

കോഗോയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തിനു മുന്നോടിയായി പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പരിശീലനം നടത്തുന്നു.
ഫ്രാൻസിന്‍റെ കിലിയൻ എംബാപ്പേയും നോർവേയുടെ എർലിംഗ് ഹാലണ്ടും ജർമനിയുടെ കയ് ഹാവെർട്സും തങ്ങളുടെ ആദ്യ മത്സരത്തിൽ രണ്ട് ഗോളുകൾ വീതം നേടിയപ്പോൾ, അർജന്‍റീനയ്ക്കായി ലയണൽ മെസി ഹാട്രിക്കും നേടിക്കഴിഞ്ഞു. ഇനി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഊഴം. ആറ് ലോകകപ്പിൽ ഗോളടിക്കുന്ന ആദ്യ താരമെന്ന റെക്കോഡിലേക്ക് സിആർ7 എത്തിച്ചേരുന്നതു കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.
41 വയസുകാരനായ റൊണാൾഡോ ബുധനാഴ്ച കോംഗോയ്‌ക്കെതിരേ പോർച്ചുഗലിനായി കളത്തിലിറങ്ങും. ഇന്ത്യൻ സമയം രാത്രി 10.30 മുതലാണ് മത്സരം. ഇതുവരെ കളിച്ച അഞ്ച് ലോകകപ്പിലും റൊണാൾഡോ ഗോളടിച്ചിട്ടുണ്ട്. മെസിയും തന്‍റെ ആറാം ലോകകപ്പിലാണ് കളിക്കുന്നത്. എന്നാൽ, 2010-ൽ അദ്ദേഹത്തിന് ഗോൾ നേടാൻ സാധിച്ചിരുന്നില്ല.
2022-ലെ ഖത്തർ ലോകകപ്പിൽ ഒരു ഗോൾ മാത്രമാണ് റൊണാൾഡോയ്ക്ക് നേടാനായത്. സൗത്ത് കൊറിയക്കെതിരായ മത്സരത്തിൽ സബ്സ്റ്റിറ്റ്യൂട്ട് ചെയ്തതിലും സ്വിറ്റ്‌സർലൻഡിനെതിരായ നോക്കൗട്ട് മത്സരത്തിൽ ബെഞ്ചിലിരുത്തിയതിലും അദ്ദേഹം അസ്വസ്ഥനുമായിരുന്നു. 2024-ലെ യൂറോപ്യൻ ചാംപ്യൻഷിപ്പിൽ ഗോളൊന്നും നേടാനുമായിരുന്നില്ല.
ഈ പ്രായത്തിൽ ക്രിസ്റ്റ്യാനോയുടെ സാന്നിധ്യം ടീമിനു ഗുണം ചെയ്യുമോ അതോ ബാധ്യതയാകുമോ എന്ന സംശയത്തിനുള്ള മറുപടി കളിക്കളത്തിൽ തന്നെ കാണാം.
ഇതിനകം പഴയ ഫോമിലേക്ക് മടങ്ങിയെത്തുന്നതിന്‍റെ സൂചനകൾ റൊണാൾഡോ കാണിക്കുന്നുണ്ട്. 2025-ലെ യുവേഫ നേഷൻസ് ലീഗ് കിരീടം പോർച്ചുഗൽ നേടിയപ്പോൾ അദ്ദേഹം എട്ട് ഗോളുകൾ നേടിയിരുന്നു. അടുത്തിടെ അൽ-നസറിനൊപ്പം തന്‍റെ ആദ്യ സൗദി പ്രോ ലീഗ് കിരീടവും അദ്ദേഹം സ്വന്തമാക്കി. ആ സീസണിൽ ക്ലബ്ബിനായി 28 ഗോളുകളാണ് റൊണാൾഡോ അടിച്ചുകൂട്ടിയത്.