾ തന്‍റെ വിധിയും പ്രഖ്യാപിച്ചു- എതിരാളികളോടും പരുക്കുകളോടും പോരാടി ഇനി തുടരാൻ ഞാനില്ല...! ആരാധകർക്ക് ഫ്ളക്സിൽ വയ്ക്കാൻ പുതിയൊരു മുഖം തേടാം. ബ്രസീലിയൻ ഫു‌ട്ബോളിൽ ഇനി തലമുറ മാറ്റത്തിന്‍റെ കാലം.

logo
Metro Vaartha
www.metrovaartha.com