Di Stéfano never played a World Cup

ആൽഫ്രഡോ ഡി സ്റ്റെഫാനോ, ഡീഗോ മറഡോണയോടൊപ്പം.

അർജന്‍റീനയിലും സ്പെയിനിലും പൗരത്വം; എന്നിട്ടും ലോകകപ്പ് കളിക്കാത്ത സൂപ്പർ താരം

അർജന്‍റീന, സ്പെയിൻ പൗരത്വം, കൊളംബിയൻ ജെഴ്സിയുമണിഞ്ഞു. എന്നിട്ടും ആൽഫ്രഡോ ഡി സ്റ്റെഫാനോയ്ക്ക് ഒരു ലോകകപ്പ് മത്സരം പോലും കളിക്കാനാകാതെ പോയ കഥ

വി.കെ. സഞ്ജു

1963 ഓഗസ്റ്റ് മാസത്തിലെ ഒരു പുലർകാലം.

വെനിസ്വേലയിലെ കാരക്കാസിലുള്ള ഹോട്ടൽ പൊട്ടോമാക്ക്. വാതിലിൽ മുട്ട് കേട്ട് ആൽഫ്രഡോ ഡി സ്റ്റെഫാനോ ഉറക്കമുണർന്നു.

''ആന്‍റി-നാർക്കോട്ടിക് പൊലീസ്'', വാതിൽ തുറന്നപ്പോൾ തോക്കുധാരികൾ സ്വയം പരിചയപ്പെടുത്തി.

പിന്നെ പുറംലോകമറിയുന്നത് ലോകത്തെ ഏറ്റവും വിലയേറിയ ഫുട്ബോൾ താരത്തെ മാർക്സിസ്റ്റ് ഗറില്ലകൾ തട്ടിക്കൊണ്ടുപോയെന്നാണ്!

തുടർന്നുള്ള 56 മണിക്കൂർ ഡി സ്റ്റെഫാനോ തന്നെ കിഡ്നാപ്പ് ചെയ്തവരുടെ കൂടെ ചീട്ട് കളിച്ചും ചെസ് കളിച്ചും സമയം കളഞ്ഞു. അവർക്ക് പണമൊന്നും വേണ്ടിയിരുന്നില്ല, പബ്ലിസിറ്റി മാത്രം മതിയായിരുന്നു. ഡി സ്റ്റെഫാനോ ഇല്ലാതെ റയൽ മാഡ്രിഡ് കളിക്കാനിറങ്ങിയതോടെ അത് ആവശ്യത്തിലധികം കിട്ടി. അടുത്ത ദിവസം ഉച്ച കഴിഞ്ഞ് അവരയാളെ വിജനമായൊരു തെരുവിൽ ഇറക്കിവിടുകയും ചെയ്തു.

പെലെയ്ക്കും മറഡോണയ്ക്കും പോലും കിട്ടാത്ത സൂപ്പർ ബാലൺ ഡി ഓർ സ്വന്തമാക്കിയ ഒരേയൊരു ഫുട്ബോളറാണ് ഡി സ്റ്റെഫാനോ. അർജന്‍റീനയിലും പിന്നെ സ്പെയിനിലും പൗരത്വമുണ്ടായിരുന്നിട്ടും ഒരു ലോകകപ്പ് മത്സരത്തിൽ പോലും ബൂട്ട് കെട്ടാൻ ഭാഗ്യമില്ലാതെ പോയവൻ. ഗോളുകളുടെ എണ്ണത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും മുന്നിലാണെങ്കിലും, മത്സരം ഒന്നിന് 0.84 എന്ന ഗോൾ ശരാശരിയുമായി ഡി സ്റ്റെഫാനോ തലയുയർത്തി നിൽക്കുന്നു. തുടർച്ചയായി അഞ്ച് ഫൈനലുകളിൽ ഗോളടിച്ചത് മോഡേൺ ഡേ ഗ്രേറ്റ്സിന് പിടികൊടുക്കാത്ത റെക്കോഡാണ് ഇന്നും.

ലോകകപ്പിന്‍റെ നഷ്ടം

അർജന്‍റീനയുടെ മണ്ണിൽ ജനിച്ച്, സ്പെയിനിന്‍റെ ഹൃദയത്തിൽ പന്തുതട്ടി, ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച ഇതിഹാസ താരത്തിനു യോജിക്കുന്ന വിശേഷണം, ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും 'ശപിക്കപ്പെട്ട പ്രതിഭ' എന്നാവാം.

ഡി സ്റ്റെഫാനോയുടെ സുവർണകാലത്ത് നടന്ന രണ്ട് ലോകകപ്പുകൾ - 1950, 1954 - അർജന്‍റീന ബഹിഷ്കരിച്ചപ്പോൾ ലോകത്തിനു നഷ്ടമായത് ആ ഫുട്ബോൾ മാന്ത്രികന്‍റെ വിശ്വരൂപ ദർശനമായിരുന്നു. ഇതുകൂടാതെ, കൊളംബിയയിലെ ഒരു അനധികൃത ക്ലബ്ബിൽ കളിച്ചതിന് ഫിഫ ഏർപ്പെടുത്തിയ അന്താരാഷ്ട്ര വിലക്കും തടസമായി. സ്പാനിഷ് പൗരത്വം നേടിയ ശേഷം അവർക്കു വേണ്ടി ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കിറങ്ങി. എന്നാൽ, 1958-ൽ സ്പെയിൻ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയില്ല! 1962-ലായിരുന്നു ഡി സ്റ്റെഫാനോയുടെ അവസാന ലോകകപ്പ് പ്രതീക്ഷ. 36-ാം വയസിലും സ്പാനിഷ് ടീമിൽ അംഗം. കാലിനു പരുക്കേറ്റിരുന്നെങ്കിലും ടീമിനൊപ്പം ചിലിയിലേക്കു യാത്ര തിരിച്ചു. പക്ഷേ, പരുക്ക് ഭേദമായില്ല, ഒരു കളി പോലും കളിക്കാനുമായില്ല!

ക്ലബ് ജയന്‍റ്

Di Stéfano never played a World Cup

''എനിക്ക് കൈകൊണ്ട് നിയന്ത്രിക്കാൻ കഴിയുന്നതിലും വിദഗ്ധമായി അവന് ഇടങ്കാല് കൊണ്ട് പന്ത് നിയന്ത്രിക്കാനാവും''- ഫെറൻസ് പുഷ്കാസിനെക്കുറിച്ച് ആൽഫ്രഡോ ഡി സ്റ്റെഫാനോ പറഞ്ഞത്.

ലോകകപ്പിന്‍റെ ഗ്ലാമർ വേദികളില്ലെങ്കിലും യൂറോപ്യൻ ക്ലബ് ഫുട്ബോളിന്‍റെ സിംഹാസനങ്ങൾ ആൽഫ്രഡോ ഡി സ്റ്റെഫാനോ അടക്കിവാണു. റയൽ മാഡ്രിഡ് എന്ന ക്ലബ്ബിനെ ലോകത്തിന്‍റെ നെറുകയിലെത്തിച്ചതിൽ ഡി സ്റ്റെഫാനോയോളം സ്വാധീനം ചെലുത്തിയ മറ്റൊരാളുണ്ടാവില്ല. അഞ്ച് യൂറോപ്യൻ ഫൈനലുകൾ, തുടർച്ചയായി അഞ്ചിലും ഗോൾ! 1960-ലെ ഐതിഹാസിക ഫൈനലിൽ 7-3 ന് എയ്ൻട്രാറ്റ് ഫ്രാങ്ക്ഫർട്ടിനെ തകർത്തപ്പോൾ ഡി സ്റ്റെഫാനോയുടെ ബൂട്ടിൽ നിന്ന് പിറന്നത് അവിസ്മരണീയമായൊരു ഹാട്രിക് ആയിരുന്നു, ബാക്കി നാല് ഗോൾ മഹാനായ ഫെറൻസ് പുഷ്കാസിന്‍റെ വകയും!

ബാല്യത്തിൽ ആ ഫൈനലിനു ദൃക്സാക്ഷിയായ സാക്ഷാൽ സർ അലക്സ് ഫെർഗൂസൻ പിൽക്കാലത്ത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്, ഫുട്ബോൾ കളിക്കേണ്ടത് എങ്ങനെയെന്നറിഞ്ഞത് ഡി സ്റ്റെഫാനോയെ കണ്ടാണെന്ന്.

ലാ ലിഗയുടെ 11 സീസണിൽ ഡി സ്റ്റെഫാനോ കളിച്ചു. അതിൽ എട്ടിലും റയൽ തന്നെയായിരുന്നു ചാംപ്യൻമാർ. ഇന്നത്തെ ഫുട്ബോൾ ഇതിഹാസങ്ങളായ ലയണൽ മെസിയുമായും ക്രിസ്റ്റ്യാനോ റൊണാൾഡോയുമായും താരതമ്യം ചെയ്താൽ, ഡി സ്റ്റെഫാനോ ഗോളെണ്ണത്തിൽ പിന്നിലാണ്. പക്ഷേ, അഞ്ച് യൂറോപ്യൻ കിരീടങ്ങൾ എന്ന നേട്ടത്തിൽ ക്രിസ്റ്റ്യാനൊ ഒപ്പമെത്തിയതേയുള്ളൂ, മെസിക്ക് ഒരെണ്ണം കുറവും. ഒരു മത്സരത്തിൽ നേടുന്ന ശരാശരി ഗോളെണ്ണം കണക്കാക്കിയാൽ ഡി സ്റ്റെഫാനോ 0.84, മെസി 0.79, ക്രിസ്റ്റ്യാനോ 0.77. തുടരെ അഞ്ച് ഫൈനലുകളിൽ ഗോൾ എന്ന റെക്കോഡ് റെക്കോഡ് മെസിക്കും ക്രിസ്റ്റ്യാനോയ്ക്കും ഇനി അപ്രാപ്യം.

സ്പെയ്നെ വിഭജിച്ച ട്രാൻസ്ഫർ

Di Stéfano never played a World Cup

ആൽഫ്രഡോ ഡി സ്റ്റെഫാനോ റയൽ മാഡ്രിഡ് ജെഴ്സിയിൽ.

റയൽ മാഡ്രിഡിന്‍റെ ഒരു ടൂർണമെന്‍റ് വിജയത്തിനു ശേഷം ആവേശഭരിതനായി ടീമിന്‍റെ ഡ്രസിങ് റൂമിലേക്ക് ഓടിക്കയറി വന്ന ക്ലബ് പ്രസിഡന്‍റ് സാന്‍റിയാഗോ ബെർണബ്യൂവിന്‍റെ ചുണ്ടിൽ എരിയുന്ന സിഗരറ്റുണ്ടായിരുന്നു. ഒരു നൊടി പോലും സംശയിക്കാതെ അതെടുത്ത് നിലത്തിട്ട് ബൂട്ട് കൊണ്ട് ചവിട്ടിക്കെടുത്തുകയാണ് ഡി സ്റ്റെഫാനോ ചെയ്തത്. ഈ ലോക്കർ റൂമിൽ ലഹരിക്കു സ്ഥാനമില്ലെന്ന് ബർണബ്യൂവിനോടു തീർത്തു പറഞ്ഞത് പെട്ടെന്നുണ്ടായ ആവേശത്തിലായിരുന്നില്ല.

ആ പ്രസിഡന്‍റ് അവർക്ക് ആരായിരുന്നു എന്നു മനസിലാക്കാൻ റയൽ മാഡ്രിഡ് ഹോം ഗ്രൗണ്ടിന്‍റെ ഇന്നത്തെ പേരോർത്താൽ മതി- സാന്‍റിയാഗോ ബെർണബ്യൂ സ്റ്റേഡിയം!

കാറ്റലോണിയക്കാരും ജനറൽ ഫ്രാങ്കോയുടെ ഫാസിസ്റ്റ് ഭരണകൂടവും തമ്മിലുണ്ടായ ആഭ്യന്തര കലഹത്തെപ്പോലും പുനരുജ്ജീവിപ്പിക്കാൻ പോന്ന നിയമയുദ്ധങ്ങൾ നടത്തിയാണ് റയൽ അയാളെ ടീമിലെത്തിച്ചത്. അങ്ങനെയുള്ള ഡി സ്റ്റെഫാനോയ്ക്ക് ക്ലബ് പ്രസിഡന്‍റിനെ പേടിക്കേണ്ട കാര്യമെന്ത്!

396 മത്സരങ്ങളിൽ നിന്ന് 308 ഗോളുകളാണ് അദ്ദേഹം റയലിനായി അടിച്ചുകൂട്ടിയത്. രണ്ട് തവണ ബാലൺ ഡി ഓർ നേടി. ഫുട്ബോൾ ചരിത്രത്തിലെ ഏക 'സൂപ്പർ ബാലൺ ഡി ഓർ' ജേതാവ്. അക്കാലത്ത് യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ളവർ മാത്രം പരിഗണിക്കപ്പെട്ട പുരസ്കാരം 30 വർഷത്തിന്‍റെ ഇടവേളയിൽ നൽകാനാണ് ഉദ്ദേശിച്ചിരുന്നത്. പിന്നെയാർക്കും അതു കിട്ടിയിട്ടുമില്ല. 1989-ൽ ഡി സ്റ്റെഫാനോ സൂപ്പർ ബാലൺ ഡി ഓർ നേടുമ്പോൾ വോട്ടിങ്ങിൽ രണ്ടാം സ്ഥാനത്ത് യൊഹാൻ ക്രൈഫ് ആയിരുന്നു, മൂന്നാമത് മിഷേൽ പ്ലാറ്റിനിയും.

ടോട്ടൽ ഫുട്ബോൾ

Di Stéfano never played a World Cup

അർജന്‍റീനയിലെ തെരുവുകളിൽ തകരപ്പാട്ടകളിൽ പഴന്തുണി ചുറ്റി പന്തു കളിച്ച ബാല്യമായിരിക്കാം ഡി സ്റ്റെഫാനോയുടെ കാലുകളിൽ ടോട്ടൽ ഫുട്ബോളിന്‍റെ ആദ്യപാഠങ്ങൾ എഴുതിച്ചേർത്തത്.

ടോട്ടൽ ഫുട്ബോളിന്‍റെ ഉപജ്ഞാതാക്കളായി കരുതപ്പെടുന്നത് യൊഹാൻ ക്രൈഫിന്‍റെ ഹോളണ്ടാണ്. എന്നാൽ, അങ്ങനെയൊരു വാക്ക് പോലും പ്രചാരത്തിലാകും മുൻപ് അതേ ശൈലി കളിക്കളത്തിൽ പയറ്റിയ താരമാണ് ഡി സ്റ്റെഫാനോ. ട്രാക്ക് ബാക്ക് ചെയ്യാൻ തയാറാകാത്ത സ്ട്രൈക്കർമാരോട് പുച്ഛമായിരുന്നു അയാൾക്ക്!

അർജന്‍റീനയിലെ തെരുവുകളിൽ തകരപ്പാട്ടകളിൽ പഴന്തുണി ചുറ്റി പന്തു കളിച്ച ബാല്യമായിരിക്കാം ആ കാലുകളിൽ ടോട്ടൽ ഫുട്ബോളിന്‍റെ ആദ്യപാഠങ്ങൾ എഴുതിച്ചേർത്തത്.

സെന്‍റർ ഫോർവേഡിന്‍റെ പരമ്പരാഗത 9-ാം നമ്പർ ജെഴ്സിയാണ് ഡി സ്റ്റെഫാനോ ധരിച്ചിരുന്നത്. പക്ഷേ, ഷാർപ്പ് ഷൂട്ടിങ് മികവുള്ള സ്ട്രൈക്കർ മാത്രമല്ല, ഫോർവേഡുകൾക്കു പന്തെത്തിച്ചു കൊടുക്കുന്ന പ്ലേമേക്കറായും, കളിയുടെ വേഗം നിയന്ത്രിക്കുന്ന ഡിഫൻസീവ് മിഡ്ഫീൽഡറായും, എതിർ സ്ട്രൈക്കർമാരിൽ നിന്ന് പന്ത് റാഞ്ചുന്ന ഡീപ്പ് ഡിഫൻഡറായും ഒരേ മത്സരത്തിൽ പരകായ പ്രവേശം നടത്തിയിരുന്ന ബോക്സ്-ടു-ബോക്സ് ഫുട്ബോളറായിരുന്നു ഡി സ്റ്റെഫാനോ.

മൂന്ന് രാജ്യങ്ങളുടെ ജെഴ്സി

Di Stéfano never played a World Cup

ആൽഫ്രഡോ ഡി സ്റ്റെഫാനോ വിവിധ ജെഴ്സികളിൽ.

'ഗോളുകളില്ലാത്ത ഫുട്ബോൾ മത്സരം വെയിലില്ലാത്ത ഞായറാഴ്ച പോലെയാണ്' എന്നു പറഞ്ഞിട്ടുണ്ട് ഡി സ്റ്റെഫാനോ. ആകെ 41 അന്താരാഷ്ട്ര മത്സരങ്ങൾ മാത്രം കളിച്ചു; അതിൽ ആറെണ്ണം അർജന്‍റീനയ്ക്കു വേണ്ടി, നാലെണ്ണം കൊളംബിയക്കു വേണ്ടി, 31 എണ്ണം സ്പെയിനു വേണ്ടി. കൊളംബിയയുടെ അന്നത്തെ മത്സരങ്ങൾ ഫിഫ അംഗീകരിച്ചിട്ടില്ല. ബാക്കി 37 മത്സരങ്ങളിൽ 29 ഗോൾ! കോപ അമെരിക്കയിലൂടെ കരിയറിലെ ഏക അന്താരാഷ്ട്ര കിരീടം.

അർജന്‍റീനയ്ക്കു വേണ്ടി ലോകകപ്പിൽ പന്തു തട്ടിയിരുന്നെങ്കിൽ ഒരുപക്ഷേ, 1978 വരെ അവർക്കു കാത്തിരിക്കേണ്ടി വരുമായിരുന്നില്ല ആദ്യത്തെ കിരീടധാരണത്തിന്. സ്പെയിനു വേണ്ടി ഇറങ്ങിയിരുന്നെങ്കിൽ ചിലപ്പോൾ 2010 വരെ അവർക്കും കാത്തിരിക്കേണ്ടി വരുമായിരുന്നില്ല!

logo
Metro Vaartha
www.metrovaartha.com