

ഫിഫ ലോകകപ്പ് പ്രീ ക്വാർട്ടറിൽ ക്യാനഡയ്ക്കെതിരേ ഇരട്ട ഗോൾ നേടിയ മൊറോക്കോയുടെ അസെദ്ദിൻ ഔനാഹി.
ഹൂസ്റ്റൺ: സഹ-ആതിഥേയരായ ക്യാനഡയുടെ ലോകകപ്പ് സ്വപ്നങ്ങൾക്ക് അന്ത്യം കുറിച്ച് മൊറോക്കോ വീണ്ടും ക്വാർട്ടർ ഫൈനലിലേക്ക്. ഹൂസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ റൗണ്ട് ഓഫ് 16 പോരാട്ടത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് (3-0) മൊറോക്കോ വടക്കേ അമേരിക്കൻ കരുത്തരെ തകർത്തത്.
രണ്ടാം പകുതിയിൽ മിഡ്ഫീൽഡർ അസ്സെദ്ദീൻ ഔനാഹി നേടിയ ഇരട്ട ഗോളുകളും ഇഞ്ചുറി ടൈമിൽ സുഫിയാൻ റഹീമി നേടിയ മൂന്നാം ഗോളുമാണ് ആഫ്രിക്കൻ വമ്പന്മാർക്ക് തുടർച്ചയായ രണ്ടാം ലോകകപ്പിലും ക്വാർട്ടർ ഫൈനൽ ബർത്ത് സമ്മാനിച്ചത്. ഈ വിജയത്തോടെ ലോകകപ്പ് ചരിത്രത്തിൽ ഒന്നിലധികം തവണ ക്വാർട്ടർ ഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യമെന്ന ചരിത്രനേട്ടവും മൊറോക്കോ സ്വന്തമാക്കി. ജൂലൈ 9-ന് ബോസ്റ്റണിൽ നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ഫ്രാൻസിനെയാണ് മൊറോക്കോ നേരിടുക.
മത്സരത്തിന്‍റെ ആദ്യ പകുതിയിൽ മികച്ച ഊർജ്ജത്തോടെയാണ് ക്യാനഡ തുടങ്ങിയത്. ഉയർന്ന പ്രെസ്സിംഗിലൂടെ മൊറോക്കൻ പ്രതിരോധത്തെ അവർ നിരന്തരം പരീക്ഷിച്ചു. മൊറോക്കൻ പ്രതിരോധത്തിന്‍റെ പിഴവ് മുതലെടുത്ത് അലി അഹമ്മദ് നൽകിയ പാസിൽ നിന്ന് താനി ഒലുവസേയിക്ക് മത്സരത്തിലെ ആദ്യ സുവർണാവസരം ലഭിച്ചു. ഒലുവസേയി പ്രതിരോധനിരയെ വെട്ടിച്ച് തൊടുത്ത ലോ ഷോട്ട്, ക്യാനഡയിൽ ജനിച്ച മൊറോക്കൻ ഗോൾകീപ്പർ യാസിൻ ബോണോ ഇടതുകാൽ കൊണ്ട് അതിസാഹസികമായി തട്ടിയകറ്റി.
കളിയുടെ താളം കണ്ടെത്താൻ ബുദ്ധിമുട്ടിയ മൊറോക്കോയ്ക്ക് 22-ാം മിനിറ്റിൽ മറ്റൊരു തിരിച്ചടിയും നേരിട്ടു. ഈ ടൂർണമെന്‍റിലെ അവരുടെ ടോപ്പ് സ്കോററായ ഇസ്മായിൽ സൈബാരിക്ക് പരുക്കേറ്റ് കളം വിടേണ്ടി വന്നു. പകരക്കാരനായി സുഫിയാൻ റഹീമി കളത്തിലിറങ്ങി. ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചു.
രണ്ടാം പകുതിയിൽ തികച്ചും വ്യത്യസ്തമായ മൊറോക്കോയെയാണ് ഹൂസ്റ്റണിൽ കണ്ടത്. സൈബാരിയുടെ അഭാവത്തിൽ മധ്യനിരയുടെ ചുമതലയേറ്റെടുത്ത അസ്സെദ്ദീൻ ഔനാഹി ടീമിന്‍റെ രക്ഷകനായി മാറി. 50-ാം മിനിറ്റിൽ ആദ്യ ഗോളും വീണു. ഫ്രീക്കിക്ക് തന്ത്രത്തിൽ നിന്നാണ് മൊറോക്കോ ആദ്യ ഗോൾ കണ്ടെത്തിയത്. വലതുവിങ്ങിൽ നിന്നും അഷ്റഫ് ഹക്കീമി ബോക്സിന്‍റെ മധ്യഭാഗത്തേക്ക് (D-area) നൽകിയ പാസ്, ഒരൊറ്റ ടച്ചിലൂടെ ഫസ്റ്റ് ടൈം ഷോട്ടിലൂടെ ഔനാഹി ക്യാനഡ ഗോളി മാക്സിം ക്രെപ്പോയെ മറികടന്ന് വലയിലെത്തിച്ചു.
82-ാം മിനിറ്റിൽ ഔനാഹി ടീമിന്‍റെ ലീഡ് ഉയർത്തി. ക്യാനഡ സമനിലയ്ക്കായി ആക്രമണം ശക്തമാക്കുന്നതിനിടെ മൊറോക്കോ നടത്തിയ ഒരു മനോഹരമായ കൗണ്ടർ അറ്റാക്കിനൊടുവിലാണ് രണ്ടാം ഗോൾ പിറന്നത്. ബ്രാഹിം ഡയസ് നൽകിയ പാസ് സ്വീകരിച്ച് ഔനാഹി പന്ത് ഗോൾവലയുടെ മുകൾത്തട്ടിലേക്ക് അടിച്ചുകയറ്റി.
ചരിത്ര നേട്ടം: ലോകകപ്പിന്‍റെ നോക്കൗട്ട് ഘട്ടത്തിൽ ഒരു മത്സരത്തിൽ ഇരട്ട ഗോൾ നേടുന്ന രണ്ടാമത്തെ മാത്രം ആഫ്രിക്കൻ താരമെന്ന റെക്കോർഡ് ഔനാഹി സ്വന്തമാക്കി. 2002-ൽ സ്വീഡനെതിരെ രണ്ട് ഗോൾ നേടിയ സെനഗലിന്‍റെ ഹെൻറി കമാരയാണ് ഇതിനു മുൻപ് ഈ നേട്ടം കൈവരിച്ചത്.
രണ്ട് ഗോളിന് പിന്നിലായതോടെ ക്യാനഡ പൂർണമായി തകർന്നു. കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ മൊറോക്കോ തങ്ങളുടെ മൂന്നാം ഗോളും നേടി. ഇഞ്ചുറി ടൈമിന്‍റെ എട്ടാം മിനിറ്റിലായിരുന്നു ഇത്. സൂപ്പർ താരം ബ്രാഹിം ഡയസ് നൽകിയ ത്രൂ ബോൾ സ്വീകരിച്ച് സുഫിയാൻ റഹീമി കൃത്യമായ ഫിനിഷിങ്ങിലൂടെ ക്യാനഡയുടെ വല കുലുക്കി (3-0).
ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഒരു മത്സരം ജയിച്ചതിന്‍റെയും പ്രീ-ക്വാർട്ടർ വരെയെത്തിയതിന്‍റെയും അഭിമാനത്തോടെയാണ് ക്യാനഡ കളം വിടുന്നത്. എന്നാൽ ഖത്തർ ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളായ മൊറോക്കോ തങ്ങൾ ഇത്തവണയും കിരീടപ്പോരാട്ടത്തിന് സന്നദ്ധരാണെന്ന് ഈ ആധികാരിക വിജയത്തോടെ പ്രഖ്യാപിച്ചിരിക്കുകയാണ്. മത്സരത്തിലെ മികച്ച താരമായി അസ്സെദ്ദീൻ ഔനാഹിയെ തെരഞ്ഞെടുത്തു.