ബ്രസീലിന് നാടകീയ ജയം; ജപ്പാനെ കണ്ണീരണിയിച്ച് മാർട്ടിനെല്ലി

ഇഞ്ചുറി ടൈമിൽ ഗബ്രിയേൽ മാർട്ടിനെല്ലിയുടെ ഗോളിലൂടെ ബ്രസീൽ പ്രീക്വാർട്ടറിൽ; ലീഡ് എടുത്തിട്ടും തുടർച്ചയായി മൂന്നാം തവണ നോക്കൗട്ടിൽ തകർന്നത് ജപ്പാൻ
Brazil vs Japan FIFA world cup 2026

ഇൻജുറി ടൈമിൽ ബ്രസീലിന്‍റെ വിജയഗോൾ നേടിയ ഗബ്രിയേൽ മാർട്ടിനെല്ലി.

Updated on

ലോകകപ്പിലെ നോക്കൗട്ട് ശാപം വിട്ടുമാറാതെ ജപ്പാൻ! ഒരിക്കൽക്കൂടി നോക്കൗട്ട് സ്റ്റേജിൽ ലീഡെടുത്ത ശേഷം ഇഞ്ചുറി ടൈമിൽ കളി കൈവിട്ട് ജപ്പാൻ ലോകകപ്പിൽ നിന്നു കണ്ണീരോടെ പുറത്തായി. ഹൂസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ, അഞ്ച് തവണ ലോക ചാംപ്യൻമാരായ ബ്രസീൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് (2-1) സാമുറായ്സിനെ തകർത്തത്. കളി തീരാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെ ഗബ്രിയേൽ മാർട്ടിനെല്ലി നേടിയ നാടകീയ ഗോളാണ് ബ്രസീലിന് പ്രീ-ക്വാർട്ടർ ടിക്കറ്റ് സമ്മാനിച്ചത്.

നോക്കൗട്ട് ഘട്ടത്തിൽ ലീഡെടുത്ത ശേഷം ജപ്പാൻ തോറ്റു പുറത്താകുന്നത് ഇത് തുടർച്ചയായ മൂന്നാം തവണയാണ്. ഫിഫ ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ ഒരു നോക്കൗട്ട് മത്സരം പോലും ജയിക്കാനാകാത്ത ജപ്പാന്‍റെ അഞ്ചാം പരാജയവുമാണിത്.

ബ്രസീലിനെതിരേ അഞ്ച് ഡിഫൻഡർമാരെ അണിനിരത്തിയ ഹജിമെ മൊറിയാസുവിന്‍റെ ജപ്പാൻ തുടക്കത്തിൽ കാർലോ ആൻസലോട്ടിയുടെ തന്ത്രങ്ങളെ നിഷ്പ്രഭമാക്കിയിരുന്നു. ബ്രസീലിന്‍റെ വിഖ്യാത മിഡ്ഫീൽഡർമാരായ കാസെമിറോയെയും ലൂക്കാസ് പക്വേറ്റയെയും പൂട്ടാൻ അവർക്കായി.

മത്സരത്തിന്‍റെ ഇരുപത്തിയൊൻപതാം മിനിറ്റിൽ ഹൂസ്റ്റൺ സ്റ്റേഡിയത്തെ നിശബ്ദമാക്കി ജപ്പാൻ ആദ്യ വെടിപൊട്ടിച്ചു. ബുണ്ടസ് ലിഗ താരം കൈഷു സാനോ ബ്രസീൽ നിരയിൽ നിന്നു പന്ത് തട്ടിയെടുത്ത് ഒറ്റയ്ക്കുള്ള മുന്നേറ്റത്തിനൊടുവിൽ തൊടുത്ത ബുള്ളറ്റ് ഷോട്ട് ബ്രസീൽ വലയുടെ ഇടത് വശത്തേക്ക് തുളച്ചുകയറി.

ആദ്യ പകുതിയിൽ 66 ശതമാനവും പന്തടക്കിവെച്ചിട്ടും ഒരു ഗോൾ പോലും നേടാനാകാതെ ബ്രസീൽ പതറി. രണ്ടാം പകുതിയിൽ ബ്രസീൽ പരിശീലകൻ ആൻസലോട്ടി വരുത്തിയ മാറ്റങ്ങൾ കളിയുടെ ഗതി മാറ്റി. പരിക്കേറ്റ പക്വേറ്റയ്ക്ക് പകരം 19 വയസുകാരനായ വിസ്മയ താരം എൻഡ്രിക്കിനെ ഇറക്കി ബ്രസീൽ ആക്രമണത്തിന് മൂർച്ച കൂട്ടി.

ആദ്യ പകുതിയിൽ നിറംമങ്ങിയ ഇതിഹാസ താരം കാസെമിറോ ക്രമേണ കളിയിലേക്ക് ശക്തമായി തിരിച്ചുവന്നു. ഗബ്രിയേൽ മഗൽഹായെസ് നൽകിയ മനോഹരമായ പാസ് ഒരു തകർപ്പൻ ഹെഡ്ഡറിലൂടെ വലയിലെത്തിച്ച് കാസെമിറോ 56-ാം മിനിറ്റിൽ ബ്രസീലിന് സമനില ഗോളും സമ്മാനിച്ചു.

Brazil vs Japan: Martinelli’s injury-time winner knocks Japan out, extends knockout curse

ബ്രസീലിനു വേണ്ടി ആദ്യ ഗോൾ നേടിയ കാസെമിറോ.

തൊട്ടുപിന്നാലെ വിനീഷ്യസ് ജൂനിയർ ജപ്പാൻ പ്രതിരോധത്തെ ഡ്രിബ്ലിംഗിലൂടെ കീറിമുറിച്ച് തൊടുത്ത വെടിയുണ്ട ഷോട്ട് ജപ്പാൻ കീപ്പർ സിയോൺ സുസുക്കിയെ മറികടന്നെങ്കിലും പന്ത് പോസ്റ്റിൽ തട്ടി തെറിച്ചു. സുസുക്കിയുടെ മികച്ച നാല് സേവുകളാണ് സമനില നീട്ടിക്കൊണ്ടുപോയത്.

മത്സരം അധികസമയത്തേക്ക് നീങ്ങുമെന്ന് ഉറപ്പിച്ചിരിക്കെ, ഇഞ്ചുറി ടൈമിന്‍റെ ആറാം മിനിറ്റിലാണ് (90+6') കളിയിലെ ഏറ്റവും നാടകീയ നിമിഷം പിറന്നത്. പകരക്കാരനായി ഇറങ്ങിയ ബ്രസീലിന്‍റെ ബ്രൂണോ ഗ്വിമാരസ് നൽകിയ ഒരു അളന്നുമുറിച്ച പാസ് സ്വീകരിച്ച് ഗബ്രിയേൽ മാർട്ടിനെല്ലി ബോക്സിനുള്ളിൽ നിന്നു തൊടുത്ത ഷോട്ട് ജപ്പാൻ പ്രതിരോധത്തിലും വലത് പോസ്റ്റിലും തട്ടി വലയിലേക്ക് കയറി! ബ്രസീൽ ക്യാംപിൽ വന്യമായ ആഘോഷങ്ങൾ അണപൊട്ടിയപ്പോൾ ജപ്പാൻ താരങ്ങൾ വീണ്ടും മൈതാനത്ത് തകർന്നു വീണു. ലോകകപ്പ് നോക്കൗട്ട് ചരിത്രത്തിൽ ആദ്യ പകുതിയിൽ പിന്നിൽ നിന്ന ശേഷം ബ്രസീൽ ഒരു മത്സരം ജയിച്ചു തിരിച്ചുവരുന്നത് 1938-ന് ശേഷം ഇതാദ്യമായാണ്!

logo
Metro Vaartha
www.metrovaartha.com