മയാമിയിൽ വിനീഷ്യസ് ഷോ; നെയ്മർ ഇറങ്ങി, സ്കോട്ട്ലൻഡിനെ തകർത്ത് ബ്രസീൽ

വിനീഷ്യസ് ജൂനിയറിന്‍റെ ഇരട്ട ഗോളും മത്തേവസ് കൂഞ്ഞയുടെ ഫിനിഷിങ്ങും; ഗ്രൂപ്പ് സി ജേതാക്കളായി ബ്രസീൽ നോക്കൗട്ടിൽ
Brazil vs Scotland FIFA world cup 2026

നെയ്ർ ഒടുവിൽ പകരക്കാരനായി കളത്തിലിറങ്ങി; ബ്രസീൽ ആരാധകർക്ക് ആഘോഷം.

Updated on

മയാമി: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് സി പോരാട്ടത്തിൽ യൂറോപ്യൻ കരുത്തരായ സ്കോട്ട്ലൻഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് (3-0) തകർത്ത് അഞ്ച് വട്ടം ചാംപ്യന്മാരായ ബ്രസീൽ ഗ്രൂപ്പ് ജേതാക്കളായി നോക്കൗട്ടിലേക്ക് (റൗണ്ട് ഓഫ് 32) യോഗ്യത നേടി. മയാമി സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ സൂപ്പർ താരം വിനീഷ്യസ് ജൂനിയറിന്‍റെ ഇരട്ട ഗോളുകളും മത്തേവസ് കൂഞ്ഞയുടെ തകർപ്പൻ ഫിനിഷിങ്ങുമാണ് കാനറികൾക്ക് ആധികാരിക വിജയം സമ്മാനിച്ചത്.

ഈ വിജയത്തോടെ 7 പോയിന്‍റുമായി ബ്രസീൽ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ, 3 പോയിന്‍റും മൈനസ് 3 ഗോൾ വ്യത്യാസവുമുള്ള സ്കോട്ട്ലൻഡിന്‍റെ നോക്കൗട്ട് പ്രതീക്ഷകൾ ഇനി മറ്റ് ഗ്രൂപ്പുകളിലെ ഫലങ്ങളെ ആശ്രയിച്ചായിരിക്കും.

സ്കോട്ട്ലൻഡിനെ പിടിച്ചുലച്ച് വിനീഷ്യസ്

മത്സരത്തിന്‍റെ ആറാം മിനിറ്റിൽ തന്നെ സ്കോട്ടിഷ് പ്രതിരോധത്തിന്‍റെ പിഴവ് മുതലെടുത്ത് ബ്രസീൽ ലീഡെടുത്തു. 7-ാം മിനിറ്റിൽ സ്കോട്ടിഷ് ഡിഫെൻഡർ സ്കോട്ട് മക്കെന്നയുടെ ബാക്ക് പാസ് ബ്രസീലിന്‍റെ കൗമാരതാരം റായൻ തടഞ്ഞു. പന്ത് ലഭിച്ച വിനീഷ്യസ് ജൂനിയർ സ്കോട്ടിഷ് കീപ്പർ ആംഗസ് ഗണ്ണിനെ വെട്ടിയൊഴിഞ്ഞ് പന്ത് വലയിലെത്തിച്ചു (1-0). തുടർച്ചയായ മൂന്നാം ലോകകപ്പ് മത്സരത്തിലായിരുന്നു വിനിയുടെ ഈ ഗോൾവേട്ട.

പിന്നീട് വിനീഷ്യസ് വീണ്ടും വലകുലുക്കിയെങ്കിലും വാർ (VAR) പരിശോധനയിൽ അത് ഫൗളാണെന്ന് കണ്ടെത്തി റഫറി ഗോൾ നിഷേധിച്ചു. എന്നാൽ, ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിലെ മൂന്നാം മിനിറ്റിൽ ബ്രസീൽ രണ്ടാം ഗോൾ നേടി. മിഡ്ഫീൽഡർ ബ്രൂണോ ഗിമാരസ് നൽകിയ മനോഹരമായ ക്രോസ് സ്കോട്ടിഷ് കീപ്പർ ഗണ്ണിന്‍റെ കൈകളിൽ ഒതുങ്ങാതെ പോയപ്പോൾ, കൃത്യമായി ഒടിയെത്തിയ വിനീഷ്യസ് ഹെഡ്ഡറിലൂടെ പന്ത് വലയിലെത്തിച്ചു (2-0).

കൂഞ്ഞയും നെയ്മറും

രണ്ടാം പകുതിയിലും ബ്രസീൽ ആക്രമണം തുടർന്നു. സ്കോട്ടിഷ് കീപ്പർ ആംഗസ് ഗണ്ണിന്‍റെ മികച്ച ചില സേവുകളാണ് കൂടുതൽ ദയനീയമായ തോൽവിയിൽ നിന്ന് അവരെ രക്ഷിച്ചത്. എന്നാൽ, 60-ാം മിനിറ്റിൽ ബ്രസീൽ മൂന്നാം ഗോൾ കണ്ടെത്തി.

വീണ്ടും ബ്രൂണോ ഗിമാരസിന്‍റെ അസിസ്റ്റ്. ബ്രൂണോ നൽകിയ പാസ് സ്വീകരിച്ച് മത്തേവസ് കൂഞ്ഞ നിയർ പോസ്റ്റിലേക്ക് തൊടുത്ത തകർപ്പൻ ഷോട്ട് സ്കോട്ടിഷ് വല തുളച്ചു. രണ്ട് മത്സരങ്ങളിൽ കൂഞ്ഞയുടെ മൂന്നാം ഗോളാണിത്.

മറുഭാഗത്ത് സ്കോട്ട് മക്ടോമിനിയുടെയും ഫെർഗൂസന്‍റെയും ഗോളെന്നുറച്ച മുന്നേറ്റങ്ങൾ ബ്രസീലിയൻ കീപ്പർ അലിസൺ ബെക്കർ അതിസാഹസികമായി തട്ടിയകറ്റിയതോടെ ബ്രസീൽ തങ്ങളുടെ തുടർച്ചയായ രണ്ടാം ക്ലീൻ ഷീറ്റ് ഉറപ്പിച്ചു. ലോകകപ്പിൽ 50 ക്ലീൻ ഷീറ്റുകൾതികയ്ക്കുന്ന ആദ്യ രാജ്യമായും ബ്രസീൽ മാറി.

മത്സരത്തിന്‍റെ 76-ാം മിനിറ്റിൽ ആരാധകരെ ആവേശത്തിലാഴ്ത്തി സൂപ്പർ താരം നെയ്മർ ജൂനിയർ പകരക്കാരനായി കളത്തിലിറങ്ങി. നീണ്ട മൂന്ന് വർഷങ്ങൾക്കു ശേഷമുള്ള താരത്തിന്‍റെ അന്താരാഷ്ട്ര തിരിച്ചുവരവായിരുന്നു ഇത്.

ഇതിഹാസങ്ങൾക്കൊപ്പം വിനീഷ്യസ്!

ഈ മത്സരത്തിലെ ഇരട്ട ഗോളുകളോടെ വിനീഷ്യസ് ജൂനിയർ ഒരു അപൂർവ്വ ബ്രസീലിയൻ റെക്കോർഡിനൊപ്പമെത്തി. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും ഗോൾ നേടുന്ന അഞ്ചാമത്തെ ബ്രസീലിയൻ താരമായി വിനി മാറി. മുൻപ് ജെയർസീഞ്ഞോ (1970), റൊമാരിയോ (1994), റൊണാൾഡോ, റിവാൾഡോ (രണ്ടുപേരും 2002-ൽ) എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയത്. ആ നാല് തവണയും ബ്രസീൽ തന്നെയാണ് ലോകകപ്പ് കിരീടം ചൂടിയത്! കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും വിനീഷ്യസ് ജൂനിയർ തന്നെ.

അടുത്ത മത്സരം

ഗ്രൂപ്പ് സി ചാംപ്യന്മാരായ ബ്രസീൽ ജൂൺ 29-ന് ഗ്രൂപ്പ് എഫ്-ലെ റണ്ണേഴ്സ് അപ്പുമായി നോക്കൗട്ടിൽ ഏറ്റുമുട്ടും.

logo
Metro Vaartha
www.metrovaartha.com