രാജകീയം റൊണാൾഡോ; റെക്കോഡുമായി വിമർശകർക്ക് മറുപടി | ഉസ്ബെക് വലയിൽ പോർച്ചുഗീസ് ഗോൾ വർഷം

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോളടിച്ച് ലോകകപ്പ് റെക്കോഡ് സ്വന്തമാക്കിയ മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെതിരേ പോർച്ചുഗലിന് എതിരില്ലാത്ത അഞ്ച് ഗോളിന്‍റെ ജയം
Portugal vs Uzbekistan FIFA world cup 2026

ഉസ്ബെക്കിസ്ഥാനെതിരായ ഫിഫ ലോകകപ്പ് മത്സരത്തിൽ ഗോളടിച്ച പോർച്ചുഗൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആഘോഷം.

Updated on

ഹൂസ്റ്റൺ: പത്ത് മത്സരം നീണ്ട അന്താരാഷ്ട്ര ഗോൾ വരൾച്ചയ്ക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട പ്രഹരവുമായി അന്ത്യം കുറിച്ചപ്പോൾ, ഫിഫ ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് കെ മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെതിരേ പോർച്ചുഗലിന് എതിരില്ലാത്ത അഞ്ച് ഗോളിന്‍റെ ജയം. ഇതോടെ, ആറ് ലോകകപ്പിൽ ഗോളടിക്കുന്ന ചരിത്രത്തിലെ ആദ്യ ഫുട്ബോളറായും ക്രിസ്റ്റ്യാനോ മാറി. ലയണൽ മെസിയും തന്‍റെ ആറാം ലോകകപ്പാണ് കളിക്കുന്നതെങ്കിലും, അഞ്ച് പതിപ്പുകളിൽ മാത്രമാണ് ഗോളടിച്ചിട്ടുള്ളത്.

മത്സരത്തിന്‍റെ ആറാം മിനിറ്റിൽ തന്നെ ക്രിസ്റ്റ്യാനോ പോർച്ചുഗലിനെ മുന്നിലെത്തിച്ചു. വലത് വിങ്ങിൽ നിന്നു വന്ന മനോഹരമായ പാസ് സ്വീകരിച്ച് ക്ലിനിക്കൽ റൈറ്റ് ഫൂട്ടഡ് ഷോട്ടിലൂടെ ലക്ഷ്യം നേടുകയായിരുന്നു സൂപ്പർ താരം.

പതിനേഴാം മിനിറ്റിൽ പോർച്ചുഗൽ ലീഡ് ഉ‍യർത്തി. ബോക്സിനു തൊട്ടുവെളിയിൽ ലഭിച്ച ഫ്രീകിക്ക് എടുക്കാൻ റൊണാൾഡോയും ബ്രൂണോ ഫെർണാണ്ടസും ഒരുങ്ങിനിന്നെങ്കിലും, ഉസ്ബെക്കിസ്താൻ പ്രതിരോധ മതിൽ മാറിയതും ന്യൂനോ മെൻഡിസ് തൊടുത്ത തകർപ്പൻ ലോ ഗ്രൗണ്ട് ഷോട്ട് ഗോളി നെമാറ്റോവിനെ കാഴ്ചക്കാരനാക്കി വലതുമൂലയിൽ പതിച്ചു (2-0).

39-ാം മിനിറ്റിൽ മനോഹരമായ ഒരു മുന്നേറ്റത്തിലൂടെ റൊണാൾഡോ തന്‍റെ രണ്ടാം ഗോളും പോർച്ചുഗലിന്‍റെ മൂന്നാം ഗോളും നേടി 'സിയൂ' ആഘോഷത്തോടെ ആരാധകരെ ആവേശത്തിലാക്കി (3-0). ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ റൊണാൾഡോയുടെ ഹാട്രിക് ഗോൾ ശ്രമം ഉസ്ബെക്കിസ്താന്‍റെ ഖുസനോവ് ഗോൾ ലൈനിൽ നിന്ന് അതിസാഹസികമായാണ് ക്ലിയർ ചെയ്തത്.

60-ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസ് എടുത്ത കോർണർ കിക്ക് ബോക്സിനുള്ളിൽ വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചു. പന്ത് ഉസ്ബെക്കിസ്താൻ താരം അബ്ദുകോദിർ ഖുസനോവിന്‍റെ ശരീരത്തിൽ തട്ടി സ്വന്തം വലയിലേക്ക് തന്നെ കയറുകയായിരുന്നു. ഈ സെൽഫ് ഗോളോടെ നാല് ഗോളിനു പിന്നിലായി ഉസ്ബെക്കിസ്ഥാന്‍റെ വിവശതകളിലേക്ക് 87-ാം മിനിറ്റിൽ റാഫേൽ ലിയാവോ അഞ്ചാം ഗോളും അടിച്ചു കയറ്റി. സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയ ലിയാവോയുടെ കരുത്തുറ്റ വൺ ടച്ച് ഫിനിഷ് ഉസ്ബെക്ക് ഗോൾവലയുടെ വലത് മൂലയിലേക്ക് പാഞ്ഞു കയറി.

പോർച്ചുഗലിന്‍റെ സമ്പൂർണ ആധിപത്യം കണ്ട മത്സരത്തിൽ 66 ശതമാനം സമയവും പന്ത് നിയന്ത്രിച്ചത് അവർ തന്നെ. രണ്ടാം പകുതിയിൽ ക്രിസ്റ്റ്യാനോയ്ക്ക് ഹാട്രിക് തികയ്ക്കാൻ കിട്ടിയ മൂന്ന് സുവർണാവസരങ്ങൾ ചെറിയ വ്യത്യാസത്തിൽ നഷ്ടപ്പെടുകയും ചെയ്തു.

മറുഭാഗത്ത് ഉസ്ബെക്കിസ്ഥാൻ ചില മികച്ച കൗണ്ടർ അറ്റാക്കുകൾ നടത്തിയെങ്കിലും ഫിനിഷിങ്ങിലെ പോരായ്മകളും പോർച്ചുഗൽ കീപ്പർ ഡിയോഗോ കോസ്റ്റയുടെ മികച്ച ഫോമും അവർക്ക് തിരിച്ചടിയായി. ഈ വൻ വിജയത്തോടെ ഗ്രൂപ്പിൽ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാൻ പോർച്ചുഗലിന് സാധിച്ചു. ഗ്രൂപ്പിലെ മറ്റ് ടീമുകളായ കൊളംബിയയും കോംഗോയും അടുത്ത മത്സരത്തിൽ നേർക്കുനേർ വരും.

logo
Metro Vaartha
www.metrovaartha.com