'വീട്ടിലിരുന്ന് ജോലി ചെയ്യുന്ന താരം'; നെയ്മറെ ഉന്നം വച്ച് ബ്രസീൽ പ്രസിഡന്‍റ്, പരാമർശം വിവാദത്തിൽ

നെയ്മർ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന കളിക്കാരനായി മാറിയെന്ന് ലുയിസ് ഡാ സിൽവ പറഞ്ഞു
brazil president mocks neymar

നെയ്മർ, ലുയിസ് ഡാ സിൽവ

Updated on

റിയോ ഡി ജനീറോ: പരുക്കേറ്റതിനെത്തുടർന്ന് ഫിഫ ലോകകകപ്പിൽ ബ്രസീലിനു വേണ്ടി ആദ‍്യ രണ്ടു മത്സരവും കളിക്കാൻ സാധിക്കാതിരുന്ന സ്റ്റാർ താരം നെയ്മറിനെ പരിഹസിച്ച് ബ്രസീൽ പ്രസിഡന്‍റ് ലുയിസ് ഡാ സിൽവ.

നെയ്മർ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന കളിക്കാരനായി മാറിയെന്ന് ലുയിസ് ഡാ സിൽവ പറഞ്ഞു. ബ്രസീലിലെ മിനാസ് ഗെറൈസ് സംസ്ഥാനത്തിന്‍റെ തലസ്ഥാനമായ ബെലോ ഹൊറിസോണ്ടിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ സംസാരിക്കുന്നതിനിടെ വേദിയിലിരുന്ന കുട്ടിയോട് ദേശീയ ടീമിലെ ഏറ്റവും മികച്ച താരം ആരാണെന്ന് പ്രസിഡന്‍റ് ചോദിച്ചു. നെയ്മറാണെന്ന് കുട്ടി പറഞ്ഞപ്പോൾ അതിന് അദ്ദേഹം കളിക്കുന്നില്ലല്ലോയെന്നായിരുന്നു പ്രസിഡന്‍റ് മറുപടി പറഞ്ഞത്.

നെയ്മർ ഹോം ഓഫിസ് താരമാണെന്നും പ്രസിഡന്‍റ് പരിഹസിച്ചു. കളിക്കാനിറങ്ങാതെ സെലക്ഷൻ ലിസ്റ്റിൽ ഇടം നേടി വീട്ടിൽ ഇരിക്കുന്ന താരമാണ് നെയ്മറെന്നാണ് പ്രസിഡന്‍റിന്‍റെ പക്ഷം. സംഭവം വിവാദങ്ങൾക്ക് വഴിവച്ചതോടെ പ്രസിഡന്‍റിനെതിരേ വലിയ വിമർശനമാണ് ഉയരുന്നത്.

പരുക്കിൽ നിന്നും മുക്തനായി സ്കോട്ട്ലൻഡിനെതിരായ മത്സരത്തിൽ തിരിച്ചുവരവിനൊരുങ്ങുകയാണ് നെയ്മർ. ഇതിനിടെയാണ് പ്രസിഡന്‍റിൽ നിന്നും ഇത്തരത്തിൽ ഒരു പരാമർശമുണ്ടായിരിക്കുന്നത്. പരുക്കിന്‍റെ പേരിൽ നെയ്മറെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം അടുത്ത മത്സരത്തിൽ അതിശക്തമായി തിരിച്ചുവരുമെന്നും ആരാധകർ മറുപടി നൽകി.

ലുയിസ് ഡാ സിൽവയുടെ രാഷ്ട്രീയ എതിരാളിയായ മുൻ ബ്രസീലിയൻ പ്രസിഡന്‍റ് ജെയർ ബോൾസോനാരോയെ നേരത്തെ നെയ്മർ പരസ‍്യമായി പിന്തുണച്ചിരുന്നു. ഇതാണ് ഇത്തരത്തിലൊരു പരാമർശത്തിന് വഴിയൊരുങ്ങിയതെന്നാണ് സൂചന. സ്കോട്ട്ലൻഡിനെതിരേ നെയ്മർ കളിക്കുമെന്ന കാര‍്യം കഴിഞ്ഞ ദിവസം പരിശീലകൻ കാർലോ ആൻസലോട്ടി സ്ഥിരീകരിച്ചിരുന്നു.

logo
Metro Vaartha
www.metrovaartha.com