കൊറിയയെ വീഴ്ത്തി മെക്സിക്കോ മുന്നോട്ട്; ചരിത്ര നേട്ടം

ദക്ഷിണ കൊറിയയെ 1-0ന് തോൽപ്പിച്ച് സഹആതിഥേയരായ മെക്സിക്കോ 2026 ലോകകപ്പിന്‍റെ റൗണ്ട് ഓഫ് 32ൽ പ്രവേശിച്ച ആദ്യ ടീമായി, ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചു
Mexico vs South Korea FIFA world cup 2026

കൊറിയൻ ഗോൾകീപ്പർ കിം സങ്ഗ്യുവിനെ മറികടന്ന് ഗോൾ വലയിലേക്ക് പന്ത് പായിക്കുന്ന മെക്സിക്കൻ താരം ലൂയിസ് റോമോ.

Updated on

ഗ്വാഡലഹാര: ദക്ഷിണ കൊറിയയെ തകർത്ത് 2026 ഫിഫ ലോകകപ്പിന്‍റെ റൗണ്ട് ഓഫ് 32 ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി സഹആതിഥേയരായ മെക്സിക്കോ. ഗ്രൂപ്പ് എയിൽ നടന്ന ആവേശപ്പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് (1-0) മെക്സിക്കോ വിജയം സ്വന്തമാക്കിയത്. കളിയിലെ അൻപതാം മിനിറ്റിൽ ലൂയിസ് റോമോ നേടിയ ഗോളാണ് മെക്സിക്കോയ്ക്ക് ചരിത്ര വിജയം സമ്മാനിച്ചത്.

ഈ വിജയത്തോടെ ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനം ഉറപ്പാക്കിയ ഹാവിയർ അഗീരെയുടെ മെക്സിക്കോ ജൂൺ 30-ന് മെക്സിക്കോ സിറ്റിയിൽ നടക്കുന്ന അടുത്ത റൗണ്ടിലെ ആദ്യ മത്സരത്തിൽ കളിക്കും.

മത്സരത്തിന്‍റെ ആദ്യ പകുതിയിൽ ഇരു ടീമുകളും പ്രതിരോധത്തിന് മുൻഗണന നൽകിയതോടെ കാര്യമായ ഗോൾ അവസരങ്ങളൊന്നും പിറന്നില്ല. രണ്ടാം പകുതി തുടങ്ങി നാലാം മിനിറ്റിൽ മെക്സിക്കോയുടെ ഹെസൂസ് ഗല്ലാർഡോയുടെ ഒരു ലോ ഷോട്ട് സൈഡ് നെറ്റിൽ തട്ടിയത് കൊറിയൻ പ്രതിരോധത്തിനുള്ള മുന്നറിയിപ്പായിരുന്നു.

തൊട്ടടുത്ത മിനിറ്റിൽ (50-ാം മിനിറ്റ്) മെക്സിക്കോ ആരാധകർ കാത്തിരുന്ന ആ ഗോൾ പിറന്നു. കൊറിയൻ ഗോൾകീപ്പർ കിം സങ്ഗ്യുവും ഡിഫെൻഡർ ലീ ഗിഹ്യുക്കും തമ്മിലുണ്ടായ വൻ ആശയക്കുഴപ്പം മുതലെടുത്ത് ലൂയിസ് റോമോ ഒഴിഞ്ഞുകിടന്ന കൊറിയൻ വലയിലേക്ക് പന്ത് തട്ടിയിടുകയായിരുന്നു (1-0). മത്സരത്തിലെ മികച്ച പ്രകടനത്തിന് റോമോയെ 'പ്ലെയർ ഓഫ് ദി മാച്ച്' ആയി തിരഞ്ഞെടുത്തു.

ഗോൾ വഴങ്ങിയതോടെ കൊറിയൻ കീപ്പർ കിം സങ്ഗ്യു കൂടുതൽ ജാഗ്രത പുലർത്തി. 75-ാം മിനിറ്റിൽ മെക്സിക്കോയുടെ സൂപ്പർ താരം റൗൾ ഹെമെനെസിന്‍റെ ഗോളെന്നുറച്ച ഒരു ക്ലോസ്റേഞ്ച് ഷോട്ട് അതിശയിപ്പിക്കുന്ന ഫ്ലെക്സിബിലിറ്റിയോടെ കിം തട്ടിയകറ്റി.

മറുഭാഗത്ത് കളി അവസാനിക്കാൻ മൂന്ന് മിനിറ്റ് ബാക്കിനിൽക്കെ കൊറിയ സമനിലയ്ക്കായി വൻ ആക്രമണം നടത്തി. കൊറിയൻ താരങ്ങളായ ചോ ഗുവെസങ്, യാങ് ഹ്യുൻജുൻ എന്നിവർ തൊടുത്ത തുടരൻ ഷോട്ടുകൾ മെക്സിക്കൻ ഗോളി റൗൾ റാഞ്ചൽ അവിശ്വസനീയമായ ഒരു 'ഡബിൾ സേവിലൂടെ' തടഞ്ഞിട്ടതോടെ മെക്സിക്കോ തങ്ങളുടെ വിജയം കാത്തുസൂക്ഷിച്ചു.

ഈ വിജയത്തോടെ മെക്സിക്കൻ ഫുട്ബോൾ ടീം തങ്ങളുടെ ചരിത്രത്തിലാദ്യമായി തുടർച്ചയായ മൂന്ന് ലോകകപ്പ് മത്സരങ്ങൾ വിജയിച്ചു എന്ന അപൂർവ റെക്കോർഡും സ്വന്തമാക്കി.

മത്സരം കഠിനമായിരുന്നു എന്ന് മെക്സിക്കൻ പരിശീലകൻ ഹാവിയർ അഗീരെ പ്രതികരിച്ചു. കൊറിയയെ ഞങ്ങൾക്ക് നന്നായി അറിയാം. അവർ ഞങ്ങളെ കടുത്ത സമ്മർദത്തിലാക്കി. അവർ ഞങ്ങൾക്ക് സ്പേസ് ഒന്നും നൽകിയില്ല, ഞങ്ങൾ അവർക്കും നൽകിയില്ല. ഒടുവിൽ, ആര് വരുത്തുന്ന ഒരു പിഴവാണോ അത് മത്സരത്തിൽ വ്യത്യാസം വരുത്തുമെന്ന് ഉറപ്പായിരുന്നു. ഇതൊരു മികച്ച മത്സരമായിരുന്നില്ല, ഞങ്ങളെ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ എതിരാളികൾ അനുവദിച്ചതുമില്ല- അദ്ദേഹം വിലയിരുത്തി.

പദ്ധതിയിട്ടതുപോലെ തന്നെയാണ് കളിച്ചതെങ്കിൽ ഗോൾ വഴങ്ങിയ രീതി തികച്ചും നിരാശാജനകമായിപ്പോയെന്ന് കൊറിയൻ പരിശീലകൻ ഹോങ് മ്യുങ്ബോ വെളിപ്പെടുത്തി. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ഞങ്ങൾ സർവസ്വവും നൽകി പോരാടും. കളിക്കാരോട് ശാന്തത പാലിക്കാനും സ്വന്തം ശൈലിയിൽ കളിക്കാനും ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കളി മോശമായിരുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

logo
Metro Vaartha
www.metrovaartha.com