

ഒമർ മർമൗഷിൽനിന്ന് (ചിത്രത്തിൽ ഇല്ല) പന്ത് റാഞ്ചുന്ന ലിയാൻഡ്രോ പരെഡെസ്. മുഹമ്മദ് സലാ സമീപം.
ഈജിപ്റ്റിനെതിരേ 13 മിനിറ്റിൽ മൂന്ന് ഗോളടിച്ച് അർജന്‍റീന അവിശ്വസനീയമായി തിരിച്ചുവരുമ്പോൾ ലയണൽ മെസിക്കൊപ്പം വാഴ്തപ്പെടാതെ പോകുന്ന ഒരു പേരുണ്ട്- ലിയാൻഡ്രോ പരെഡെസ്. ഈജിപ്ഷ്യൻ ആക്രമണത്തിന്‍റെ മലവെള്ളപ്പാച്ചിലിനെ മുറം കൊണ്ടു തടുത്ത ഒരൊറ്റ ടാക്കിൾ മതി അയാളെ ഫുട്ബോൾ ചരിത്രം എന്നെന്നും ഓർത്തുവയ്ക്കാൻ. ഒപ്പം, അർജന്‍റീനയുടെ എക്കാലത്തെയും മികച്ച ഡിഫൻസിവ് മിഡ്ഫീൽഡർ ഫെർണാണ്ടോ റെഡോൻഡോയുടെയും ഇതിഹാസതുല്യനായ ഹാവിയർ മഷരാനോയുടെയും നിരയിലേക്ക് ഈ ലോകകപ്പോടെ അയാൾ ഉയർത്തപ്പെടുകയാണ്.
മഷെറാനോ ഊരിയിട്ടു പോയ വലിയ ബൂട്ടുകൾക്കു പാകമാകും വിധം പരെഡെസിന്‍റെ കാലുകൾ വളർച്ച പ്രാപിച്ചിരിക്കുന്നു. പ്രീമിയർ ലീഗിന്‍റെയോ ലാ ലിഗയുടെയോ താരപ്പൊലിമയില്ലാത്ത അയാളെ ലാറ്റിനമെരിക്കയ്ക്കു പുറത്ത് തിരിച്ചറിയാൻ ബുദ്ധിമുട്ടായിരിക്കും. പക്ഷേ, ബോക്ക ജൂനിയേഴ്സ് താരത്തെ അർജന്‍റൈൻ കോച്ച് ലയണൽ സ്കലോണി കൃത്യമായി തന്‍റെ പദ്ധതികളിൽ വിനിയോഗിക്കുന്നുണ്ട്. റോഡ്രിഗോ ഡിപോളും അലക്സി മക്അലിസ്റ്ററും ലിസാൻഡ്രോ മാർട്ടിനസും അടങ്ങുന്ന മധ്യനിരയ്ക്കും, പ്രവചനാതീത സ്വഭാവത്തിൽ കുപ്രസിദ്ധിയാർജിച്ച പ്രതിരോധത്തിനുമിടയിലാണ് അവന്‍റെ സ്ഥാനം.
ഇത്തവണ പ്രീ ക്വാർട്ടറിൽ അർജന്‍റീന - ഈജിപ്റ്റ് മത്സരം 2-2 എന്ന സ്കോറിൽ അവസാന നിമിഷങ്ങളിലേക്ക് നീങ്ങുമ്പോൾ, അർജന്‍റീന ബോക്സിനെ ലക്ഷ്യമാക്കി മൂന്ന് ഈജിപ്ഷ്യൻ താരങ്ങൾ ചേർന്നു നടത്തിയ മാരക വേഗത്തിലുള്ള കൗണ്ടർ അറ്റാക്ക് ഗോൾ ഉറപ്പിച്ചതായിരുന്നു. എന്നാൽ, മൈതാനത്തിന്‍റെ മധ്യത്തിൽ നിന്നു മിന്നൽ വേഗത്തിൽ ട്രാക്ക് ബാക്ക് ചെയ്ത് പരെഡെസ് നടത്തിയ ആ 'ലാസ്റ്റ്-മാൻ ടാക്കിൾ' അർജന്‍റീനയെ മത്സരത്തിൽ നിലനിർത്തി. ഉമർ മർമൗഷിന്‍റെ കാലുകളിൽ നിന്ന് പരെഡെസ് നീറ്റായി തട്ടിയെടുത്ത ആ പന്തിൽ നിന്ന് എൻസോ ഫെർണാണ്ടസ് പിന്നീട് അർജന്‍റീനയുടെ വിജയഗോളും നേടി. 129 ടച്ച്, പിഴവില്ലാത്ത 103 പാസ്, 11 ബോൾ റിക്കവറി... ഈ മത്സരത്തിലെ ഹീറോ പരെഡെസ് തന്നെയായിരുന്നു എന്ന് നിസംശയം പറയാം.
പരെഡെസിന്‍റെ ആദ്യത്തെ ലോകകപ്പ് ഹീറോയിസമായിരുന്നില്ല ഇത്. അർജന്‍റീനയുടെ ജേഴ്സിയിൽ കളിച്ച എല്ലാ ലോകകപ്പ് മത്സരങ്ങളിലും ലയണൽ സ്കലോണിയുടെ ഏറ്റവും വിശ്വസ്തനായ രഹസ്യായുധം അയാൾ തന്നെയായിരുന്നു.
2022ൽ അർജന്‍റീന ഖത്തറിൽ ലോകകിരീടം ചൂടുമ്പോൾ മധ്യനിരയിൽ കളി മെനഞ്ഞതും, നെതർലൻഡ്സിനെതിരായ ക്വാർട്ടറിലും ഫ്രാൻസിനെതിരായ ഫൈനലിലും ഐസ് കൂളായി പെനാൽറ്റികൾ വലയിലെത്തിച്ചതും പരെഡെസ് ആയിരുന്നു.
ഇത്തവണ ഗ്രൂപ്പ് ഘട്ടത്തിലെ പരുക്കിനു ശേഷമാണ് മുഴുവൻ കരുത്തോടെയുള്ള തിരിച്ചുവരവ്. 94% പാസിങ് അക്യുറസി, പ്രതിരോധത്തിൽ അസാധ്യ ടാക്റ്റിക്കൽ അച്ചടക്കം. എൻസോ ഫെർണാണ്ടസിനും മാക് അലിസ്റ്ററിനും സ്വതന്ത്രമായി ആക്രമിച്ചു മുന്നേറാൻ കിട്ടുന്ന ആ ധൈര്യത്തിന്‍റെ പേരാണ് ലിയാൻഡ്രോ പരെഡെസ്.
അർജന്‍റൈൻ ഇതിഹാസങ്ങളുടെ നിരയിലേക്കുയർന്ന 2018 ലോകകപ്പോടെയാണ് മഷെറാനോ വിരമിക്കുന്നത്. അതിനു ശേഷം അർജന്‍റൈൻ മധ്യനിരയിൽ ഒഴിഞ്ഞു കിടന്ന 'ഡിസ്ട്രോയർ' റോളാണ് പരെഡെസ് തന്‍റെ തനതായ ശൈലിയിലൂടെ പൂരിപ്പിക്കുന്നത്. മഷെറാനോയെപ്പോലെ എതിരാളികളുടെ മുന്നേറ്റങ്ങളെ കഠിനമായ ടാക്കിളുകളിലൂടെ തകർക്കാൻ അവനു ഭയമില്ല. മഷെറാനോ ഡിഫൻസീവ് മിഡ്ഫീൽഡർ മാത്രമായിരുന്നെങ്കിൽ, പരെഡെസ് പ്രതിരോധത്തിനൊപ്പം കളി മെനയുന്ന ഡീപ്പ്-ലൈയിങ് പ്ലേമേക്കർ കൂടിയാണ്. പിൻനിരയിൽ നിന്ന് കൃത്യമായ ലോങ് ബോളുകളിലൂടെ മുന്നറ്റത്ത് മെസിക്കും മറ്റു ഫോർവേഡുകൾക്കും പന്തെത്തിക്കുന്നതിൽ വിദഗ്ധൻ.
അർജന്‍റീനയുടെ കുപ്പായത്തിൽ, ഡിഫൻസിവ് കരുത്തിന്‍റെയും ക്രിയേറ്റിവ് സൗന്ദര്യത്തിന്‍റെയും സമന്വയമായി ഈ മുപ്പത്തിരണ്ടുകാരൻ ഈ ലോകകപ്പോടെ സ്വയം അടയാളപ്പെടുത്തിക്കഴിഞ്ഞു.