ഖത്തറിനെ തകർത്ത് ക്യാനഡയ്ക്ക് ചരിത്ര വിജയം

ജോനാഥൻ ഡേവിഡിന് ഹാട്രിക്; 9 പേരുമായി ചുരുങ്ങിയ ഖത്തറിനെ ആറ് ഗോളിന് തകർത്ത് ക്യാനഡയ്ക്ക് ലോകകപ്പ് ചരിത്രത്തിലെ ആദ്യ ജയം
Canada vs Qatar FIFA world cup 2026

ഖത്തറിനെതിരേ ഹാട്രിക് നേടിയ ക്യാനഡയുടെ സൂപ്പർ സ്ട്രൈക്കർ ജൊനാഥൻ ഡേവിഡ്.

Updated on

വാൻകൂവർ: സഹആതിഥേയരായ ക്യാനഡയ്ക്ക് ഫിഫ ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ വിജയം. ഗ്രൂപ്പ് ബിയിൽ നടന്ന ഏകപക്ഷീയമായ മത്സരത്തിൽ ഖത്തറിനെ എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് (6-0) ക്യാനഡ തകർത്തുവിട്ടത്. വാൻകൂവറിലെ ബിസി പ്ലേസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൂപ്പർ സ്‌ട്രൈക്കർ ജോനാഥൻ ഡേവിഡ് ഹാട്രിക്കുമായി തിളങ്ങി.

കെയ്ലി ലാറിൻ, നാഥൻ സാലിബ എന്നിവരും ക്യാനഡയ്ക്കായി വലകുലുക്കിയപ്പോൾ ഒരെണ്ണം ഖത്തറിന്‍റെ വക ഓൺ ഗോളായിരുന്നു. രണ്ട് ചുവപ്പ് കാർഡുകൾ കണ്ട് 9 പേരുമായാണ് ഹുലൻ ലോപെറ്റെഗിയുടെ ഖത്തർ മത്സരം പൂർത്തിയാക്കിയത്. ഈ തകർപ്പൻ ജയത്തോടെ രണ്ട് മത്സരങ്ങളിൽ നിന്ന് 4 പോയിന്‍റായ ക്യാനഡ നോക്കൗട്ട് റൗണ്ടിന്‍റെ തൊട്ടരികിലെത്തി.

ഖത്തറിന് മേൽ കനത്ത സമ്മർദം ചെലുത്താൻ മത്സരത്തിന് മുൻപ് ആരാധകരോടും കളിക്കാരോടും കനേഡിയൻ പരിശീലകൻ ജെസ്സി മാർഷിന്‍റെ ആഹ്വാനമുണ്ടായിരുന്നു. കളി തുടങ്ങി 16-ാം മിനിറ്റിൽ തന്നെ ബോസ്നിയക്കെതിരെയുള്ള കഴിഞ്ഞ മത്സരത്തിൽ ഗോൾ നേടിയ കെയ്ലി ലാറിനിലൂടെ ക്യാനഡ ലീഡെടുത്തു. കീപ്പർ തടുത്ത പന്തിന്‍റെ റീബൗണ്ടിൽ നിന്നായിരുന്നു ലാറിന്‍റെ ഗോൾ (1-0). 29-ാം മിനിറ്റിൽ ജോനാഥൻ ഡേവിഡ് ഒരു കിടിലൻ വോളിയിലൂടെ ക്യാനഡയുടെ ലീഡ് രണ്ടാക്കി ഉയർത്തി (2-0).

30-ാം മിനിറ്റിൽ ക്യാനഡയുടെ താജോൺ ബുക്കാനനെ ഫൗൾ ചെയ്തതിന് ഖത്തറിന്‍റെ ഹോമാൻ അഹമ്മദ് നേരിട്ട് ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ഖത്തറിന്‍റെ തകർച്ച തുടങ്ങി. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ (45+3 മിനിറ്റ്) ഡേവിഡ് തന്‍റെ രണ്ടാം ഗോളും നേടി ക്യാനഡയെ 3-0 ന് മുന്നിലെത്തിച്ചു.

രണ്ടാം പകുതിയിലും ഖത്തറിന്‍റെ ദുരിതം തുടർന്നു. ക്യാനഡയുടെ ഇസ്മായിൽ കോനെയെ ഫൗൾ ചെയ്തതിന് ഖത്തർ താരം അസിം മദിബോയും ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ഖത്തർ 9 പേരായി ചുരുങ്ങി. ഈ ഫൗളിൽ പരിക്കേറ്റ കോനെയെ കണ്ണീരോടെയാണ് മൈതാനത്ത് നിന്നും മാറ്റിയത്.

തുടർന്ന് 64-ാം മിനിറ്റിൽ ലഭിച്ച ഫ്രീ കിക്ക് മനോഹരമായി വലയിലെത്തിച്ച് നാഥൻ സാലിബ ക്യാനഡയുടെ നാലാം ഗോൾ നേടി (4-0). 75-ാം മിനിറ്റിൽ ഖത്തർ താരം മുഹമ്മദ് മനായുടെ വക ഒരു ഓൺ ഗോൾ കൂടി വന്നതോടെ സ്കോർ 5-0 ആയി. ഒടുവിൽ മത്സരത്തിന്‍റെ ഇഞ്ചുറി ടൈമിൽ (90+2 മിനിറ്റ്) ജോനാഥൻ ഡേവിഡ് തന്‍റെ ഹാട്രിക് ഗോൾ തികച്ചതോടെ ക്യാനഡ 6-0 ന്‍റെ ചരിത്ര വിജയം പൂർത്തിയാക്കി. ജോനാഥൻ ഡേവിഡ് തന്നെയാണ് മത്സരത്തിലെ 'പ്ലെയർ ഓഫ് ദി മാച്ച്'.

ഈ മത്സരത്തിലെ ഹാട്രിക്കോടെ ജോനാഥൻ ഡേവിഡ് ഒരു അപൂർവ റെക്കോർഡിന് ഉടമയായി. 1966 ലോകകപ്പിൽ ഇംഗ്ലണ്ടിനായി ജഫ് ഹർസ്റ്റ് ഹാട്രിക് നേടിയ ശേഷം, സ്വന്തം മണ്ണിൽ വെച്ച് നടക്കുന്ന ലോകകപ്പ് മത്സരത്തിൽ ഹാട്രിക് നേടുന്ന ആദ്യ താരം എന്ന ചരിത്ര നേട്ടമാണ് ഡേവിഡ് സ്വന്തമാക്കിയത്.

ഞങ്ങൾ ആരാണെന്ന് ഇന്ന് ലോകത്തിന് കാണിച്ചുകൊടുത്തു എന്ന് മത്സരശേഷം കനേഡിയൻ സ്ട്രൈക്കർ കെയ്ലി ലാറിൻ അവകാശപ്പെട്ടു. ഞങ്ങളിലെ ഭൂരിഭാഗം കളിക്കാരും വലിയ പശ്ചാത്തലമൊന്നുമില്ലാതെ വന്നവരാണ്. ഞങ്ങളുടെ പോരാട്ടവീര്യമാണ് ഇന്ന് പുറത്തെടുത്തത്. ലോകവേദിയിൽ മികച്ച പ്രകടനം നടത്താൻ ഞങ്ങൾക്ക് കഴിയുമെന്ന് തെളിയിച്ചു. ഇത് തുടക്കം മാത്രമാണ്. ഇസ്മായിൽ കോനെയുടെ പരിക്ക് ഞങ്ങളെ മാനസികമായി വിഷമിപ്പിച്ചു, എങ്കിലും ഞങ്ങൾ കളിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. സ്വിറ്റ്സർലൻഡുമായുള്ള അടുത്ത മത്സരം വരികയാണ്, ഞങ്ങളുടെ ജോലി ഇനിയും തീർന്നിട്ടില്ല. കോനെയ്ക്ക് വേണ്ടിയാകും ഞങ്ങൾ ഇനി കളിക്കുക- കെയ്ലി ലാറിൻ കൂട്ടിച്ചേർത്തു.

ആരാധകരെ ആവേശത്തിന്‍റെ കൊടുമുടിയിലെത്തിക്കുന്ന ഫുട്ബോളാണ് കളിക്കാൻ ആഗ്രഹിച്ചതെന്ന് കനേഡിയൻ പരിശീലകൻ ജെസ്സി മാർഷ്. ഞങ്ങളുടെ കളി മികവും മാനസികാവസ്ഥയും കാണിച്ചുകൊടുക്കാൻ സാധിച്ചു. ഇന്ന് സ്റ്റേഡിയത്തിലുണ്ടായിരുന്ന 55,000 ആരാധകർ ഭാഗ്യവാന്മാരാണ്. അത്രത്തോളം മികച്ചൊരു പ്രകടനമാണ് അവർ കണ്ടത്- അദ്ദേഹം പറഞ്ഞു.

ജൂൺ 24-ന് വാൻകൂവറിൽ വെച്ച് ഗ്രൂപ്പിലെ ശക്തരായ സ്വിറ്റ്സർലൻഡിനെതിരെയാണ് ക്യാനഡയുടെ അടുത്ത നിർണായക പോരാട്ടം. നോക്കൗട്ട് ഉറപ്പിക്കാൻ ഇരു ടീമുകൾക്കും ഈ മത്സരം പ്രധാനപ്പെട്ടതാണ്.

logo
Metro Vaartha
www.metrovaartha.com