ഇവൻ ഗ്യാങ്സ്റ്ററല്ല, ഒറ്റയ്ക്കു വരുന്ന മോൺസ്റ്റർ
CR7

ഇവൻ ഗ്യാങ്സ്റ്ററല്ല, ഒറ്റയ്ക്കു വരുന്ന മോൺസ്റ്റർ

അസാധാരണ പ്രതിഭാ ധാരാളിത്തമൊന്നുമില്ലാത്ത പോർച്ചുഗൽ എന്ന ടീമിനെ ഒറ്റയ്ക്കു നയിച്ച് വിജയങ്ങൾ നേടിയെടുത്ത ഏകാംഗ സൈന്യം

നീതു ചന്ദ്രൻ

ഒന്നര വർഷങ്ങൾക്കു മുൻപ്, എല്ലാ പ്രതീക്ഷകളും തകർന്ന്, നിറഞ്ഞ മിഴികളുമായാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഖത്തറിലെ ഫുട്ബോൾ മൈതാനത്തുനിന്ന് നടന്നകന്നത്. 2022 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ മൊറോക്കോയോട് അതി ദയനീയമായ പരാജയപ്പെട്ട് പോർച്ചുഗൽ പുറത്തായതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന അതികായന്‍റെ സ്വപ്നങ്ങളിൽ ഇരുൾ പടർന്നു. അസാധാരണ പ്രതിഭാ ധാരാളിത്തമൊന്നുമില്ലാത്ത പോർച്ചുഗൽ എന്ന ടീമിനെ ഒറ്റയ്ക്കു നയിച്ച് വിജയങ്ങൾ നേടിയെടുത്ത, മനോഹരമായ നീക്കങ്ങൾ കൊണ്ട് എതിരാളികളുടെ പോലും ആദരം പിടിച്ചുപറ്റിയ, ഫുട്ബോൾ ആരാധകർ എക്കാലവും അദ്ഭുതത്തോടെ മാത്രം വീക്ഷിക്കുന്ന നിരവധി ഗോളുകൾ നേടിയ അസാമാന്യ പ്രതിഭ അർഹിക്കുന്ന ഉയരങ്ങളിലേക്കെത്തും മുൻപേ ചിറകറ്റു വീഴും പോലെയായിരുന്നു ആ നിമിഷം.

പോർച്ചുഗൽ ജെഴ്സിയിൽ അയാളെ ഇനി കാണാനാവില്ലെന്ന്, അന്താരാഷ്‌ട്ര മത്സരങ്ങളിൽ നിന്ന് അയാൾ വിരമിക്കുന്നുവെന്ന്, പലരും ഉറപ്പിച്ച നിമിഷം. പക്ഷേ, അതു വരെയുള്ള എല്ലാ കുറ്റപ്പെടുത്തലുകളെയും ഇകഴ്ത്തലുകളെയും നിഷ്പ്രഭമാക്കി അയാളൊരു മാന്ത്രികപ്പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റു. എല്ലാ മുൻ‌വിധികളെയും തകർത്തെറിഞ്ഞു കൊണ്ട് റൊണാൾഡോ ആറാമതും യൂറോകപ്പിലേക്ക് ബൂട്ട് മുറുക്കി ഇറങ്ങുന്നു....

പോർച്ചുഗലിന്‍റെ എനർജി ബൂസ്റ്റർ

ജയിച്ചാലും തോറ്റാലും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അവസാന യൂറോ കപ്പായിരിക്കും ഇതെന്ന് ഏതാണ്ട് ഉറപ്പാണ്. അതു കൊണ്ടു തന്നെ പോർച്ചുഗലിന്‍റെ 39 വയസ്സുള്ള എനർജി ബൂസ്റ്ററിനെ മാത്രം വിശ്വസിക്കുന്ന ആരാധകർ‌ 2016 ആവർത്തിക്കുമെന്ന പ്രതീക്ഷയിൽ ജർമനിയിലെ മൈതാനത്തിലേക്ക് കണ്ണും കാതും കൂർപ്പിക്കുന്നു.

ലോകകപ്പ് മൈതാനത്തു നിന്ന് മടങ്ങി 18 മാസങ്ങൾ പിന്നിടുമ്പോൾ ചാരത്തിൽ നിന്ന് ഉയിർത്തെഴുന്നേൽക്കും പോലെ ക്രിസ്റ്റ്യാനോ റൊണാൾഡോ ആർക്കും തകർക്കാനാകാത്ത ആത്മവിശ്വാസത്തിന്‍റെ കൊടുമുടിയിലേക്ക് ഓടിക്കയറുകയാണ്. മൈതാനത്ത് സൃഷ്ടിക്കപ്പെടുന്ന ഗോൾ ആരവങ്ങളും റൊണാൾഡോയ്ക്കു മുന്നിൽ തകർന്നടിയുന്ന റെക്കോഡുകളുമെല്ലാം അതിന്‍റെ ഉദാഹരണങ്ങൾ മാത്രം.

ലോകകപ്പ് ടൂർണമെന്‍റിനു ശേഷം പോർച്ചുഗൽ ടീമിന്‍റെ കോച്ചായെത്തിയ റോബർട്ടോ മാർട്ടിനസും റൊണാൾഡോയെ അവിശ്വസിക്കുന്നില്ല. ലോകകപ്പിലെ സബ്സ്റ്റിറ്റ്യൂട്ട് ബെഞ്ച് ഉപേക്ഷിച്ച്, യൂറോ കപ്പിന്‍റെ യോഗ്യതാ മത്സരങ്ങളിൽ പത്തിൽ ഒമ്പതിലും റൊണാൾഡോ മൈതാനത്തിറങ്ങി. 10 ഗോളുകൾ വാരിക്കൂട്ടി. നിലവിൽ ബെൽജിയത്തിന്‍റെ റൊമേലു ലുകാകു (14 ഗോൾ ) മാത്രമാണ് യോഗ്യതാ റൗണ്ട് ഗോളുകളിൽ റൊണാൾഡോയ്ക്കു മുന്നിലുള്ളത്.

റൊണാൾഡോയും യൂറോ കപ്പും

2004ലെ യൂറോ കപ്പിൽ പത്തൊമ്പതുകാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ
2004ലെ യൂറോ കപ്പിൽ പത്തൊമ്പതുകാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ

2004ൽ ആദ്യമായി യൂറോ കപ്പിനു വേണ്ടി പൊരുതുമ്പോൾ ഫുട്ബോൾ ആരാധകർക്കിടയിൽ താരതമ്യേന പുതുമുഖമായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന പത്തൊമ്പതുകാരൻ. രണ്ട് ഗോളുകളും രണ്ട് അസിസ്റ്റുകളുമായി ഗ്യാലറികൾ പിടിച്ചെടുക്കാൻ ആ കൗമാരക്കാരന് അധികം മത്സരങ്ങളൊന്നും വേണ്ടിവന്നില്ല. സ്വന്തം നാട്ടിൽ നടന്ന ടൂർണമെന്‍റിൽ പോർച്ചുഗൽ ഫൈനലിൽ പ്രവേശിച്ചു. പക്ഷേ, ഫൈനലിൽ കപ്പ് സ്വന്തമാക്കിയത് ഗ്രീസ്. നെതർലൻഡ്സിനെതിരേ ലിസ്ബണിൽ നടന്ന സെമി ഫൈനൽ മത്സരത്തിൽ റൊണാൾ‌ഡോ നേടിയ ഗോൾ ശ്രദ്ധേയമായി. 2-1 എന്ന സ്കോറിനാണ് അന്ന് ഡച്ച് ടീം പരാജയപ്പെട്ടത്.

നാലു വർഷങ്ങൾക്കു ശേഷം 2008ലെ യൂറോ കപ്പ് ആരംഭിക്കുമ്പോഴേക്കും ഗോൾ മെഷീൻ എന്ന നിലയിൽ റൊണാൾഡോ വളർന്നു കഴിഞ്ഞിരുന്നു. അപകടകാരിയായ വിങ്ങർ എന്ന് ഫുട്ബോൾ നിരീക്ഷകർ റൊണാൾഡോയെ കുറിച്ചിട്ടു. പക്ഷേ, നിർഭാഗ്യവശാൽ ആ ടൂർണമെന്‍റിൽ ഒരൊറ്റ ഗോളിലും മൂന്ന് അസിസ്റ്റുകളിലും റൊണാൾഡോയുടെ പ്രഭാവം ഒതുങ്ങി. അത്തവണ പതിനാറാം റൗണ്ടിൽ ജർമനി പോർച്ചുഗലിനെ നോക്ക് ഔട്ട് ചെയ്തു.

പക്ഷേ, 2012 റൊണാൾഡോ ആ കുറവുകൾ നികത്തി. 12 മത്സരങ്ങളിൽ മൂന്നു ഗോൾ എന്ന കണക്കിൽ ആ പ്രകടനം ഒതുക്കാനാവില്ല. ടീമിനെ ഒറ്റയ്ക്ക് നയിച്ച് സെമി ഫൈനൽ വരെ എത്തിച്ചത് പലപ്പോഴും റൊണാൾഡോയുടെ ഒറ്റയാൾ പോരാട്ടങ്ങളായിരുന്നു. പക്ഷേ, സെമിയിൽ സ്പെയിനോട് പെനൽറ്റിയിൽ തോറ്റുമടങ്ങി.

കളത്തിലിറങ്ങാതെയും കളി ജയിപ്പിച്ചവൻ

2016ൽ സൈഡ് ലൈനു പുറത്തുനിന്ന് കളി നിയന്ത്രിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ.
2016ൽ സൈഡ് ലൈനു പുറത്തുനിന്ന് കളി നിയന്ത്രിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ.

പോർച്ചുഗൽ ആരാധകർ ഒരിക്കലും മറക്കാത്ത ‍യൂറോ കപ്പ് വർഷമായിരുന്നു 2016. പോർച്ചുഗൽ കപ്പുയർത്തിയ വർഷം. റൊണാൾഡോ ഉതിർത്ത മൂന്നു ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് അന്ന് പോർച്ചുഗലിനെ താങ്ങി നിർത്തിയത്. കാൽമുട്ടിലേറ്റ പരുക്ക് റൊണാൾഡോയുടെ സ്വപ്നങ്ങൾക്കു മേൽ വീണ്ടും നിഴൽ പടർത്തിയ ടൂർണമെന്‍റ്. പക്ഷേ, കളിക്കളത്തിന്‍റെ ഓരത്ത് സഹ താരങ്ങൾക്ക് മാർഗ നിർദേശം നൽകിയും പ്രോത്സാഹിപ്പിച്ചും പരിശീലകനെക്കാൾ പ്രഭാവത്തോടെ നിറഞ്ഞു നിന്ന റൊണാൾഡോ ഫുട്ബോൾ ചരിത്രത്തിലെ തന്നെ മായ്ക്കാനാവാത്ത കാഴ്ചയായി. എക്സ്ട്രാ ടൈമിലേക്ക് നീണ്ട കളിയിൽ ഫ്രാൻസിനെ പോർച്ചുഗൽ ഒരു ഗോളിന് തോൽപ്പിച്ചു.

വ്യക്തിഗതമായി 2020 ആണ് യൂറോയിൽ റൊണാൾഡോ ഏറ്റവും മിന്നിത്തിളങ്ങിയത്. അഞ്ച് ഗോളും ഒരു അസിസ്റ്റുമായി റൊണാൾഡോ മൈതാനത്തിനുമപ്പുറം വളർന്നു. പക്ഷേ, യൂറോ കിരീടം മാത്രം അകന്നുനിന്നു.

തകരാൻ ഒരുങ്ങുന്ന റെക്കോഡുകൾ

2016ൽ യൂറോപ്യൻ ചാംപ്യൻഷിപ്പുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ.
2016ൽ യൂറോപ്യൻ ചാംപ്യൻഷിപ്പുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ.

ജർമൻ മൈതാനത്ത് വീണ്ടും പൊരുതാനിറങ്ങുമ്പോൾ, 128 അന്താരാഷ്‌ട്ര ഗോളുകളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് തത്കാലം ഒരു വെല്ലുവിളി പോലുമില്ല. യൂറോ കപ്പിൽ റൊണാൾ‌ഡോയുടെ ആദ്യ ഗോൾ ഉതിരുന്നതു മുതൽ തകർന്നു വീഴാൻ ഒരുങ്ങുന്നത് ഒരു പിടി റെക്കോഡുകൾ കൂടിയാണ്. 38 വയസ്സും 257 ദിവസവും പ്രായമുള്ള ഓസ്ട്രിയയുടെ ഇവിക വാസ്റ്റിച്ചാണ് യൂറോ കപ്പ് ചരിത്രത്തിൽ ഗോൾ നേടിയ ഏറ്റവും പ്രായം കൂടിയ കളിക്കാരൻ. യൂറോയിൽ റൊണാൾഡോയുടെ ആദ്യ ഗോൾ കുറിക്കപ്പെടുമ്പോൾ ഈ റെക്കോഡ് തിരുത്തപ്പെടും.

34 വയസ്സും 71 ദിവസവും പ്രായമുള്ള ഇറ്റാലിയൻ ഡിഫൻഡർ ലിയനാർഡോ ബൊണൂച്ചിയാണ് യൂറോ കപ്പ് ഫൈനലിൽ ഗോൾ നേടിയ ഏറ്റവും പ്രായം കൂടിയ കളിക്കാരൻ. 38 വയസ്സും 232 ദിവസവും പ്രായമുള്ളപ്പോൾ ജർമനിയുടെ യെൻസ് ലെമാനാണ് യൂറോ കപ്പ് ഫൈനലിൽ കളിച്ച പ്രായം കൂടിയ കളിക്കാരൻ. പോർച്ചുഗൽ ഫൈനലിൽ എത്തിയാൽ, ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ നേടിയാൽ, ഈ രണ്ട് റെക്കോഡും പഴങ്കഥയാകും. 37 വയസുള്ളപ്പോൾ ഡച്ച് കളിക്കാരൻ അർനോൾഡ് മുഹ്രാനാണ് ഇതിനു മുൻപ് യൂറോ കപ്പ് സ്വന്തമാക്കിയ ഏറ്റവും പ്രായം കൂടിയ കളിക്കാരൻ. ഇനിയിപ്പോൾ പോർച്ചുഗൽ കപ്പ് നേടിയാൽ മുഹ്രാന്‍റെ റെക്കോഡും തിരുത്തപ്പെടും.

ഇത്തവണത്തെ യൂറോ കപ്പിൽ‌ കൂടി കളിക്കുന്നതോടെ, അഞ്ച് തവണ യൂറോ കപ്പ് കളിച്ച സ്പാനിഷ് ഇതിഹാസം ഇകർ കസിയസിന്‍റെ റെക്കോഡ് കൂടി റൊണാൾഡോ തകർക്കും. അഞ്ച് ടൂർണമെന്‍റുകളിലായി 25 മത്സരങ്ങൾ, 14 ഗോളുകൾ... കണക്കുകൾ അവസാനിക്കുന്നില്ല, യൂറോ കപ്പ് വീണ്ടും റൊണാൾഡോയുടെ കാൽപ്പാദങ്ങൾക്കു വേണ്ടി അടങ്ങാത്ത ദാഹത്തോടെ കാത്തിരിക്കുന്നു‌. ജൂൺ 18ന് ചെക്ക് റിപ്പബ്ലിക്കിനെതിരേയാണ് ഇത്തവണ പോർച്ചുഗലിന്‍റെ ആദ്യമത്സരം.

Trending

No stories found.

Latest News

No stories found.