സിആർ7 ആറാം തമ്പുരാൻ! ഇതിഹാസങ്ങളെ മറികടന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

ഉസ്ബെക്കിസ്ഥാനെതിരായ ഇരട്ട ഗോളോടെ ഫിഫ ലോകകപ്പിലെ ആറു പതിപ്പുകളിലും ഗോൾ നേടിയ ആദ്യ താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ
Ronaldo Sets Record with Goals in Six World Cups

ഉസ്ബെക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ പോർച്ചുഗൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രശസ്തമായ സിയൂ ഗോൾ ആഘോഷം.

Updated on

ഹൂസ്റ്റൺ സ്റ്റേഡിയത്തിൽ ഉസ്ബെക്കിസ്ഥാനെതിരേ നേടിയ ഇരട്ട ഗോളുകളോടെ, ഫുട്ബോൾ ലോകത്ത് മറ്റാരും എത്തിപ്പിടിച്ചിട്ടില്ലാത്ത പുതിയൊരു ചരിത്ര സിംഹാസനം കൂടി സ്വന്തമാക്കി പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ. ഫിഫ ലോകകപ്പിന്‍റെ ചരിത്രത്തിൽ ആറ് വ്യത്യസ്ത പതിപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന അപൂർവ ലോക റെക്കോഡാണ് സിആർ7 സ്വന്തം പേരിൽ കുറിച്ചിരിക്കുന്നത്.

ഈ മത്സരത്തിനു മുൻപ് അഞ്ച് ലോകകപ്പുകളിൽ ഗോൾ നേടി എന്ന റെക്കോർഡ് ലയണൽ മെസിക്കൊപ്പം പങ്കിടുകയായിരുന്നു റൊണാൾഡോ. എന്നാൽ, പുതിയ നേട്ടത്തോടെ മെസിയെയും മറികടന്ന് റൊണാൾഡോ ഈ റെക്കോർഡിൽ ഒറ്റയ്ക്ക് മുന്നിലെത്തി.

ഉസ്ബെക്കിസ്ഥാനെതിരായ മത്സരത്തോടെ ലോകകപ്പിൽ പോർച്ചുഗലിനായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ഇതിഹാസ താരം യുസേബിയോയുടെ (9 ഗോളുകൾ) ദശാബ്ദങ്ങൾ പഴക്കമുള്ള റെക്കോർഡും റൊണാൾഡോ മറികടന്നു. ലോകകപ്പിൽ ഇപ്പോൾ 10 ഗോളുകളാണ് റൊണാൾഡോയുടെ സമ്പാദ്യം.

കൂടാതെ, 41 വയസ്സും 138 ദിവസവും പ്രായമുള്ളപ്പോൾ ഗോൾ നേടിയ റൊണാൾഡോ, ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ ഗോൾവേട്ടക്കാരനായി മാറി. 42 വയസും 39 ദിവസവും പ്രായമുള്ളപ്പോൾ ഗോൾ നേടിയ കാമറൂണിന്‍റെ റോജർ മില്ലയാണ് ഈ പട്ടികയിലെ ഒന്നാമൻ. അതേസമയം, ലോകകപ്പിൽ ഇരട്ട ഗോൾ നേടുന്ന പ്രായം കൂടിയ താരം ഇപ്പോൾ റൊണാൾഡോ തന്നെയാണ്.

ആറ് ലോകകപ്പ്, പത്ത് ഗോൾ (2006 - 2026)

2006-ൽ തന്‍റെ 21-ാം വയസിൽ ജർമനിയിൽ വച്ച് ആദ്യ ലോകകപ്പ് ഗോൾ കുറിച്ച റൊണാൾഡോ 2026-ൽ 41-ാം വയസിലും അത് തുടരുന്നു. ലോകകപ്പിൽ റൊണാൾഡോയുടെ ഗോളുകൾ ഇങ്ങനെ വിഭജിക്കപ്പെട്ടിരിക്കുന്നു:

1. ജർമനി 2006 (പ്രായം: 21)

മത്സരങ്ങൾ: 6 | ഗോളുകൾ: 1

ഗോൾ നേടിയത്: ഗ്രൂപ്പ് ഘട്ടത്തിൽ ഇറാനെഎതിരേ. 80-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയായിരുന്നു ആ ഗോൾ (പോർച്ചുഗൽ 2-0 ഇ റാൻ).

2. ദക്ഷിണാഫ്രിക്ക 2010 (പ്രായം: 25)

മത്സരങ്ങൾ: 4 | ഗോളുകൾ: 1

ഗോൾ നേടിയത്: ഗ്രൂപ്പ് ഘട്ടത്തിൽ വടക്കൻ കൊറിയക്കെതിരേ. 86-ാം മിനിറ്റിൽ നേടിയ ഗോളോടെ പോർച്ചുഗൽ 7-0 ത്തിന് വിജയിച്ചു.

3. ബ്രസീൽ 2014 (പ്രായം: 29)

മത്സരങ്ങൾ: 3 | ഗോളുകൾ: 1

ഗോൾ നേടിയത്: ഗ്രൂപ്പ് ഘട്ടത്തിൽ ഘാനക്കെതിരേ. 79-ാം മിനിറ്റിലായിരുന്നു റൊണാൾഡോയുടെ വിന്നിങ് ഗോൾ (പോർച്ചുഗൽ 2-1 ഘാന).

4. റഷ്യ 2018 (പ്രായം: 33)

മത്സരങ്ങൾ: 4 | ഗോളുകൾ: 4 (ഏറ്റവും മികച്ച ലോകകപ്പ് പ്രകടനം)

ഗോൾ നേടിയത്: സ്പെയിനിനെതിരായ ആദ്യ മത്സരത്തിൽ അവിസ്മരണീയമായ തകർപ്പൻ ഹാട്രിക് (3-3 സമനില). പിന്നീട് മൊറോക്കോയ്ക്കെതിരെ നാലാം മിനിറ്റിൽ മാച്ച് വിന്നിങ് ഗോൾ (1-0).

5. ഖത്തർ 2022 (പ്രായം: 37)

മത്സരങ്ങൾ: 5 | ഗോളുകൾ: 1

ഗോൾ നേടിയത്: ഗ്രൂപ്പ് ഘട്ടത്തിൽ ഘാനക്കെതിരേ. 65-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ലക്ഷ്യം കണ്ടു (പോർച്ചുഗൽ 3-2 ഘാന).

6. യുഎസ്എ/കാനഡ/മെക്സിക്കോ 2026 (പ്രായം: 41)

മത്സരങ്ങൾ: 2 (ഇതുവരെ) | ഗോളുകൾ: 2

ഗോൾ നേടിയത്: ഗ്രൂപ്പ് കെ-യിലെ രണ്ടാം മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെതിരേ (5-0 വിജയം). ഏഴാം മിനിറ്റിലും 39-ാം മിനിറ്റിലും.

Ronaldo Sets Record with Goals in Six World Cups
രാജകീയം റൊണാൾഡോ; റെക്കോഡുമായി വിമർശകർക്ക് മറുപടി | ഉസ്ബെക് വലയിൽ പോർച്ചുഗീസ് ഗോൾ വർഷം

റൊണാൾഡോയുടെ ലോകകപ്പ് ഇരകൾ

ലോകകപ്പിൽ ഇതുവരെ 6 വ്യത്യസ്ത രാജ്യങ്ങൾക്കെതിരേയാണ് റൊണാൾഡോ 10 ഗോളുകൾ നേടിയിട്ടുള്ളത്:

  1. സ്പെയിൻ - 3 ഗോളുകൾ (ഹാട്രിക്)

  2. ഘാന - 2 ഗോളുകൾ

  3. ഉസ്ബെക്കിസ്ഥാൻ - 2 ഗോളുകൾ

  4. ഇറാൻ - 1 ഗോൾ

  5. വടക്കൻ കൊറിയ - 1 ഗോൾ

  6. മൊറോക്കോ - 1 ഗോൾ

logo
Metro Vaartha
www.metrovaartha.com