ഷൂട്ടൗട്ടിൽ നെഞ്ച് തകർന്ന് ഓസ്ട്രേലിയ; ഈജിപ്റ്റ് പ്രീ-ക്വാർട്ടറിൽ

പെനാൽറ്റിയിൽ 4-2ന് തോറ്റ ഓസ്ട്രേലിയ പുറത്ത്; ഹാരി സൗട്ടറും ലൂക്കാസ് ഹെറിങ്ടണും മിസ് ചെയ്ത പെനൽറ്റി കിക്കുകൾ നിർണായകമായി
Egypt vs Australia FIFA world cup 2026

ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 32 മത്സരത്തിൽ പെനൽറ്റി ഷൂട്ടൗട്ട് കണ്ടു നിൽക്കുന്ന ഈജിപ്റ്റ് താരങ്ങൾ.

Updated on

ഡാളസ് (ടെക്സസ്): നാടകീയതയും തർക്കങ്ങളും കനത്ത പോരാട്ടവും നിറഞ്ഞ ലോകകപ്പ് റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ഓസ്ട്രേലിയയ്ക്ക് കണ്ണീർ മടക്കം. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും 1-1 ന് സമനില പാലിച്ചതിനെത്തുടർന്ന് നടന്ന പെനൽറ്റി ഷൂട്ടൗട്ടിൽ ഓസ്ട്രേലിയയെ തകർത്ത് ഈജിപ്റ്റ് പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടി. ഷൂട്ടൗട്ടിൽ ഈജിപ്റ്റ് എടുത്ത നാല് കിക്കുകളും വലയിലെത്തിച്ചപ്പോൾ, ഓസ്ട്രേലിയയുടെ ഹാരി സൗട്ടറും ലൂക്കാസ് ഹെറിംഗ്ടണും കിക്കുകൾ ക്രോസ്ബാറിന് മുകളിലേക്ക് അടിച്ചുകളഞ്ഞ് വില്ലന്മാരായി (4-2).

മത്സരത്തിന്‍റെ അവസാന മിനിറ്റുകളിൽ കോച്ച് ടോണി പോപോവിച്ച് നടത്തിയ വൻ ഗോളി പരീക്ഷണം പരാജയപ്പെട്ടത് സോക്കറൂസിന് കടുത്ത തിരിച്ചടിയായി.

ഉറുഗ്വെക്കാരനായ റഫറി ഗുസ്താവോ ടെജേരയുടെ പല തീരുമാനങ്ങളും മത്സരത്തിന്‍റെ ആദ്യ പകുതിയിൽ ഓസ്ട്രേലിയൻ ക്യാംപിൽ കടുത്ത അമർഷമുണ്ടാക്കി. ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ ഈജിപ്ഷ്യൻ പ്രതിരോധ താരം റാമി റാബിയ നടത്തിയ അപകടകരമായ ടാക്ലിങ്ങിൽ ഓസ്ട്രേലിയയുടെ സൂപ്പർ താരം ജോർഡി ബോസിന്‍റെ കാലിന് ഗുരുതരമായി പരിക്കേറ്റു. താരത്തെ സ്ട്രെച്ചറിലാണ് കളം മാറ്റിയത്. എന്നാൽ, റഫറി റാബിയക്കെതിരെ ഒരു കാർഡ് പോലും പുറത്തെടുക്കാൻ റഫറി തയാറാകാതിരുന്നത് വലിയ തർക്കങ്ങൾക്ക് കാരണമായി.

മത്സരത്തിന്‍റെ ആദ്യ പകുതിയിൽ ഈജിപ്റ്റാണ് ആദ്യം മുന്നിലെത്തിയത്. എമാം അഷൂർ ഹെഡ്ഡറിലൂടെ പന്ത് വലയിലെത്തിച്ചു. 18 കാരനായ ഓസ്ട്രേലിയൻ ഡിഫെൻഡർ ഹെറിങ്ടണിന് സംഭവിച്ച ചെറിയൊരു ഓഫ്‌സൈഡ് പിഴവാണ് ഈ ഗോളിന് വഴിവെച്ചത്. രണ്ടാം പകുതിയിൽ കൂടുതൽ ആക്രമണോത്സുകമായി കളിച്ച ഓസ്ട്രേലിയ 55-ാം മിനിറ്റിൽ സമനില പിടിച്ചു. എയ്ഡൻ ഒനീൽ എടുത്ത ഫ്രീക്കിക്ക് ബോക്സിലേക്ക് ഉയർന്നുവന്നപ്പോൾ ഈജിപ്ഷ്യൻ താരം മുഹമ്മദ് ഹാനിക്ക് പന്ത് ക്ലിയർ ചെയ്യുന്നതിൽ പിഴച്ചു. ഹാനിയുടെ തലയിൽ തട്ടി പന്ത് സ്വന്തം വലയിലേക്ക് തന്നെ കയറിയതോടെ ഓസ്ട്രേലിയ മത്സരത്തിലേക്ക് തിരിച്ചെത്തി (1-1).

നിശ്ചിത സമയത്തിന്‍റെ അവസാന മിനിറ്റുകളിൽ ലിവർപൂൾ ഇതിഹാസം മുഹമ്മദ് സലാഹ് നൽകിയ ക്രോസിൽ റാമി റാബിയ ഉഗ്രനൊരു ഹെഡ്ഡർ ഉതിർത്തതാണ്. എന്നാൽ, ഓസ്ട്രേലിയൻ ഗോളി പാട്രിക് ബീച്ച് ഒരു അവിശ്വസനീയമായ വൺ-ഹാൻഡ് രക്ഷപെടുത്തലിലൂടെ ടീമിനെ കാത്തു. തുടർന്ന് കളി അധിക സമയത്തേക്ക് നീണ്ടു.

അധിക സമയത്തും ഇരുടീമുകൾക്കും ഗോൾ നേടാനാകാതെ വന്നതോടെ കളി ഷൂട്ടൗട്ടിലേക്ക് നീങ്ങുമെന്ന് ഉറപ്പായി. ഈ സമയത്താണ് കോച്ച് പോപോവിച്ച് ആ വലിയ ചൂതാട്ടം നടത്തിയത്. അതുവരെ മികച്ച ഫോമിൽ കളിച്ച യുവഗോളി പാട്രിക് ബീച്ചിനെ പിൻവലിച്ച്, പരിചയസമ്പന്നനായ ഗോളി മാറ്റ് റയാനെ ഷൂട്ടൗട്ട് നേരിടാനായി കോച്ച് കളത്തിലിറക്കി.

പക്ഷേ, ആ തന്ത്രം ഫലം കണ്ടില്ല. ഈജിപ്ഷ്യൻ താരങ്ങൾ എടുത്ത കിക്കുകളിൽ ഒന്നു പോലും റയാന് തടുക്കാനായില്ല. മൂന്നാമത്തെ കിക്ക് എടുത്ത ഈജിപ്റ്റ് നായകൻ മുഹമ്മദ് സലാഹ് മനോഹരമായ ഒരു 'പാനെങ്ക' ഷോട്ടിലൂടെ റയാനെ കീഴടക്കി ചരിത്രവിജയം ഉറപ്പിച്ചു.

logo
Metro Vaartha
www.metrovaartha.com