

ഗോൾ ആഘോഷിക്കുന്ന ബോസ്നിയ ആൻഡ് ഹെർസഗോവിനയുടെ കൗമാര താരം കെരിം അലാജ്ബെഗോവിച്ച്.
സിയാറ്റിൽ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ബിയിലെ നിർണായക പോരാട്ടത്തിൽ ഏഷ്യൻ കരുത്തരായ ഖത്തറിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് (3-1) തകർത്ത് ബോസ്നിയ ആൻഡ് ഹെർസഗോവിന നോക്കൗട്ട് (റൗണ്ട് ഓഫ് 32) യോഗ്യത നേടി. സിയാറ്റിൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബോസ്നിയയുടെ 18 വയസുകാരൻ താരം കെരിം അലാജ്ബെഗോവിച്ച് നേടിയ ലോകോത്തര സോളോ ഗോൾ മത്സരത്തിലെ പ്രധാന ആകർഷണമായി മാറി.
ഈ വിജയത്തോടെ നാല് പോയിന്‍റുമായി ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ബോസ്നിയ, മികച്ച മൂന്നാം സ്ഥാനക്കാരായാണ് തങ്ങളുടെ ചരിത്രത്തിലാദ്യമായി അടുത്ത ഘട്ടത്തിലേക്ക് കടന്നത്. മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട ഖത്തർ ടൂർണമെന്‍റിൽ നിന്നു പുറത്തായി.
തങ്ങളുടെ ഇതിഹാസ ക്യാപ്റ്റൻ എഡിൻ ഡെക്കോ 150-ാം അന്താരാഷ്ട്ര മത്സരത്തിന് ഇറങ്ങിയ രാത്രിയിൽ തുടക്കം മുതൽ ബോസ്നിയൻ ഡ്രാഗൺസ് തകർപ്പൻ ആക്രമണമാണ് അഴിച്ചുവിട്ടത്. ഖത്തർ കീപ്പർ മഹ്മൂദ് അബുനാദ നിരവധി മികച്ച സേവുകളിലൂടെ ആദ്യം ബോസ്നിയെ തടഞ്ഞു നിർത്തിയെങ്കിലും 29-ാം മിനിറ്റിൽ ആ പ്രതിരോധ പൂട്ട് തകർന്നു.
29-ാം മിനിറ്റിൽ മത്സരത്തിലെ ആദ്യ ഗോൾ വീണു. ബോസ്നിയയുടെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായ 18-കാരൻ കെരിം അലാജ്ബെഗോവിച്ച് വലത് വിങ്ങിൽ നിന്നു രണ്ട് ഖത്തർ പ്രതിരോധ നിരക്കാരെ വെട്ടിയൊഴിഞ്ഞ് ബോക്സിന് വെളിയിൽ നിന്നു തൊടുത്ത മനോഹരമായ റൈറ്റ് ഫൂട്ടഡ് ഷോട്ട് ഖത്തർ വലയുടെ ടോപ്പ് കോർണറിലേക്ക് തുളച്ചുകയറി.
അഞ്ച് മിനിറ്റുകൾക്കുള്ളിൽ ബോസ്നിയ ലീഡുയർത്തി. എഡിൻ ഡെക്കോ തൊടുത്ത തകർപ്പൻ ഹാഫ് വോളി ഖത്തർ ഡിഫെൻഡർ സുൽത്താൻ അൽ ബ്രേക്കിന്‍റെ തുടയിൽ തട്ടി നിർഭാഗ്യവശാൽ കീപ്പർ അബുനാദയുടെ ശരീരത്തിലും തട്ടി സ്വന്തം വലയിലേക്ക് തന്നെ കയറുകയായിരുന്നു.
രണ്ട് ഗോൾ വഴങ്ങിയിട്ടും പതറാതെ കളിച്ച ഖത്തർ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് ഒരു ഗോൾ മടക്കി. 42-ാം മിനിറ്റിലായിരുന്നു ഇത്. വിങ്ങർ എഡ്മിൽസൺ ജൂനിയർ ഇടതുഭാഗത്തുനിന്ന് നൽകിയ മികച്ചൊരു പാസ് സ്വീകരിച്ച് ക്യാപ്റ്റൻ ഹസ്സൻ അൽ ഹെയ്ദോസ് ക്ലോസ് റേഞ്ച് ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു.
ഹൂലൻ ലോപെറ്റെഗിയുടെ പരിശീലനത്തിലിറങ്ങിയ ഖത്തർ രണ്ടാം പകുതിയിൽ സമനില ഗോളിനായി തങ്ങളുടെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ അൽമോയസ് അലിയെ കളത്തിലിറക്കി കനത്ത സമ്മർദം ചെലുത്തി. എന്നാൽ 82-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ എർമിൻ മഹ്മിച്ച് ബോസ്നിയയുടെ വിജയമുറപ്പിച്ച മൂന്നാം ഗോൾ നേടി. മഹ്മിച്ച് തൊടുത്ത ഷോട്ട് ഖത്തർ പ്രതിരോധക്കാരന്‍റെ ശരീരത്തിൽ തട്ടി ദിശമാറിയാണ് വലയിൽ പതിച്ചത് (3-1).
ലോകകപ്പ് ചരിത്രത്തിൽ ബോസ്നിയ ആൻഡ് ഹെർസഗോവിനയുടെ രണ്ടാമത്തെ മാത്രം വിജയമാണിത്. ഇതിനുമുൻപ് 2014 ബ്രസീൽ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം മത്സരത്തിൽ ഇതേ സ്കോറിന് അവർ ഇറാനെ പരാജയപ്പെടുത്തിയിരുന്നു. കളിയിലെ താരം കെരിം അലാജ്ബെഗോവിച്ച്.