ബെസ്റ്റ് അല്ല, ഇവൻ ബീസ്റ്റ്- മാർക്ക് കുക്കുറെയ

മാർക്ക് കുക്കുറെയയുടെ ഓവർലാപ്പ് റണ്ണുകളും ഗോൾ അസിസ്റ്റുകളും ചേരുമ്പോൾ സ്പാനിഷ് ടീമിന്റെ ലെഫ്റ്റ് ബാക്ക് പൊസിഷൻ ലോകകപ്പിൽ ശ്രദ്ധാകേന്ദ്രമാക്കുന്നു
Cucurella Beast: Spain left-back dominates World Cup in defense and attack

സ്പെയിൻ ടീമിന്‍റെ ലെഫ്റ്റ് ബാക്ക് മാർക്ക് കുർക്കുറെയ എതിർ ടീമിന്‍റെ ഡിഫൻഡർമാർകും ഫോർവേഡുകൾക്കും ഒരുപോലെ തലവേദനയാകുന്നു.

MV Graphics

Updated on

റോബർട്ടോ കാർലോസും ഫിലിപ്പ് ലാമും ആഷ്‌ലി കോളുമൊക്കെ അടക്കി വാണ ഒരു പൊസിഷനുണ്ട് ലോക ഫുട്ബോളിൽ. പുൽമൈതാനങ്ങളിൽ കൊടുങ്കാറ്റൂതിയ ഒരുപാട് ഓവർലാപ്പ് റണ്ണുകൾക്ക് വിത്തുപാകിയ ലെഫ്റ്റ് ബാക്ക് പൊസിഷൻ. യോർഡി ആൽബ എന്ന ഇതിഹാസത്തിനു ശേഷം സ്പാനിഷ് ടീമിൽ ആ സ്ഥാനത്തേക്ക് വന്നവൻ മാർക്ക് കുക്കുറെയ. കാർമുകിൽക്കാടു പോലെ മുടിയിളക്കി ബോക്സ്-ടു-ബോക്സ് ഫുട്ബോളുമായി കളം നിറയുന്ന, ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച ലെഫ്റ്റ് ബാക്കുകളിൽ ഒരാൾ....

റൗളിനെയും ഡേവിഡ് വിയയെയും ഫെർണാണ്ടോ ടോറസിനെയും പോലെ ലെജൻഡറി സ്ട്രൈക്കർമാർ ഇല്ലാത്ത ഇന്നത്തെ സ്പാനിഷ് ടീം ടോട്ടൽ ഫുട്ബോളിന്‍റെ ക്ലാസിക് ഉദാഹരണമാണ്. അവരുടെ കൂട്ടത്തിൽ രണ്ട് അസിസ്റ്റുകളുമായി കളം നിറഞ്ഞു നിൽക്കുകയാണ് കുക്കുറെയ.

ടൂർണമെന്‍റിൽ ആറ് ക്ലീൻ ഷീറ്റുകളുള്ള ടീമിൽ ലാപോർട്ടെയ്ക്കും പോറോയ്ക്കും കുബാർസിക്കുമൊപ്പം ടീമിന്‍റെ പ്രതിരോധക്കോട്ടയിലെ വിശ്വസ്ത സാന്നിധ്യം. ഒപ്പം, ഇടതു വിങ്ങിലൂടെ ചാട്ടുളി പോലെ കുതിച്ച് ഏതു നിമിഷവും എതിർ ബോക്സിൽ അപകടം വിതയ്ക്കാൻ പ്രാപ്തിയുള്ളവൻ. വെറുതേയല്ല, ചെൽസിയിൽ നിന്ന് 600 കോടി രൂപയ്ക്ക് റയൽ മാഡ്രിഡ് അവനെ കുരുക്കിട്ടു പിടിച്ചത്!

ഫ്രാൻസിനെതിരായ സെമിഫൈനൽ പോരാട്ടത്തിനു ശേഷം കുക്കുറെയയെ സ്പാനിഷ് മാധ്യമങ്ങൾ വിശേഷിപ്പിച്ചത് ബീസ്റ്റ് എന്നാണ്. ലോകോത്തര ഫോർവേഡുകളായ ഒലീസെയെയും ഡെംബലെയെയും മാർക്ക് ചെയ്യാൻ ഒരൊറ്റ കുക്കുറെയ മാത്രം നിയോഗിക്കപ്പെട്ടപ്പോൾ തന്നെ ഉറപ്പായിരുന്നു, സ്പാനിഷ് കോച്ച് ലൂയി ഡെ ലാ ഫ്യൂന്‍റെയ്ക്ക് അയാളിലുള്ള വിശ്വാസം.

യൂറോ 2024-ൽ നിന്ന് ലോകകപ്പിലേക്ക് എത്തുമ്പോൾ, താൻ വെറുമൊരു ഡിഫൻഡർ മാത്രമല്ലെന്നും, എതിരാളികളുടെ ഏത് മുന്നേറ്റത്തെയും തകർക്കാൻ കെൽപ്പുള്ള ഒരു പോരാളിയാണെന്നും കൂടി കുക്കുറെയ തെളിയിച്ചുകഴിഞ്ഞു.

ടൂർണമെന്‍റിൽ ഒരു മഞ്ഞക്കാർഡ് കണ്ടു കഴിഞ്ഞെങ്കിലും, പൊതുവേ പരുക്കൻ ടാക്ലിങ്ങുകളുടെ ആളല്ല കുക്കുറെയ. കൃത്യമായ പൊസിഷനിങ്ങിലൂടെ എതിർ നീക്കങ്ങളുടെ മുനയൊടിക്കുന്ന മാൾഡീനി ശൈലിയാണ് കുക്കുറെയയുടേത്. ഒപ്പം, കാർലോസിനെയും കോളിനെയും പോലെ എതിർ ബോക്സിൽ പന്തെത്തിക്കാനും മിടുക്കൻ. ഈ ലോകകപ്പിൽ രണ്ട് അസിസ്റ്റുകൾ അദ്ദേഹം ഇതിനകം നൽകിക്കഴിഞ്ഞു.

അലക്സ് ബയേനയും ലമിൻ യമാലും കുന്തമുനകളാകുന്ന സ്പാനിഷ് ആക്രമണങ്ങൾക്ക് കരുത്ത് പകരുന്നത് വിങ് ബാക്കുകളായ കുർക്കുറെയയും പെഡ്രോ പോറോയും കൂടി ചേർന്നാണ്. ഫ്രാൻസിനെതിരായ മത്സരത്തിൽ യമാലിനെ വീഴ്ത്തിയതിനു കിട്ടയ പെനാൽറ്റിയുടെ തുടക്കം കുക്കുറെയയുടെ ക്രോസിൽ നിന്നായിരുന്നു എന്നത് അദ്ദേഹത്തിന്‍റെ ആക്രമണോത്സുകതയ്ക്കു തെളിവാണ്. ലോകകപ്പ് ഫൈനലിൽ കളിക്കാനിറങ്ങുമ്പോൾ, എതിർ ടീം ഏതായാലും അവരുടെ റൈറ്റ് ബാക്കിനും റൈറ്റ് വിങ്ങർക്കും ഒരുപോലെ പേടിസ്വപ്നമായിരിക്കും കുർക്കുറെയ.

logo
Metro Vaartha
www.metrovaartha.com