

ക്രിസ്റ്റ്യൻ റൊമേറോയും ജൂലിയൻ അൽവാരസും മുഹമ്മദ് സലായും മത്സരത്തിനിടെ.
അർജന്‍റീനയോടേറ്റ നാടകീയ തോൽവിക്കു പിന്നാലെ മാധ്യമങ്ങൾക്കു മുന്നിൽ കടുത്ത അമർഷവും രോഷവും പ്രകടിപ്പിച്ച് ഈജിപ്റ്റ് പരിശീലകൻ ഹുസാം ഹസൻ. റഫറിയുടെ തീരുമാനങ്ങൾ പക്ഷപാതപരവും അർജന്‍റീനയ്ക്ക് അനുകൂലവുമായിരുന്നുവെന്ന് ആരോപിച്ച അദ്ദേഹം, ഫിഫയ്ക്കും ലയണൽ മെസിക്കുമെതിരേ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. ഇതിൽ പ്രതിഷേധിച്ച് ഈ ലോകകപ്പിലെ ഒരു മത്സരവും താനിനി കാണില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഹുസാം ഹസന്‍റെ വാർത്താസമ്മേളനത്തിലെ പ്രധാന ഭാഗങ്ങൾ:
"ഞങ്ങൾ തോറ്റതല്ല, കൃത്യമായ ആസൂത്രണത്തിലൂടെ ഞങ്ങളെ തോൽപ്പിച്ചതാണ്. ഈജിപ്റ്റ് കളിച്ചത് അർജന്‍റീനയോടു മാത്രമല്ല, റഫറിയോടും VAR ഒഫീഷ്യൽസിനോടും കൂടിയായിരുന്നു. ലയണൽ മെസിയും അർജന്‍റീനയും ടൂർണമെന്‍റിൽ തുടരേണ്ടത് ഫിഫയുടെ ആവശ്യമാണ്. അതിനായി ഒരു ടീമിന്‍റെ കഠിനാധ്വാനത്തെ മുഴുവൻ റഫറിമാർ ഇല്ലാതാക്കി. രണ്ടാം പകുതിയിൽ ഞങ്ങൾ നേടിയ ഗോൾ ബാലിശമായ കാരണം പറഞ്ഞ് റദ്ദാക്കി. കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ മുഹമ്മദ് സലായെ ബോക്സിൽ വീഴ്ത്തിയതിന് ഞങ്ങൾക്ക് പെനൽറ്റി നൽകിയില്ല.
ഈ ടൂർണമെന്‍റിലെ ഏറ്റവും മികച്ച പ്രകടനമാണ് എന്‍റെ കളിക്കാർ പുറത്തെടുത്തത്. രണ്ട് ഗോളുകൾക്ക് മുന്നിട്ടു നിന്ന ഞങ്ങളെ റഫറിയുടെ തെറ്റായ തീരുമാനങ്ങളാണ് മാനസികമായി തളർത്തിയത്. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ അനീതിയാണ് അറ്റ്‌ലാന്‍റയിൽ നടന്നത്. ഇതിനെതിരേ ഫിഫയ്ക്ക് പരാതി നൽകും, പക്ഷേ അതുകൊണ്ട് കാര്യമൊന്നുമില്ലെന്നു ഞങ്ങൾക്ക് നന്നായറിയാം."
വിവാദത്തിന്‍റെ പശ്ചാത്തലം
രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം അവസാന 13 മിനിറ്റിൽ മൂന്ന് ഗോളുകൾ തിരിച്ചടിച്ചാണ് നിലവിലെ ചാംപ്യന്മാരായ അർജന്‍റീന രക്ഷപെട്ടത്. മത്സരത്തിലെ റഫറിയിങ് തീരുമാനങ്ങളും VAR ഇടപെടലുകളും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
അവസാന നിമിഷങ്ങളിൽ അർജന്‍റീന മൂന്നാം ഗോൾ നേടിയതോടെ നിയന്ത്രണം നഷ്ടപ്പെട്ട ഈജിപ്ഷ്യൻ ഒഫീഷ്യലുകൾ റഫറിയുമായി കടുത്ത തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് ഈജിപ്റ്റിന്‍റെ ഗോൾകീപ്പിങ് കോച്ചിന് റഫറി റെഡ് കാർഡ് വരെ നൽകി.
വംശീയ ആരോപണം ഉന്നയിച്ച് ആംഗ്യം കാണിക്കുന്ന ഈജിപ്റ്റ് കോച്ച് ഹുസാം ഹസൻ.
VAR നിഷേധിച്ച ഗോൾ: ഈജിപ്റ്റ് 1-0 ന് മുന്നിൽ നിൽക്കുമ്പോൾ 58-ാം മിനിറ്റിൽ മുസ്തഫ സിക്കോ നേടിയ രണ്ടാം ഗോൾ VAR പരിശോധനയിലൂടെ റഫറി ഫ്രാൻസ്വാ ലെറ്റെക്സിയർ റദ്ദാക്കി. ഗോൾ നീക്കത്തിന്‍റെ തുടക്കത്തിൽ അർജന്‍റീന ബോക്സിന് അടുത്തുവച്ച് ഈജിപ്റ്റിന്‍റെ മർവാൻ അത്തിയ അർജന്‍റീന പ്രതിരോധ താരം ലിസാൻഡ്രോ മാർട്ടിനസിനെ ഫൗൾ ചെയ്തതായിരുന്നു കാരണം. എന്നാൽ, എതിർ ബോക്സിനടുത്തു വച്ചുണ്ടായ സംഭവത്തിന്‍റെ പേരിൽ ഇത്രയും മികച്ചൊരു ഗോൾ നിഷേധിച്ചത് ശരിയായില്ലെന്നാണ് ചില മുൻ ഫുട്ബോൾ താരങ്ങളും വിദഗ്ധരും അഭിപ്രായപ്പെടുന്നത്.
നിരസിച്ച പെനൽറ്റി അപ്പീൽ: കളി 2-2 എന്ന നിലയിലായിരിക്കെ, ഈജിപ്ഷ്യൻ താരം മുഹമ്മദ് സലാ ബോക്സിനുള്ളിൽ വീണെങ്കിലും റഫറി പെനൽറ്റി അനുവദിച്ചില്ല. എന്നാൽ, സലായുടെ കാലിൽനിന്ന് ജൂലിയൻ അൽവാരസ് പന്ത് തട്ടിത്തെറിപ്പിച്ച ശേഷമാണ് ഇരുവരുടെയും കാലുകൾ പരസ്പരം സ്പർശിക്കുന്നത്. സലായെ അൽവാരസ് ഫൗൾ ചെയ്തതായി കണക്കാക്കാൻ അതു പോരെന്നാണ് റൂൾ ബുക്ക് പ്രകാരമുള്ള വിശദീകരണം.
വിന്നിങ് ഗോൾ: പെനൽറ്റി നിഷേധിച്ചതിനു തൊട്ടുപിന്നാലെ അർജന്‍റീന നടത്തിയ കൗണ്ടർ അറ്റാക്കിൽ നിന്നാണ് ഇൻജുറി ടൈമിൽ (90+3') എൻസോ ഫെർണാണ്ടസ് വിജയഗോൾ നേടുന്നത്. തങ്ങൾക്ക് കിട്ടേണ്ടുന്ന പെനൽറ്റി നിഷേധിച്ചതാണ് കളി തോൽക്കാൻ കാരണമായതെന്ന് ഈജിപ്റ്റ് താരങ്ങൾ ആരോപിക്കുന്നു.
മെസി നഷ്ടപ്പെടുത്തിയ പെനൽറ്റി: ഇതിനൊക്കെ മുൻപ് 21-ാം മിനിറ്റിൽ ഈജിപ്റ്റ് 1-0 ന് മുന്നിൽ നിൽക്കുമ്പോൾ അർജന്‍റീനയ്ക്ക് അനുകൂലമായി പെനൽറ്റി വിധിച്ചിരുന്നു. നിക്കോളാസ് ടാഗ്ലിയാഫിക്കോയെ ഹൈസം ഹസ്സൻ ഫൗൾ ചെയ്തതിനായിരുന്നു ഇത്. എന്നാൽ, ഇതൊരു സ്വാഭാവിക ടാക്കിൾ മാത്രമായിരുന്നു എന്നാണ് വിമർശകർ വാദിക്കുന്നത്. ലയണൽ മെസി എടുത്ത കിക്ക് ഈജിപ്ഷ്യൻ ഗോൾകീപ്പർ മുസ്തഫ ഷൊബീർ തടുത്തതു കാരണം മറ്റു സംഭവങ്ങളുടെയത്രയും ഇതു ചർച്ച ചെയ്യപ്പെട്ടില്ലെന്നു മാത്രം.
ഫിഫ പ്രസിഡന്‍റിന്‍റെ വ്യാജ ചിത്രങ്ങൾ: മത്സരം പുരോഗമിക്കുന്നതിനിടയിൽ, അർജന്‍റീന പിന്നിലായപ്പോൾ ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോ ഗാലറിയിലിരുന്ന് നിരാശപ്പെടുന്ന രീതിയിലുള്ള ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. അർജന്‍റീന ടൂർണമെന്‍റിൽ തുടരണമെന്ന് ഫിഫ ആഗ്രഹിക്കുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങൾക്ക് ശക്തി ഇതു കാരണമായി. എന്നാൽ, ഇൻഫാന്‍റിനോ ഈ മത്സരം കാണാൻ സ്റ്റേഡിയത്തിൽ എത്തിയിരുന്നില്ല എന്നതാണ് യാഥാർഥ്യം.